ഗൂഗ്ള്‍ പേ നിയമങ്ങള്‍ ലംഘിക്കുന്നു? ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍

പേടിഎം കഴിഞ്ഞാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഈ ലോക്ഡൗണില്‍ ഏറ്റവുമധികം മണി ട്രാന്‍സ്ഫര്‍ നടന്ന ആപ്ലിക്കേഷനാണ് ഗൂഗ്‌ളിന്റെ മണി പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗ്ള്‍ പേ. നേരത്തെ തന്നെ ആപ്പിന്റെ സ്വകാര്യ ചോര്‍ച്ചയെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ വന്നിരുന്നുവെങ്കിലും ഗൂഗ്ള്‍ പേയെ അതൊന്നും ബാധിച്ചിരുന്നില്ല. ഇപ്പോളിതാ ഗൂഗ്ള്‍ പേ യുപിഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയിരിക്കുകയാണ് ഒരാള്‍. സുബം കാപാലെ എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇത് സംബന്ധിച്ച പരാതി റിസര്‍വ് ബാങ്ക്, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗ്ള്‍ പേ എന്നിവര്‍ക്ക് നല്‍കിയിരുന്നതായും ഹര്‍ജി നല്‍കിയ സുബം കാപാലെ പറയുന്നു. ഉപഭോക്താവിന്റെ കൈവശം നിലവിലുള്ള യുപിഐ ഐഡി ഉപയോഗിച്ച് തന്നെ എല്ലാ യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്ലിക്കേഷനിലും ഇടപാട് നടത്താന്‍ സാധിക്കണമെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഗൂഗ്ള്‍ പേ പുതിയ ഐഡിക്കായി ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗൂഗ്ള്‍ പേയില്‍ നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന ആരോപണം. ഇത് യുപിഐയുടെ വ്യവസ്ഥകളുടെ ലംഘനമാണ്. ആപ്ലിക്കേഷനില്‍ പുതിയതായി ചേരുന്നവര്‍ പുതിയ യുപിഐ ഐഡിയോ വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ്സോ (വിപിഎ) ഉണ്ടാക്കണമെന്നാണ് ഗൂഗ്ള്‍ പേയില്‍ ആവശ്യപ്പെടുന്നത്. ഇത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്നാണ് വാദം. ഹര്‍ജിയില്‍ ഈ മാസം 14ന് ഹൈക്കോടതി വാദം കേള്‍ക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline