ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഈ പാദവര്‍ഷം കുറയില്ല

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വെട്ടിക്കുറയ്‌ക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി. ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് അവലോകന യോഗം തീരുമാനിച്ചത് റിസര്‍വ് ബാങ്കിന്റെ പരോക്ഷ എതിര്‍പ്പു മറികടന്നാണ്.

2016 ഏപ്രില്‍ 1 മുതല്‍ ശ്യാമള ഗോപിനാഥ് പാനലിന്റെ ശുപാര്‍ശകള്‍ പ്രകാരം, 12 ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഓരോ പാദത്തിന്റെ അവസാനത്തിലും അവലോകനം ചെയ്ത് അടുത്ത പാദത്തില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുകയെന്നതാണ് പതിവു രീതി.നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയും പലിശ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

പലിശ കുറച്ചാല്‍ സാധാരണക്കാര്‍, കര്‍ഷകര്‍, സ്ത്രീകള്‍, ഇടത്തരം വരുമാനക്കാര്‍, വിശ്രമ ജീവിതം നയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കത് വലിയ തിരിച്ചടിയാകുമെന്ന വാദത്തിന് അവലോകന യോഗത്തിന് ബലമേറി.രാജ്യത്ത് സാമ്പത്തിക മാന്ദ്യവും അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയും കുറച്ച് ജനരോഷമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന അഭിപ്രായം വ്യാപകമായിരുന്നു.

പോസ്റ്റോഫീസ് സേവിംഗ് സ്‌കീമുകള്‍ക്ക് പുറമെ നാഷണല്‍ സേവിംഗ് സ്‌കീമുകള്‍ (എന്‍എസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാന്‍ വികാസ് പത്ര (കെവിപി) എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. നികുതി ലാഭിക്കാനായി ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വരുമാനം ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ശമ്പളക്കാര്‍ക്കിടയിലും ജനപ്രിയമാണിവ.ചെറുകിട സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് നിലവില്‍ വാണിജ്യ ബാങ്കുകളിലെ നിരക്കിനേക്കാള്‍ ശരാശരി 100 ബേസിസ് പോയിന്റ് വരെ കൂടുതലാണ്.

ഈ വര്‍ഷം ഇതുവരെ ബാങ്ക് നിക്ഷേപ പലിശനിരക്ക് കുറഞ്ഞത് ശരാശരി 0.50 ശതമാനമാണ്. ഇത് ബാങ്ക് നിക്ഷേപങ്ങളെ അനാകര്‍ഷകമാക്കി. പലിശ കുറയുന്നതോടെ ഉപഭോക്താക്കള്‍ ബാങ്കുകളെ കൈവിട്ട് ഉയര്‍ന്ന പലിശ കിട്ടുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് നീങ്ങും. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയും കുറച്ചാല്‍, ഈ തിരിച്ചടി ഒഴിവാക്കാമെന്ന ആശയമാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ, വിപണി നിരക്കിന് അനുസൃതമായി കുറയ്ക്കണമെന്നതായിരുന്നു ആവശ്യം. നിലവില്‍, ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ. ചെറുകിട സമ്പാദ്യങ്ങള്‍ക്ക് 7.6 ശതമാനം മുതല്‍ 8.7 ശതമാനം വരെയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it