ഭവന വായ്പാ രംഗത്തേയ്ക്ക് ചുവടുവച്ച് ജിയോ വി.പി.എൽ. ഫിനാൻസ്

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി, ഭവന വായ്പാ രംഗത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ വി.പി.എൽ. ഫിനാൻസ്.

പ്രാരംഭഘട്ടത്തിൽ 3 ലക്ഷം രൂപ വരെയുള്ള വായ്പകളായിരിക്കും നൽകുക. മാത്രമല്ല, ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഓൺലൈൻ സ്വർണ വായ്പാ പദ്ധതിയും കമ്പനി ആരംഭിക്കുന്നുണ്ട്.

നിലവിൽ കേരളത്തിലും തമിഴ്നാട്ടിലുമായി 55 ബ്രാഞ്ചുകളുള്ള ജിയോ വി.പി.എൽ. ഫിനാൻസ്, ഒരു വർഷത്തിനുള്ളിൽ 25 പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ചെയർമാൻ കെ ജി ലോറെൻസ് പറഞ്ഞു. പ്രമുഖ ചലചിത്ര താരം സുഹാസിനിയെയാണ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (Asset Under Management) 250 കോടി രൂപയാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ജോയ്ന്റ് മാനേജിങ് ഡയറക്ടർ വിവേക് ലോറെൻസ് പറഞ്ഞു. നിലവിലിത് 112 കോടി രൂപയാണ്. ഉപഭോക്താക്കളുടെ എണ്ണം 50,000 ൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിൽ പ്രൈവറ്റ് ഇക്വിറ്റി, സെക്യുർ ഡിബഞ്ചർ എന്നിവ വഴി പണം സമാഹരിക്കാൻ പദ്ധതിയുണ്ടെന്നും വിവേക് കൂട്ടിച്ചേർത്തു. മാത്രമല്ല, പരസ്യത്തിനും ബ്രാൻഡിംഗിനും പ്രത്യേക ഊന്നൽ നൽകും.

കമ്പനിയുടെ സിൽവർ ജൂബിലി വേളയിൽ സുഹാസിനി കേന്ദ്ര കഥാപാത്രമായ ഒരു പരസ്യ ചിത്രവും റിലീസ് ചെയ്തു.

നിലവിൽ ഗോൾഡ് ലോൺ, വാഹന വായ്പ, വിദേശ കറൻസി എക്സ്ചേഞ്ച്, ട്രാവൽ എന്നീ മേഖലകളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.

കമ്പനിയുടെ സീ-ഫുഡ് ബിസിനസിനെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ജിയോ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കവേ മാനേജിങ് ഡയറക്ടറായ പ്രദീഷ് ലോറെൻസ് പറഞ്ഞു. നിലവിൽ 30 രാജ്യങ്ങളിലേക്ക് 4,000 ടൺ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടുതലും മൂല്യവർധിത ഉൽപന്നങ്ങളാണ്. ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it