ചന്ദ കൊച്ചാറിന്റെയും വേണുഗോപാല്‍ ധൂതിന്റെയും വീടുകളില്‍ റെയ്ഡ്

ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മാനേജിംഗ് ഡയറക്റ്റര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ വായ്പാ തട്ടിപ്പുമായി നിയമനടപടി നേരിടുന്ന സാഹചര്യത്തില്‍ ഇവരുടെ വീടുകളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്റ്ററേറ്റിന്റെ റെയ്ഡ്.

മൂവര്‍ക്കുമെതിരെ സിബിഐ കഴിഞ്ഞ ആഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെയ്ഡിന്റെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പുറത്തുവിട്ടത്.

വീഡിയോകോണിന്റെ മുംബൈയിലുള്ള ഓഫീസ്, കൊച്ചാറിന്റെ വീടുകള്‍ എന്നിങ്ങനെ മുംബൈയിലും ഔറംഗബാദിലുമായി ഇന്നലെ രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. അഞ്ചു ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുകയായിരുന്നു. ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

2012ല്‍ അനധികൃതമായി ഐസിഐസി ബാങ്ക് വീഡിയോകോണ്‍ ലിമിറ്റഡിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ഇതുവഴി ചന്ദ കൊച്ചാര്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.

വായ്പ കിട്ടിയ സമയത്തുതന്നെ ദീപക് കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് വേണുഗോപാല്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. എസ്ബിഐ ഉള്‍പ്പടെ 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 40,000 കോടി രൂപയുടെ വായ്പ വീഡിയോകോണിന് അനുവദിച്ചിരുന്നു.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it