ചെറുകിട സംരംഭകര്‍ക്ക് സന്തോഷവാര്‍ത്ത! ബാങ്ക് വായ്പാ കെണിയില്‍ നിന്ന് തലയൂരാം

ഇന്ത്യയില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്ക് അത്ര ചെറുതല്ല. തൊഴില്‍ സൃഷ്ടിക്കുന്നതിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിലുമെല്ലാം എംഎസ്എംഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നിര്‍ണായക റോളാണ് വഹിക്കുന്നത്.

എന്നാല്‍ ഇന്ന് അവയുടെ സ്ഥിതി അത്ര മെച്ചമല്ല. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാലാവസ്ഥാ വ്യതിയാനം എല്ലാം കൂടി വന്നതോടെ ഇവയുടെ ഈ ദൗര്‍ബല്യം മറനീക്കി പുറത്തുവന്നും കഴിഞ്ഞു. എംഎസ്എംഇകളുടെ പരിതാപകരമായ അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലരും പലവട്ടം പല വേദികളില്‍ വെച്ച് കൊണ്ടുവന്നതിന്റെ ഫലം എന്തായാലും ഇപ്പോള്‍ ഉണ്ടായി.

രണ്ട് പോസിറ്റീവ് കാര്യങ്ങള്‍ എംഎസ്എംഇകളെ സംബന്ധിച്ചിടത്തോളം അടുത്തിടെയുണ്ടായി. എംഎസ്എംഇകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവയുടെ സാമ്പത്തിക സുസ്ഥിരതയ്ക്കായി ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും റിസര്‍വ് ബാങ്ക് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചതാണ് അതില്‍ ഒരു കാര്യം. രണ്ടാമത്തേത് എംഎസ്എംഇകളുടെ വായ്പ പുനഃ ക്രമീകരിക്കാനുള്ള അവസരം കൊണ്ടുവന്നതും.

എന്തുകൊണ്ട് ഈ പദ്ധതി?

ബാങ്കുകള്‍ക്ക് സംരംഭകരുടെ പ്രശ്‌നങ്ങള്‍ അറിയാമെങ്കിലും വായ്പകള്‍ പുനഃക്രമീകരിച്ച് നല്‍കാന്‍ വിമുഖരായിരുന്നു. വായ്പകള്‍ പുനഃക്രമീകരിക്കുമ്പോള്‍ അവ ബാങ്കുകളുടെ ബുക്കില്‍ നിഷ്‌ക്രിയാസ്തിയായി മാറും. എംഎസ്എംഇകളുടെ ദീര്‍ഘകാല നിലനില്‍പ്പിനേക്കാള്‍ ത്രൈമാസ ഫലങ്ങളില്‍ ശ്രദ്ധയൂന്നുന്ന ബാങ്കുകള്‍ ഇതിന് തയ്യാറാകാതിരുന്നത് സ്വാഭാവികം.

ഇത്തരത്തില്‍ വിഷമവൃത്തത്തിലായ എംഎസ്എംഇകള്‍ക്ക് അനുഗ്രഹമാണ് പുതുവര്‍ഷദിനത്തില്‍ ആര്‍ബിഐ ഇറക്കിയ സര്‍ക്കുലര്‍. ഇതുപ്രകാരം എംഎസ്എംഇകളുടെ നിലവിലുള്ള വായ്പകള്‍, നിഷ്‌ക്രിയാസ്തി എന്ന് ക്ലാസിഫൈ ചെയ്യാതെ തന്നെ ഒറ്റത്തവണ വായ്പ പുനഃക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.

ഇതിന്റെ ഗുണം ആര്‍ക്കൊക്കെ ലഭിക്കും?

മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് (എംഎസ്എംഇഡി) ആക്റ്റ് പ്രകാരമുള്ള യൂണിറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. എംഎസ്എംഇഡി ആക്റ്റ് 2006ന്റെ സെക്ഷന്‍ 7 പ്രകാരം പ്ലാന്റ്, മെഷിനറി എന്നിവയില്‍ നടത്തിയിരിക്കുന്ന നിക്ഷേപപ്രകാരമാണ് യൂണിറ്റുകളെ ക്ലാസിഫൈ ചെയ്യുന്നത്.

മാനുഫാക്ചറിംഗ് രംഗത്തുള്ള സംരംഭങ്ങളാണെങ്കില്‍, എംഎസ്എംഇ വിഭാഗത്തില്‍ ഉള്‍പ്പെടണമെങ്കില്‍ അവയുടെ പ്ലാന്റിലും മെഷിനറിയിലുമുള്ള നിക്ഷേപം 10 കോടിയില്‍ കവിയാന്‍ പാടില്ല. സര്‍വീസ് രംഗത്തുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപ പരിധി അഞ്ചു കോടി രൂപയാണ്.

ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൊത്തം വായ്പ 2019 ജനുവരി ഒന്നിന് 25 കോടി കവിയാന്‍ പാടില്ല. ഫണ്ട് അടിസ്ഥാനമാക്കിയും അല്ലാത്തതുമായ വായ്പകള്‍ ഇതില്‍ ഉള്‍പ്പെടും.

വായ്പാ തിരിച്ചടവ് മുടങ്ങുകയും എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് അസറ്റ് ആയി തുടരുകയും ചെയ്യുന്ന എക്കൗണ്ട്‌സിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. വായ്പാ പുനഃക്രമീകരണ നടപടികള്‍ അവസാനിക്കും വരെ എക്കൗണ്ട് സ്റ്റാന്‍ഡേര്‍ഡ് അസറ്റെന്ന വിഭാഗത്തില്‍ തുടരും.

2020 മാര്‍ച്ച് 31നകം പുനഃക്രമീകരണ നടപടികള്‍ അവസാനിക്കണം. പുതിയതായി ഡോക്യുമെന്റേഷനും സെക്യൂരിറ്റി നല്‍കലും കഴിഞ്ഞതിനുശേഷം ബാങ്കുകളുടെ ലോണ്‍ ബുക്കില്‍ പുതിയ വായ്പയായും സംരംഭങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ പുതിയ മൂലധനമായും അത് വരുമ്പോഴാണ് വായ്പാ പുനഃക്രമീകരണം അവസാനിച്ചതായി കണക്കാക്കപ്പെടുന്നത്.

ജിഎസ്ടി രജിസ്‌ട്രേഷനില്‍ ഇളവുള്ള സംരംഭങ്ങള്‍ക്ക് ജിഎസ്ടി വേണമെന്നില്ല. പക്ഷേ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതും എന്നാല്‍ നിലവില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തതുമായ സംരംഭങ്ങള്‍ക്ക് ഈ ആനൂകൂല്യം തേടാന്‍ അര്‍ഹതയുണ്ട്. പക്ഷേ, പുനഃക്രമീകരണ നടപടികള്‍ അവസാനിക്കും മുമ്പ് ഇത്തരം സംരംഭങ്ങള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.

കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ പുറത്ത് ആര്‍ബിഐ സര്‍ക്കുലറിലെ നിബന്ധന പ്രകാരം വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ഇപ്പോള്‍ ലഭിക്കൂ. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സംരംഭകര്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പകള്‍ പുനഃക്രമീകരിക്കാന്‍ സാധിക്കില്ല. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നു എന്നാല്‍ അത്തരം സംരംഭങ്ങളുടെ കാഷ് ഫ്‌ളോ വളരെ നല്ലതാണെന്നല്ല.

പലരും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍, മറ്റിടങ്ങളില്‍ നിന്ന് വായ്പ വാങ്ങിയാണ് ബാങ്ക് വായ്പ അടക്കുന്നത്. ആ സാഹചര്യത്തില്‍ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം നിക്ഷേധിക്കുന്നത് അത്തരം സംരംഭകരുടെ മനസ് മടുപ്പിക്കുന്നതിന് തുല്യമാണ്. ഇക്കാര്യം വ്യവസായ സംഘടനകള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍ പെടുത്തുകയും വേണം.

ആയുസില്‍ ഒരിക്കല്‍ ലഭിക്കുന്നത് സംരംഭകരെയും സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം ആയുസില്‍ ഒരിക്കല്‍ ലഭിക്കുന്ന ആനുകൂല്യമാണിത്. ശരിയായ മാര്‍ക്കറ്റ്, ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ അനാലിസിസ് നടത്തി അങ്ങേയറ്റം ശ്രദ്ധയോടെ മാത്രമേ ഈ ആനുകൂല്യം ഉപയോഗിക്കാന്‍ പാടുള്ളൂ.

ഈ ആനുകൂല്യം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ സംരംഭങ്ങള്‍ക്ക് ദീര്‍ഘകാല ധനവിനിമയ, സാമ്പത്തിക സുസ്ഥിരത നേടിയെടുക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് ആര്‍ബിഐ, എംഎസ്എംഇ വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ബാങ്കുകളുടെ നയത്തില്‍ സമ്മര്‍ദത്തിലായ എക്കൗണ്ടുകളുടെ വിജയക്ഷമത തിട്ടപ്പെടുത്താനുള്ള വ്യവസ്ഥ വേണമെന്നും പുനഃക്രമീകരിച്ച എക്കൗണ്ടുകളെ നിരന്തര നിരീക്ഷണം നടത്തണമെന്നും നിര്‍ദേശം വെച്ചിരിക്കുന്നത്.

പുനഃക്രമീകരണം എന്നാലെന്ത്?

സാമ്പത്തിക ബുദ്ധിമുട്ടുള്ള വായ്പക്കാരന്, വായ്പാദാതാവ് നല്‍കുന്ന ഇളവാണ് പുനഃക്രമീകരണം. സാമ്പത്തികവും നിയമപരവുമായ കാര്യങ്ങള്‍ വിശകലനം ചെയ്ത ശേഷമാകും ഇളവ് നല്‍കുക. ചട്ടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. റീപേയ്‌മെന്റ് ഹോളിഡേ, തിരിച്ചടവ് കാലാവധിയില്‍ വ്യത്യാസം വരുത്തല്‍, തിരിച്ചടയ്ക്കാനുള്ള തുക/ തിരിച്ചടവ് തവണയുടെ തുക/ പലിശ നിരക്ക്/ കൂടുതല്‍ ക്രെഡിറ്റ് സൗകര്യത്തിനുള്ള അനുമതി തുടങ്ങിയവയൊക്കെ വായ്പ പുനഃക്രമീകരണത്തിന്റെ ഭാഗമായി നടന്നേക്കും. ബിസിനസ് യൂണിറ്റുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വായ്പാ പുനഃക്രമീകരണത്തിലേക്ക് നയിക്കുന്നത്.

എന്തൊക്കെ ശ്രദ്ധിക്കണം?

ബിസിനസില്‍ പ്രതിസന്ധിയുണ്ടാകാനുള്ള കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് കഴിഞ്ഞകാല അനുഭവങ്ങള്‍ അടിസ്ഥാനമാക്കി പുതുക്കിയ ബിസിനസ് പ്ലാന്‍ സംരംഭകര്‍ തയ്യാറാക്കണം. ഇതില്‍ ഫണ്ടിന്റെ വരവ് പോക്കുകള്‍ കൃത്യമായി വേണം.

വിജയക്ഷമതയുള്ള ബിസിനസ് പ്ലാന്‍ നടപ്പാക്കാന്‍ വേണ്ട ഫണ്ടിന്റെ കണക്കിനെ അടിസ്ഥാനമാക്കി വേണം നിലവിലുള്ള വായ്പ പുനഃക്രമീകരിക്കേണ്ടത്. ബിസിനസിന്റെ കാഷ് ഫ്‌ളോ വിലയിരുത്തി വേണം വായ്പയുടെ തിരിച്ചടവ് തീരുമാനിക്കേണ്ടതുമെല്ലാം.

വായ്പാദാതാവിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാനും അവരോട് സഹാനുഭൂതി തോന്നാനും ഉപകരിക്കും വിധമുള്ള പ്ലാനാണെങ്കില്‍ കാര്യങ്ങള്‍ വിജയകരമാകും. സംരംഭങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്തെന്ന് വായ്പാദാതാവിനോട് വ്യക്തമായി തുറന്നുപറയണം. അത് വായ്പാദാതാവിന് വിശ്വാസ്യയോഗ്യമാണെങ്കില്‍ അവര്‍ വേണ്ട ഫണ്ടും പിന്തുണയും നല്‍കും.

(യെസ്‌കലേറ്റര്‍ മാനേജ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍ സള്‍ട്ടന്റ്സിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍ ഫോണ്‍: 7558891177 ഇ-മെയ്ല്‍: jizpauls@gmail.com)

Related Articles

Next Story

Videos

Share it