സ്ഥിര നിക്ഷേപത്തിന്റെ ആകര്‍ഷണീയത കുറയുന്നോ?

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ അടിസ്ഥാന പലിശ നിരക്കും സേവിംഗ്‌സ് ബാങ്ക് നിക്ഷേപ പലിശ നിരക്കും കുറച്ചതോടെ സ്ഥിര നിക്ഷേപം നടത്തിയിരിക്കുന്ന മുതിര്‍ന്ന പൗരന്മാരെയടക്കം വലിയ തോതില്‍ ബാധിച്ചേക്കും. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പലിശയില്‍ 0.10 ശതമാനവും ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശയില്‍ 0.30 ശതമാനവുമാണ് കുറവ് വരുത്തിയിരിക്കുന്നത്.
സേവിംഗ് ബാങ്ക് നിരക്ക് 3.5 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായും കുറച്ചു. റിപ്പോ പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് റിസര്‍വ് ബാങ്ക് വരുത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം.


വായ്പകളുടെ പലിശ, റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന നിരക്കായ റിപ്പോയുമായി ബന്ധിപ്പിക്കുന്ന രീതിക്കു മുന്‍പുള്ള വായ്പകളുടെ അടിസ്ഥാന നിരക്കായ എം സി എല്‍ ആര്‍ ആണ് എസ്ബിഐ 0.10 ശതമാനം കുറച്ചത്. തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്കായി സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരെയും വിരമിച്ചവരെയും ഇത് ഏറെ ബാധിക്കും. മുതിര്‍ന്ന പൗരന്മാരുടെ 4.1 കോടി എക്കൗണ്ടുകളിലായി 14 ലക്ഷം കോടി രൂപയാണ് എസ്ബിഐയില്‍ സ്ഥിര നിക്ഷേപമായുള്ളത്.


ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നു മാറി കുറച്ചു തുക ഡെബ്റ്റ് ഫണ്ടു പോലുള്ള ഓഹരി വിപണിയെ അടിസ്ഥാമാക്കിയുള്ള ഉല്‍പ്പന്നങ്ങളില്‍ കൂടി നിക്ഷേപിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതല്ലെങ്കില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി നികുതിയിളവ് നല്‍കേണ്ടി വരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it