ആശ്വസിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; നെറ്റ്ബാങ്കിംഗ് തകരാര്‍ പരിഹരിച്ചു

എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, അപ്ലിക്കേഷന്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. മൂന്ന് ദിവസം നീണ്ട സാങ്കേതിക തകരാര്‍ ഇന്നലെ രാത്രിയോടെയാണ് പൂര്‍ണ്ണമായി പരിഹരിച്ചത്.
സാങ്കേതിക തകരാറിലായിരുന്ന ഞങ്ങളുടെ നെറ്റ്ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പ് പ്ലാറ്റ്ഫോമുകള് സ്ഥിരത കൈവരിച്ചിരിക്കുന്നു. എല്ലാ അസൗകര്യങ്ങള്‍ക്കും ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു- ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
2019 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ ബാങ്ക് അവാര്‍ഡ് ലഭിച്ച എച്ച്ഡിഎഫ്സി ബാങ്കിലെ 90% ഇടപാടുകളും ഡിജിറ്റല്‍ ആണ്.തകരാര്‍ മൂലം നിരവധി തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. വായ്പാ ഇഎംഐകള്‍ അടയ്ക്കാനോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തീര്‍പ്പാക്കാനോ സാധിക്കാതിരുന്നതിനാല്‍ ഉപഭോക്താക്കളുടെ രോഷ പ്രകടനം തീവ്രമായിരുന്നു.
മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞ വര്‍ഷം സമാനമായ സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു.'എച്ച്ഡിഎഫ്സി ബാങ്ക് മാനേജ്മെന്റ് മണിക്കൂറുകളെടുത്തല്ല മിനിറ്റുകള്‍ക്കുള്ളില്‍ ഈ തകരാറുകള്‍ പരിഹരിക്കേണ്ടതായിരുന്നു. കാരണം ബാങ്കിംഗ് ഇപ്പോള്‍ സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല ഒരു വലിയ ഉപഭോക്തൃ അടിത്തറ സ്വന്തമായുള്ളതും പ്രധാനമാണ്'- വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ക്രാന്തി ബതിനി അഭിപ്രായപ്പെട്ടു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline