സാധാരണക്കാരന് നിരവധി ആനുകൂല്യങ്ങളുമായി ജന്‍ധന്‍ എക്കൗണ്ട്; ഇതാ അറിയേണ്ടതെല്ലാം

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പ്രകാരം ഇന്ത്യയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ ജന്‍ധന്‍ എക്കൗണ്ട് തുറക്കാന്‍ ഏതൊരു പൗരനും കഴിയും. ജന്‍ധന്‍ എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിര്‍ബന്ധമില്ല എന്നതിനാല്‍ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള പൗരന്മാര്ക്കും എക്കൗണ്ടിന്റെ ഗുണങ്ങളെത്തും. ഇതേസമയം, എക്കൗണ്ട് ഉടമയ്ക്ക് ചെക്ക് ബുക്ക് വേണമെങ്കില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടതുണ്ട്.
റുപേ ഡെബിറ്റ് കാര്‍ഡാണ് ജന്‍ധന്‍ യോജനയ്ക്ക് കീഴിലുള്ള എക്കൗണ്ടുകള്‍ക്ക് ലഭിക്കുക. രാജ്യമെങ്ങുമുള്ള എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാം.
ആവശ്യമായ രേഖകള്‍ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് (പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍), തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ, ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ ജന്‍ധന്‍ എക്കൗണ്ട് തുറക്കാന്‍ സമര്‍പ്പിക്കാം. ഈ രേഖകള്‍ക്ക് പുറമെ ജന്‍ധന്‍ യോജന എക്കൗണ്ട് ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോ, പൊതു മേഖലാ സ്ഥാപനങ്ങളോ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് ബാങ്കുകളില്‍ 'ചെറു എക്കൗണ്ടുകള്‍' ആരംഭിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷകന് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അപേക്ഷയില്‍ ഫോട്ടോ പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തണമെന്ന് മാത്രം. ചെറു എക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.
ഈ എക്കൗണ്ടുകളില്‍ നിന്നും പ്രതിമാസം പതിനായിരം രൂപ വരെ പരമാവധി പിന്‍വലിക്കാം. ഒപ്പം അമ്പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്ന പരിമിതിയും ചെറു എക്കൗണ്ടുകള്ക്കുണ്ട്. ഒരു വര്‍ഷമാണ് ചെറു എക്കൗണ്ടുകളുടെ സാധാരണ കാലാവധി.
ജന്ധന യോജന പ്രകാരം എക്കൗണ്ട് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. ഒപ്പം വ്യക്തി മരണപ്പെടുന്ന സാഹചര്യങ്ങളില്‍ നോമിനിക്ക് 30,000 രൂപയുടെ ലൈഫ് കവറും സര്‍ക്കാര്‍ ഉറപ്പുവരുത്തും. അയ്യായിരം രൂപ വരെ ഉടനടി വായ്പയും ജന്‍ധന്‍ യോജന എക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് എന്ന കണക്കിനാണ് ഈ വായ്പാ സൗകര്യമുള്ളത്.
മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് മുഖേന ജന്‍ധന്‍ എക്കൗണ്ടിലെ വിവരങ്ങള്‍ അറിയാന്‍ ഉടമയ്ക്ക് കഴിയും. മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് പണം മറ്റൊരു എക്കൗണ്ടിലേക്കും അയക്കാം. നിക്ഷേപത്തിന് നിശ്ചിതമായ പലിശ നേടാനും ജന്‍ധന്‍ എക്കൗണ്ട് ഉടമകള്‍ അര്‍ഹരാണ്.