അനധികൃത പണമിടപാടുകാരെ അകറ്റാന്‍ എന്തുചെയ്യണം?

by വി.പി നന്ദകുമാര്‍

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ആഗോള സാഹചര്യങ്ങളും ഒട്ടും മെച്ചമല്ല. മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ചയും ആവശ്യത്തിന് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയാത്തതുമെല്ലാം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. കാര്യങ്ങള്‍ ഇനിയും മോശമാകുമെന്ന സൂചനയുമുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പാ ലഭ്യത സുഗമമല്ലാത്തതാണ് സമ്പദ് രംഗത്തെ തളര്‍ച്ചയ്ക്ക് ഒരു കാരണം. കഴിഞ്ഞ വര്‍ഷത്തെ 14 ശതമാനം മൊത്ത വായ്പാ വളര്‍ച്ചയെ അപേക്ഷിച്ച് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള (തൊഴില്‍, കയറ്റുമതി എന്നിവയില്‍ നിര്‍ണായകമായ) സ്ഥാപന വായ്പാ വളര്‍ച്ച വെറും 0.6 ശതമാനമാണ്. ഇടത്തരം സംരംഭങ്ങള്‍ക്ക് 0.7 ശതമാനം വളര്‍ച്ചയും.

എംഎസ്എംഇ പോലുള്ള നിര്‍ണായകമായ മേഖലകള്‍ക്ക് ഇപ്പോഴും വായ്പ അപ്രാപ്യമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇവിടെ ഉയരുന്നു. എവിടെയാണ് ഇതിനുള്ള തടസം? ചെറുകിട വായ്പ എടുക്കുന്നവര്‍ക്ക് വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് എന്താണ് ചെയ്യാനാകുക? പണത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി അനധികൃത പണമിടപാടുകാരുടെ കെണിയില്‍ വീഴുന്നതും ചെറുകിടക്കാരാണ്.

മൈക്രോ എന്റര്‍പ്രൈസസാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഔപചാരികമായ ഉറവിടങ്ങളില്‍ നിന്ന് വായ്പ നേടാന്‍ അവര്‍ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വായ്പാ യോഗ്യതയ്ക്കുള്ള തെളിവോ ശരിയായ ഡോക്യുമെന്റേഷനോ പലപ്പോഴും അവര്‍ക്ക് ഉണ്ടാകുന്നില്ല. അവരുടെ സാമ്പത്തിക സ്ഥിതി ബയേഴ്‌സ് അറിയുമോ എന്ന് പേടിച്ച് പലരും ബില്‍ ഡിസ്‌കൗണ്ടിംഗിനും പോലും തയാറാകില്ല. സാമ്പത്തിക പ്രതിസന്ധി പരസ്യമാക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ സൂക്ഷ്മ സംരംഭകന്‍ പലപ്പോഴും അനൗപചാരിക മേഖലയില്‍ നിന്നുള്ള ഫണ്ടിംഗിന് മുതിരുന്നു.

വീടുകളില്‍ പ്രവര്‍ത്തിക്കുന്ന, കുടുംബാംഗങ്ങള്‍ തന്നെ ജോലി ചെയ്യുന്ന കാഷ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വായ്പാ യോഗ്യത കണക്കാക്കുന്നതില്‍ പലപ്പോഴും അതിലേറെ വെല്ലുവിളികള്‍ നേരിടുന്നു. അവരുടെ വായ്പയുടെ ആവശ്യവും തിരിച്ചടവ് ശേഷിയും എങ്ങനെ വിലയിരുത്തും എന്നതാണ് പ്രശ്‌നം. സൂക്ഷ്മ സംരംഭങ്ങള്‍ക്ക് അവരുടെ ആവശ്യവും തിരിച്ചടവ് ശേഷിയും തെളിയിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഉണ്ടാകില്ല. രേഖകളുടെ അഭാവത്തില്‍ വായ്പയുടെ മൂല്യനിര്‍ണയം നടത്തുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്.

പോംവഴി സ്വര്‍ണപ്പണയ വായ്പ

ഇത്തരം പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനായി ഒരു വായ്പാ ഉല്‍പ്പന്നമുണ്ട്, അതാണ് സ്വര്‍ണ വായ്പ. കടം കൊടുക്കുന്നയാള്‍ക്ക് ലിക്വിഡ് കൊളാറ്ററല്‍ എന്ന നിലയില്‍ സുരക്ഷിത്വം ഉള്ളപ്പോള്‍ തന്നെ (തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ പെട്ടെന്ന് തന്നെ പണമാക്കി മാറ്റാനാകും) തെളിവായി രേഖകള്‍ ഇല്ലാതെ തന്നെ വായ്പ ലഭ്യമാകുകയും ചെയ്യും. വരുമാനത്തിന്റെ തെളിവില്ലാതെ തന്നെ കുടുംബത്തിലെ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് കടമെടുക്കാം. സ്വര്‍ണപ്പണയ വായ്പ താല്‍ക്കാലികമായ കാഷ് ഫ്‌ളോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മികച്ച ഉപാധിയാണ്. ചെറുകിട സംരംഭകര്‍ക്ക് ഹ്രസ്വകാലത്തേക്കാണ് വായ്പ ആവശ്യമായി വരുന്നത്. വായ്പ അനുവദിക്കുന്നതിലെ കാലതാമസവും മറ്റും മൂലം ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ വായ്പ നല്‍കാന്‍ ബുദ്ധിമുട്ടാണ്. ഇതിന് നേര്‍ വിപരീതമായി, പ്രത്യേകിച്ചും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സ്വര്‍ണ പണയ വായ്പകള്‍ മിനുട്ടുകള്‍ക്കുള്ളില്‍ ലഭിക്കുന്നു.

ഇന്ത്യയില്‍ നിലവിലെ ചട്ടപ്രകാരം സ്വര്‍ണാഭരണങ്ങളുടെ ആകെ മൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമേ പരമാവധി വായ്പ അനുവദിക്കാനാകൂ. സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഈടിന്മേല്‍ കൂടുതല്‍ വായ്പാ തുക നല്‍കാന്‍ തയാറാണെങ്കിലും ഘീമി ീേ ഢമഹൗല നിബന്ധനപ്രകാരം അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. ഇത്, ഇടപാടുകാരെ അനധികൃത പണമിടപാടുകാരിലേക്ക് എത്തിക്കുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും മികച്ച മൂലധനശേഷിയുള്ളതുമായ സ്ഥാപനങ്ങളെയും അടിത്തറ ശക്തമല്ലാത്ത ചെറുകിട സ്ഥാപനങ്ങളെയും ഒരേ അളവുകോല്‍ വെച്ചാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നാല്‍ സ്ഥാപനങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, കൊളാറ്ററല്‍ മൂല്യത്തിന്റെ 75 ശതമാനത്തിലധികം വായ്പ നല്‍കാനുള്ള സാഹചര്യമൊരുക്കുന്നത് സൂക്ഷ്മ സംരംഭങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കുന്നതിലേക്കുള്ള മികച്ചതും യുക്തിസഹവുമായ ഒരു ചുവടുവെപ്പായിരിക്കും.



(മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകന്‍)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it