ജില്ലാ, സംസ്ഥാന സഹകരണ ബാങ്ക് ലയന നടപടി തുടങ്ങി; കേരള ബാങ്ക് ജനറല്‍ ബോഡി യോഗം ഉടന്‍

ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കേരള ബാങ്ക് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുന്നതിനുള്ള നിയമപരമായ ലയന നടപടി ആരംഭിച്ചു. ഇതിനു മേല്‍നോട്ടം വഹിക്കുന്നതിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന-റിസോര്‍സ് സെക്രട്ടറി സഞ്ജീവ് കൗശിക്, കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ്ജ് എന്നിവരെ ആദ്യത്തെ ഇടക്കാല ഭരണസമിതി അംഗങ്ങളായി നിയമിച്ചു.

പതിമൂന്ന് ജില്ലാ ബാങ്കുകള്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപികരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. ജില്ലാ ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അവസാനിപ്പിച്ചാണ് സര്‍ക്കാര്‍ ഇടക്കാല ഭരണസമിതിക്കു രൂപം നല്‍കിയത്. ഇടക്കാല ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷമെന്നു നിശ്ചയിച്ചിട്ടുണ്ട്.സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളില്‍ നാളിതുവരെ നടന്നു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇടക്കാല ഭരണസമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കിനോട് ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിച്ചത്. മലപ്പുറം ജില്ലാ ബാങ്ക് ഭരണസമിതി നിലപാട് മാറ്റുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കേരള ബാങ്ക് രൂപീകരണത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതോടെയാണ് കേരള ബാങ്ക് യാഥാര്‍ഥ്യമായത്. ലയനശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ജനറല്‍ ബോഡി ഡിസംബറില്‍ ചേരും. ബൈലോ ഭേദഗതിയാണ് അജണ്ട. ജനുവരി ഒന്നിന് ബാങ്കിന്റെ സേവനങ്ങളും ഉല്‍പന്നങ്ങളും ഏകീകരിക്കും.

യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി.എസ്.രാജന്‍ കേരളബാങ്ക് സി.ഇ.ഒ ആയി ജനുവരിയില്‍ ചുമതലയേല്‍ക്കും. ജീവനക്കാരുടെ ലയനം മാര്‍ച്ചിനകം പൂര്‍ത്തിയാക്കാനുള്ള പ്രാഥമിക നടപടി തുടങ്ങി. ഉദ്യോഗസ്ഥ ഘടനയും ഏകീകരിക്കും. കോര്‍ബാങ്കിങ് സംവധാനം, എ.ടി.എം എന്നിവ സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും. കോര്‍ബാങ്കിങ്ങിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.ബാങ്കിന്റെ ലോഗോ, കളര്‍ സ്‌കീം എന്നിവ ആര്‍ബിഐയുടെ അനുമതിയോടെ പുറത്തിറക്കും. സംസ്ഥാനജില്ലാ ബാങ്കുകളുടെ കെട്ടിടങ്ങളുടെ നവീകരണം ആറുമാസത്തിനകം പൂര്‍ത്തിയാക്കും. ബാങ്കിങ് നയം പ്രഖ്യാപിക്കാന്‍ ധാരണയായിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലകളില്‍ വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.സഹകരണമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും കേരള ബാങ്ക് വഴിയൊരുക്കും. നിലവില്‍ സംസ്ഥാന-ജില്ലാസഹകരണബാങ്കുകളുടെ ഉല്‍പന്നങ്ങളും, സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി 1 മുതല്‍ ഇത് പൂര്‍ണ്ണമായും നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it