എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊബൈല്‍ ആപ്പ് , നെറ്റ് ബാങ്കിംഗ് തകരാര്‍ രണ്ടാം ദിനവും നീളുന്നു

മാസാരംഭത്തില്‍ ശമ്പളം വാങ്ങുന്ന സമയത്തു തന്നെ ആപ്പിന് 'പാര' വന്നതിലെ പ്രതിഷേധവും നൈരാശ്യവും സോഷ്യല്‍ മീഡിയയില്‍

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനും ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും രണ്ടു ദിവസമായി തകരാറില്‍. സാങ്കേതികക്കുഴപ്പം പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ രംഗത്തുണ്ടെന്ന ഉറപ്പ് ബാങ്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കവേ, സേവനങ്ങള്‍ കിട്ടാതെ ക്‌ളേശത്തിലായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രോഷം വിളമ്പിക്കൊണ്ടിരിക്കുന്നു.

ബാങ്കിന്റെ വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സാധാരണ പ്രതികരണം ലഭിക്കുന്നു: ‘പ്രിയ ഉപയോക്താവേ, നിലവില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളില്‍ നിന്ന് വളരെയധികം ലോഡ് പ്രോസസ്സ് ചെയ്യുന്ന തിരക്കിലാണ് നെറ്റ് ബാങ്കിംഗ് സിസ്റ്റം. കുറച്ച് സമയത്തിന് ശേഷം ശ്രമിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സഹകരണത്തിന് നന്ദി.’  

മാസാരംഭത്തില്‍ ശമ്പളം വാങ്ങുന്ന സമയത്തു തന്നെ ആപ്പിന് ‘പാര’ വന്നു വീണല്ലോയെന്ന നൈരാശ്യമാണ് പല ഉപഭോക്താക്കള്‍ക്കും. അതേസമയം, അനാവശ്യമായ ആശങ്കകള്‍ക്ക് കാരണമൊന്നുമില്ലെന്നും പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ബാങ്ക് ഉറപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ഓഹരിനിക്ഷേപത്തിന്റെ  കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന് മൊത്തം 4.5 കോടി ഉപയോക്താക്കളുണ്ട്. ബിസിനസുകാര്‍ ഉള്‍പ്പെടെ ദൈനംദിന ഇടപാടുകള്‍ നടത്താന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവരാണ് അതില്‍ നല്ലൊരു ശതമാനം.

‘നിങ്ങളുടെ ബാങ്കിംഗ് അനുഭവത്തിന് എന്ത് സംഭവിച്ചു? ഉപയോക്താവില്‍ നിന്ന് നിരക്കുകള്‍ ഈടാക്കുമ്പോള്‍, നിങ്ങള്‍ വളരെ കൃത്യമാണ്. എന്നാല്‍ സേവനം നല്‍കേണ്ടിവരുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു? ‘സോഷ്യല്‍ മീഡിയയില്‍ പലരുടെയും  ചോദ്യം. മറ്റൊരു ഉപഭോക്താവ് ട്വീറ്റ് ചെയ്തു: ‘നേരത്തെ പുതിയ ആപ്ലിക്കേഷന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടായിരുന്നു. ഇത് വളരെക്കാലം തുടര്‍ന്നു. ഇപ്പോഴാകട്ടെ നിങ്ങളുടെ അപ്ലിക്കേഷനും വെബ്സൈറ്റും ആക്സസ് ചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇത് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനങ്ങളാകയാല്‍ നിര്‍ണ്ണായകമാണ് എല്ലാവര്‍ക്കും.’ അതേസമയം, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ക്ക് വില 0.64 ശതമാനം കുറഞ്ഞതും നെറ്റ് ബാങ്കിംഗ് തകരാറുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here