പിഎംസി ബാങ്ക് തട്ടിപ്പ്: ജോയ് തോമസ് ജുനൈദ് ആയി വന്‍സ്വത്ത് വാങ്ങിക്കൂട്ടി

സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എം.ഡിയും മലയാളിയുമായ ജോയ് തോമസ് മതം മാറി സ്വീകരിച്ച ജുനൈദ് എന്ന പേരിലും രണ്ടാം ഭാര്യയുടെ പേരിലും വന്‍ തോതില്‍ സ്വത്ത് വാങ്ങിക്കൂട്ടിയതായി മുംബൈ പൊലീസ് കണ്ടെത്തി. തന്റെ സെക്രട്ടറിയായ യുവതിയെയാണ് 2012ല്‍ ഇയാള്‍ മതം മാറി വിവാഹം കഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

പൂനെയില്‍ രണ്ടാം ഭാര്യയുടെയും ജുനൈദിന്റെയും പേരില്‍ കോടികള്‍ വില മതിക്കുന്ന ഒമ്പത് ഫ്‌ളാറ്റുകളും ഒരു ടെക്‌സ്‌റ്റൈല്‍ മില്ലും ഉണ്ടെന്ന് കണ്ടെത്തി. രണ്ടാം ഭാര്യ ഇതിലൊരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ബാക്കി എട്ടെണ്ണവും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇയാളുടെ എല്ലാ അക്കൗണ്ടുകളും ഈ മാസം ആദ്യം തന്നെ മുംബൈ പൊലീസ് മരവിപ്പിച്ചിരുന്നു.

വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു കണ്ടെത്തല്‍.6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എച്ച്ഡിഐല്‍ എന്ന കമ്പനിയുടെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തട്ടിപ്പുകള്‍ക്കായി ഇയാള്‍ 21,049 വ്യാജ അക്കൗണ്ടുകള്‍ ചമച്ചതായും ആരോപണമുണ്ട്. ഈ കമ്പനിയുടെ മേധാവികളായ രാകേഷ്, സാരംഗ് വധാവന്‍ എന്നിവരുടെ പേരിലുള്ള രണ്ടായിരം ഏക്കര്‍ ഭൂമി, ബംഗ്ലാവുകള്‍, സ്വകാര്യ വിമാനങ്ങള്‍, ആഡംബര വാഹനങ്ങള്‍ എന്നിവയടക്കം അയ്യായിരം കോടിയുടെ സ്വത്ത് ജപ്തി ചെയ്തു. പിഎംസി ബാങ്കിന്റെ മുന്‍ അധ്യക്ഷന്‍ വാര്യം സിങിന്റെ 100 കോടിയുടെ ഡീമാറ്റ് അക്കൗണ്ടുകളും മുംബൈ പൊലീസ് മരവിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ലോണുകള്‍ തിരിച്ചടയ്ക്കാതിരുന്നപ്പോഴും പിഎംസി ബാങ്ക് ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. 2008 മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പിഎംസി റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തലുണ്ട്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it