ഇപിഎഫ് പലിശ നിരക്ക് കൂട്ടി 8.65 ശതമാനമാക്കി

ഈ സാമ്പത്തിക വര്‍ഷത്തെ (2018-2019) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശ നിരക്ക് 8.65 ശതമാനമായി ഉയര്‍ത്തി. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചതാണ് ഈ വിവരം.രാജ്യത്തെ ആറു കോടി തൊഴിലാളികള്‍ക്ക് ഇതു പ്രയോജനം ചെയ്യും.8.55 ശതമാനമായിരുന്നു 2017-18 വര്‍ഷത്തെ നിരക്ക്.

ഇപിഎഫ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണെങ്കിലും ധനമന്ത്രാലയത്തിന്റെ സമ്മതത്തിന് ശേഷം ഇത് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിക്കുകയാണു പതിവ്. ഫെബ്രുവരി 19 ന് നടന്ന സിബിടി യോഗത്തില്‍ ട്രസ്റ്റിമാര്‍ 8.65 ശതമാനം നിരക്കെന്നു തീരുമാനമെടുത്തിരുന്നു. പക്ഷേ,
അഞ്ച് മാസത്തോളമായി ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് കാരണം തൊഴില്‍ മന്ത്രാലയത്തിന് നിരക്ക് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിരക്ക് 10 ബേസിസ് പോയിന്റുകളെങ്കിലും കുറയ്ക്കണമെന്ന നിലപാടിലായിരുന്നു ധനമന്ത്രാലയം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു 2017-2018 സാമ്പത്തിക വര്‍ഷം നല്‍കിയ 8.55%. 2015-16ല്‍ 8.8%, 2013-14ലും 201415ലും 8.75%, 201213ല്‍ 8.5% എന്നിങ്ങനെയായിരുന്നു പലിശ നിരക്ക്.സന്തോഷ് ഗാംഗ്വാര്‍ അടുത്തിടെ ധനമന്ത്രി നിര്‍മ്മല സീതാരാമനെ സന്ദര്‍ശിച്ച് 8.65 ശതമാനം നിരക്ക് നല്‍കിയാലും മതിയായ ഇപിഎഫ് മിച്ചം അവശേഷിക്കുമെന്ന് വിശദീകരിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്.

സമാന സര്‍ക്കാര്‍ പദ്ധതികളേക്കാള്‍ ഇപിഎഫിന്റെ പലിശനിരക്ക് കൂടുതലാണ്. 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ധനകാര്യ മന്ത്രാലയം ജനറല്‍ പ്രൊവിഡന്റ് ഫണ്ടിനും (ജിപിഎഫ്) മറ്റ് സമാന ഫണ്ടുകള്‍ക്കുമുള്ള പലിശ നിരക്ക് 7.9 ശതമാനമായി കുറച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it