മോറട്ടോറിയം: പണമുണ്ടെങ്കില്‍ വായ്പകള്‍ തിരിച്ചടയ്ക്കുക അല്ലെങ്കില്‍ പലിശ ഭാരം കുത്തനെ കൂടും

കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ
വായ്പകളുടെയും തിരിച്ചടവിന് മെയ് 31 വരെ റിസര്‍വ് ബാങ്ക് സാവകാശം നല്‍കിയിട്ടുണ്ട്. പക്ഷേ, ഇക്കാലത്ത് നിങ്ങള്‍ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് അതുകൊണ്ട് അര്‍ത്ഥമില്ല. വായ്പാ തിരിച്ചടവിനുള്ള സാവകാശം നിങ്ങളെടുത്താല്‍ അതിനുള്ള വിലയും നിങ്ങള്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ
കാപ്പിറ്റല്‍മൈന്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനം വിശദമാക്കുന്നു. വായ്പാ തിരിച്ചടവിന് മൂന്നുമാസം സാവകാശം നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തിലെ വാചകങ്ങള്‍ വായിച്ചാല്‍ അതില്‍ നിന്ന് വ്യക്തമാകുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.
1. വായ്പാ തിരിച്ചടവിന് സാവകാശം നല്‍കാന്‍ ബാങ്കുകള്‍ അവകാശമുണ്ട്, പക്ഷേ അതവരുടെ കടമയല്ല. അതായത് നിങ്ങളുടെ ബാങ്ക് വായ്പാ തിരിച്ചടവിന് സാവകാശം
നല്‍കിയെന്നിരിക്കും. ഒരുപക്ഷേ മറ്റൊരു ബാങ്ക് അത് നല്‍കിയെന്നിരിക്കില്ല.
2. ടേം ലോണുകള്‍ക്കാണ് ഇത്തരത്തിലുള്ള സാവകാശം ലഭിക്കുക. അതായത് ഭവന വായ്പ, പേഴ്‌സണല്‍ ലോണ്‍, കാര്‍ ലോണ്‍, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങിയവയ്ക്ക്. സംരംഭങ്ങളുടെ പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതും മൂന്ന് മാസത്തേക്ക് നിര്‍ത്തിവെയ്ക്കും. അല്ലാത്തവയ്‌ക്കെല്ലാം മോറട്ടോറിയം ബാധകമല്ല.
3. ഈ മൂന്നുമാസങ്ങളിലും വായ്പകള്‍ക്ക് പലിശ ഈടാക്കുക തന്നെ ചെയ്യും. അതായത് ഔട്ട്സ്റ്റാന്‍ഡിംഗ് ലോണിന് പലിശ നിങ്ങള്‍ നല്‍കുക തന്നെ വേണം.
പലിശയില്‍ ഇളവില്ല, അപ്പോള്‍ എന്താണ് നിങ്ങളുടെ വായ്പയില്‍ സംഭവിക്കുന്നത്?
ഒരു ഉദാഹണമെടുക്കാം. നിങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ഒരു ഭവന വായ്പയുണ്ട്. അതിന്റെ പലിശ നിരക്ക് 8.5 ശതമാനമാണെന്നും കരുതുക. പത്തുവര്‍ഷ കാലയളവിലെ ആ വായ്പയ്ക്ക് ഏകദേശം പ്രതിമാസ തിരിച്ചടവ് 62,000 രൂപയാകുമെന്നും കണക്കാകുക.
നിങ്ങള്‍ മോറട്ടോറിയം സ്വീകരിച്ച് ഏപ്രിലില്‍ ഇ എം ഐ അടക്കുന്നില്ല.
അപ്പോള്‍ എന്തുസംഭവിക്കും?
50 ലക്ഷം രൂപയുടെ 8.5 ശതമാനം നിരക്കില്‍ ഏപ്രില്‍ മാസത്തിലെ പലിശയായ ഏതാണ്ട് 35,000 രൂപ നിങ്ങളുടെ പ്രിന്‍സിപ്പിള്‍ തുകയിലേക്ക് വന്നുചേരും. അപ്പോള്‍ ഏപ്രില്‍ മാസത്തിലെ നിങ്ങളുടെ പ്രിന്‍സിപ്പിള്‍ തുക 50,35,000 മായി മാറും.ഇനി നിങ്ങള്‍ മെയ് മാസത്തിലും വായ്പ തിരിച്ചടയ്ക്കുന്നില്ലെന്ന് കരുതുക.
അപ്പോള്‍ പലിശ വരുന്നത് 50 ലക്ഷം രൂപയ്ക്കല്ല. മറിച്ച് 50,35,000 എന്ന മൊത്തം തുകയ്ക്കാണ്. അത് ഏതാണ്ട് 36,000 രൂപയായിരിക്കും. അപ്പോള്‍ മൊത്തം ഔട്ട്‌സ്റ്റാന്‍ഡിംഗ് 50.71 ലക്ഷം രൂപയാകും. മൂന്നുമാസം കഴിയുമ്പോള്‍ ഫലത്തില്‍ നിങ്ങള്‍ ബാങ്കിന് ഒരു ലക്ഷം രൂപയിലേറെ അധികമായി നല്‍കേണ്ടി വരും. ഈ അധിക തുക തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ പിന്നീട് ഇ എം ഐ തുക വര്‍ധിപ്പിക്കുകയോ വായ്പാ കാലയളവ് കൂട്ടുകയോ ഒക്കെ ചെയ്യേണ്ടി വരും.
അല്ലെങ്കില്‍ മൂന്നുമാസം കഴിയുമ്പോള്‍ നിങ്ങളുടെ പ്രിന്‍സിപ്പിള്‍ തുകയില്‍ അധികമായി വന്നിരിക്കുന്ന പലിശ തുക അടച്ച് അധിക സാമ്പത്തിക ഭാരത്തില്‍ നിന്ന് തലയൂരാം. അതും പറ്റിയില്ലെങ്കില്‍ ബാങ്കുമായി സംസാരിച്ച് പലിശ നിരക്കില്‍ അല്‍പ്പം കുറവുവാങ്ങിയെടുക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാന്‍
സാധിക്കുമെന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതാണ് ഉത്തമം.
ഇപ്പോള്‍ വായ്പാ തിരിച്ചടിവിന് ലഭിച്ചിരിക്കുന്ന സാവകാശം ഒരു കാഷ് ഫ്‌ളോ ആശ്വാസം മാത്രമാണ്. പലിശ നിരക്കില്‍ ഇളവ് നല്‍കേണ്ടത് റിസര്‍വ് ബാങ്കല്ല, മറിച്ച് സര്‍ക്കാരാണ്. നിങ്ങള്‍ ഈ സാവകാശമെടുത്താല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ബാധിക്കില്ല. സിബില്‍ നിങ്ങളെ വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്തിയ ആളായി പരിഗണിക്കില്ല. അതുകൊണ്ട് ഭാവിയില്‍ മറ്റ് വായ്പകള്‍ എടുക്കുമ്പോള്‍ ഇപ്പോഴത്തെ മോറട്ടോറിയമെടുക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് മാത്രം.
മോറട്ടോറിയം ഇല്ലെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു?
കോവിഡ് കാലത്ത് എല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചിലര്‍ക്ക് മാത്രമേ വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ പറ്റൂ. അപ്പോള്‍ മറ്റുള്ളവര്‍ മൂന്നുമാസം വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ആ വായ്പകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് - നിഷ്‌ക്രിയ ആസ്തി- എന്‍ പി എ ആയി മാറും. നിങ്ങളുടെ വീടിന്റെ ആധാരം വെച്ചാണ് ഭവന വായ്പ എടുത്തതെങ്കില്‍ ജപ്തി നടപടികള്‍ ഉള്‍പ്പടെ മറ്റ് കാര്യങ്ങളിലേക്ക് ബാങ്ക് കടക്കും.
അതല്ല നിങ്ങള്‍ ബാങ്കിനെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വായ്പകള്‍ പുനഃക്രമീകരിക്കേണ്ടി വരും. അപ്പോഴും അത് സാമ്പത്തിക ഭാരം കൂട്ടും. മാത്രമല്ല, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ഇവയെല്ലാം പ്രതികൂലമായി ബാധിക്കും. റിസര്‍വ് ഇപ്പോള്‍ മോറട്ടോറിയം നല്‍കിയതുകൊണ്ട് അത്തരം പ്രശ്‌നങ്ങളുണ്ടാവില്ല.
ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്താണ്?
നിങ്ങള്‍ ഈ മാസം ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടക്കേണ്ടെന്ന് കരുതിയിരുപ്പാണോ? എന്നാല്‍ അതിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കണം. കാരണം, ക്രെഡിറ്റ് കാര്‍ഡിന്റെ പ്രതിവര്‍ഷ പലിശ നിരക്ക് 36 ശതമാനത്തിലും അതിലും ഏറെയൊക്കെയാണ്. ബില്‍ തുകയില്‍ സാവകാശമെടുത്താല്‍, ഈ പലിശ നിങ്ങളുടെ ബാക്കി തുകയില്‍ കയറി വരും. ബില്‍ തുക അടക്കാതെ വീണ്ടും നിങ്ങള്‍ പര്‍ച്ചേസ് ചെയ്തുകൊണ്ടിരുന്നാല്‍ സ്ഥിതി വീണ്ടും ഗുരുതരമാകും. കടം തിരിച്ചടയ്‌ക്കേണ്ട തിയ്യതിയ്ക്ക് ശേഷമുള്ള ഔട്ട്‌സ്റ്റാന്‍ഡിംഗ് ബില്‍ തുകയ്ക്ക് പലിശ രഹിത കാലയളവില്ല.
ഉയര്‍ന്ന ഫീസുകളുടെയും പിഴകളുടെയും പേരില്‍ പണ്ടേ കുപ്രസിദ്ധി നേടിയിട്ടുണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍. റിസര്‍വ് ബാങ്ക് ബില്‍ അടവില്‍ മാത്രമേ സാവകാശം നല്‍കിയിട്ടുള്ളൂ. ഇത്തരത്തിലുള്ള ഫീസുകളും പിഴകളും ഒഴിവാക്കിയിട്ടില്ല. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ നിങ്ങളുടെ ബില്‍ തുകയില്‍ അധികമായി കൂട്ടിച്ചേര്‍ക്കുക തന്നെ ചെയ്യും.
ഇതിനെല്ലാം പുറമേ ക്രെഡിറ്റ് കാര്‍ഡ് പലിശയ്ക്ക് 18 ശതമാനം ജി എസ് ടിയുമുണ്ട്. അതുകൊണ്ട് പരമാവധി ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക നിങ്ങള്‍ തിരിച്ചടയ്ക്കുക. മറ്റൊരു വഴിയും മുന്നിലില്ലെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ എടുത്ത് ക്രെഡിറ്റ് കാര്‍ഡ് കടം വീട്ടിയാലും പ്രശ്‌നമില്ല.
അതായത്, മോറട്ടോറിയം കൊണ്ട് മെച്ചമില്ലെന്നാണോ?
അങ്ങനെയല്ല. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ പ്രവര്‍ത്തന മൂലധന വായ്പകള്‍ക്കുള്ള പലിശ ഇപ്പോള്‍ തിരിച്ചടയ്‌ക്കേണ്ട എന്ന സാവകാശം ഏറെ ഗുണകരമാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് പ്രതികൂലമായി ബാധിക്കില്ല.
ബാങ്കുകള്‍ക്ക് പലിശ ഒഴിവാക്കിയാലെന്താ എന്ന ചോദ്യം ഉള്ളില്‍ വരുന്നുണ്ടോ? അങ്ങനെയെങ്കില്‍ ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിനുള്ള പലിശയും തരില്ല. അത് സ്വീകാര്യമാണോ? അല്ലല്ലോ. അപ്പോള്‍ ഏകപക്ഷീയമായി ബാങ്കുകളെ കുറ്റപ്പെടുത്താനാകില്ല. ഇത് ഹ്രസ്വകാലത്തെ ക്യാഷ് ഫ്‌ളോ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ മാത്രമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline