പ്രവാസി സഹകരണത്തില്‍ കേരള ബാങ്കിന് പ്രതീക്ഷ

കേരളത്തിന്റെ സ്വന്തം ബാങ്കാകുന്നതിനൊപ്പം പ്രവാസി മലയാളികള്‍ക്ക് നിക്ഷേപവും മറ്റിടപാടുകളും സുഗമമായി നടത്തുന്നതിനു സൗകര്യമൊരുക്കാന്‍ കേരള ബാങ്ക് സജീവ താല്‍പ്പര്യമെടുക്കും. എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കുന്നതിനായുള്ള അനുമതി അപേക്ഷ ആര്‍ബിഐക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിദേശത്തുള്ള മലയാളികള്‍ക്ക് ഇടപാട് നടത്തുന്നതിനുള്ള സൗകര്യം അവിടെ ഏര്‍പെടുത്താന്‍ കഴിയുമെന്നും ഇന്നലെ തിരുവനന്തപുരത്ത് കേരള ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് കേരള ബാങ്ക് മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അയ്യായിരം കോടി രൂപയുടെ ഹ്രസ്വകാല വായ്പകള്‍ 2020 മാര്‍ച്ചോടെ വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യത്തോടെയാണ് കേരള ബാങ്ക് നിലവില്‍ വരുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിന്റെ 'ടച്ച് പോയിന്റു'കളാക്കും. വായ്പയ്ക്ക് കര്‍ഷകന്‍ ഇതുവരെ കൊടുത്ത പലിശയല്ല ഇനി കൊടുക്കേണ്ടി വരിക. ഒരു ശതമാനമെങ്കിലും കുറവ് കര്‍ഷകര്‍ക്കുണ്ടാകും - മുഖ്യമന്ത്രി അറിയിച്ചു. എന്‍ആര്‍ഐകള്‍ പ്രതിവര്‍ഷം 1.5 ലക്ഷം കോടി രൂപ സംസ്ഥാനത്തേക്ക് അയയ്ക്കുന്നുണ്ട്. ഇത് കേരള ബാങ്കിനും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ സഹകരണ മേഖല വര്‍ഷങ്ങളായി ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയിട്ടുള്ളതിനാല്‍ കേരള ബാങ്കിന്റെ ഭാവിയെപ്പറ്റി ആശങ്ക ഇല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെ സംയോജനത്തിലൂടെ നിക്ഷേപ അടിത്തറ പുതിയ ബാങ്കിലേക്ക് മാറ്റപ്പെടും. രാജ്യത്തെ സഹകരണ ബാങ്കിംഗ് സംവിധാനങ്ങളുടെ കാര്യത്തില്‍ കേരളത്തിന് ഏറ്റവും സ്ഥാപിതമായതും ശക്തവുമായ ഒരു ശൃംഖലയുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഒപ്പം പ്രവര്‍ത്തിക്കുമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ കേരള ബാങ്കിന് കീഴില്‍ വിശാലമായ ഒരു ശൃംഖല ഉണ്ടാകും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഒരു ബാങ്ക് വേണം എന്ന ആവശ്യം ഉയര്‍ന്നു വന്നത്. അതിന്റെ ഉത്തരമാണ് കേരള ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 2017 മാര്‍ച്ചില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുകയായിരുന്നു.

കേരള ബാങ്ക് രൂപീകരിക്കാനുള്ള ആശയവുമായി ഈ വര്‍ഷം മാര്‍ച്ചില്‍ കേരളം റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കിയത്. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ അനുസരിച്ച്, സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുറമെ കേരള സംസ്ഥാന സഹകരണ സൊസൈറ്റി നിയമത്തിലെ വ്യവസ്ഥകള്‍ ബാങ്ക് കര്‍ശനമായി പാലിക്കുകയും വേണം.ലയനത്തിനുള്ള വ്യവസ്ഥകള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് 2020 മാര്‍ച്ച് 31 ന് മുമ്പ് റിസര്‍വ് ബാങ്കിന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പ്രാഥമിക, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്കിന്റെ രൂപീകരണം.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെ സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും സര്‍ക്കാരിന്റെ സംയോജന പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ബാങ്ക് രൂപീകരണത്തെ എതിര്‍ത്തുകൊണ്ട് നിരവധി ഹര്‍ജികള്‍ കേരള ഹൈക്കോടതി മുന്നില്‍ എത്തിയെങ്കിലും ലയനനടപടികളില്‍ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നല്‍കുകയായിരുന്നു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോര്‍ജ് എന്നിവരുള്‍പ്പെട്ട താത്കാലിക ഭരണസമിതിയാകും ബാങ്ക് ഭരിക്കുക. ഒരുവര്‍ഷമാണ് സമിതിയുടെ കാലാവധി. എന്നാല്‍, ലയനം പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേല്‍ക്കും. കേരള ബാങ്ക് സി.ഇ.ഒ. ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായ പി.എസ്. രാജന്‍ ജനുവരിയില്‍ ചുമതലയേല്‍ക്കും. ബാങ്കിന്റെ പുതിയ ബാങ്കിങ് നയം ഉടന്‍ പ്രഖ്യാപിക്കും.

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരള ബാങ്ക്.ജനങ്ങളെ ചൂഷണം ചെയ്യാത്ത ഒരു ബാങ്ക് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് സഹകരണ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബാങ്ക് രൂപീകരിക്കുന്നതിന് എതിരാണ്.അതേസമയം, മലപ്പുറം ജില്ലാ സഹകരണ ബാങ്കും എതിര്‍പ്പിനു വിരാമമിട്ട് കേരള ബാങ്കിന്റെ ഭാഗമാകണമെന്ന ചര്‍ച്ച ജില്ലയിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലും ചൂടു പിടിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it