കേരള ബാങ്കിന് 374.75 കോടി ലാഭം

കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിന് ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 2019 നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 374.75 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലയനം നടന്ന വേളയില്‍ സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. പിന്നീടുള്ള പ്രവര്‍ത്തന കാലഘട്ടത്തില്‍ ലാഭം നേടാന്‍ സാധിച്ചതിനാല്‍ ഇപ്പോള്‍ സഞ്ചിത നഷ്ടം 776 കോടി രൂപയായി കുറച്ചുകൊണ്ടുവരാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സാധാരണ സഹകരണ ബാങ്കുകളില്‍ വായ്പാ തിരിച്ചടവ് ഏറെ പങ്കും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം വായ്പാ തിരിച്ചടവ് കുറഞ്ഞത് ബാങ്കിന്റെ നിഷ്‌ക്രിയാസ്തി വര്‍ധിക്കാന്‍ കാരണമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിഷ്‌ക്രിയാസ്തിക്കു വേണ്ടി ഇതുവരെ 1524.54 കോടി രൂപ കരുതല്‍ ധനമായി ബാങ്ക് വെച്ചിട്ടുണ്ട്.

2019 - 2020 സാമ്പത്തിക വര്‍ഷം 101194.40 കോടിയുടെ ബിസിനസ്സാണ് കേരള ബാങ്കിനുള്ളത്. 61037.59 കോടി രൂപ നിക്ഷേപവും 40156.81 കോടി രൂപ വായ്പയും.

മുന്‍വര്‍ഷത്തേക്കാള്‍ നിക്ഷേപം 1525. 8 കോടിയും വായ്പ 2026.40 കോടിയും വര്‍ധിച്ചു.

മുന്‍ഗണനാമേഖലകളായ കൃഷി, ചെറുകിട സംരംഭങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവനവായ്പകള്‍, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന കേരള ബാങ്ക് ഈ മേഖലകളിലായി 13ഓളം വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 769 ശാഖകളാണ് കേരള ബാങ്കിനുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ഇതര സംഘങ്ങളെയും ശക്തിപ്പെടുത്തി സഹകരണ ബാങ്കിംഗ് രംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it