കേരള ബാങ്ക്: തുടക്കത്തിലേ കല്ലുകടികള്‍
കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക അനുമതി ലഭിച്ചതോടെ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന ആശയം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ 738 ശാഖകളും കൂടാതെ സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും ചേര്‍ന്നതായിരിക്കും കേരള ബാങ്ക്. സംസ്ഥാനത്തെ 1640 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ 2929 ശാഖകളിലൂടെയും കേരള ബാങ്കിന്റെ സേവനം ലഭ്യമാകും. ജില്ലാ ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ ഇപ്പോഴുള്ള ത്രിതല സംവിധാനം ദ്വിതല ബാങ്കിംഗിലേക്ക് മാറുന്നതാണ്.
ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ ലയനത്തെ എതിര്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതിബന്ധങ്ങള്‍ നിരവധി
ആര്‍.ബി.ഐ മാനദണ്ഡപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31 മുന്‍പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് കേരള ബാങ്കിനുള്ള അന്തിമാനുമതിയും ലൈസന്‍സും നേടേണ്ടതുണ്ട്. ഒപ്പം സോഫ്റ്റ്‌വെയറുകളുടെ ഏകീകരണം, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ രൂപീകരണം, ജീവനക്കാരുടെ പുനര്‍വിന്യാസം തുടങ്ങിയ അനേകം നടപടികള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവയെല്ലാം സമയബന്ധിതമായി നിര്‍വ്വഹിച്ചാല്‍പ്പോലും സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ കേരള ബാങ്ക് വിജയിക്കുമോ, സംസ്ഥാന സമ്പദ്ഘടനക്ക് ഇത് ഗുണകരമാകുമോ, സഹകരണ ബാങ്കിംഗ് സംവിധാനത്തിന് ഇത് തിരിച്ചടിയാകുമോ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ വിദഗ്ധരുടെ കാഴ്ചപ്പാടുകള്‍ ചുവടെ.
കേരള ബാങ്ക് ഒരു ചാപിള്ളയാകും
സി.പി ജോണ്‍
മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം
കേരള ബാങ്കെന്നത് ശാസ്ത്രീയമായ ഒരു ആശയമല്ല. കേരളത്തിന്റേതായ വലിയൊരു ബാങ്ക് ഉണ്ടാക്കണമായിരുന്നെങ്കില്‍ 600 കോടിയോളം ഓഹരി മൂലധനമുള്ള, ഷെഡ്യൂള്‍ഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്കിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് തന്നെ സാധിക്കുമായിരുന്നു. അതിന് പകരം 14 ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയാണ് (ഡി.സി.ബി) ലയിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഡി.സി.ബികളിലാണ് സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണമുള്ളത്. കാരണം അവ സഹകരണ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്, ഷെഡ്യൂള്‍ഡ് ബാങ്കുകളുമല്ല. കൂടാതെ മിക്ക ഡി.സി.ബികളും സാമ്പത്തിക അടിത്തറയുള്ളതും ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമാണ്.
നിയമനം നിലയ്ക്കും
ഇന്ത്യയിലെ ആകെ കോ-ഓപ്പറേറ്റീവ് ബാങ്കിംഗിന്റെ 50 ശതമാനത്തിലധികം തുകയും കേരളത്തിലാണുള്ളത്. ഡിസ്ട്രിക്ട് എക്കോണമിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ അതിനെ മുഴുവന്‍ ബലികൊടുത്തുകൊണ്ടാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. കോ-ഓപ്പറേറ്റീവ് വികേന്ദ്രീകരണത്തിന്റെ ഏറ്റവും വികസിതമായ രൂപത്തിനെ കേരള ബാങ്കിലൂടെ വീണ്ടും പുനര്‍കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേരള ബാങ്കെന്നത് ഒരു ചാപിള്ളയായിരിക്കും. സംസ്ഥാന സഹകരണ ബാങ്കിലുണ്ടായിരുന്നതിനെക്കാള്‍ നിയന്ത്രണം ആര്‍.ബി.ഐക്ക് കേരള ബാങ്കിലുണ്ടാകും. ആര്‍.ബി.ഐയുടെ ശക്തമായ നിയന്ത്രണം കാരണം കേരള ബാങ്കിന്റെ ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാനും സാധ്യമല്ല. ലയനത്തോടെ ജീവനക്കാര്‍ അധികമാകുമെന്നതിനാല്‍ വരുന്ന അഞ്ച് വര്‍ഷത്തേക്ക് നിയമനം നിലക്കും. കേരള ബാങ്കിന്റെ നിക്ഷേപ-വായ്പാ അനുപാതവും മറ്റും കണക്കിലെടുത്ത് നിലവിലുള്ള അനേകം ശാഖകള്‍ ഭാവിയില്‍ അടച്ചുപൂട്ടപ്പെടാനും സാധ്യതയുണ്ട്.
രാഷ്ട്രീയ അതിപ്രസരം ഇല്ലാതാകും
കെ.ആര്‍ മോഹനചന്ദ്രന്‍
മുന്‍ ചീഫ് ജനറല്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്
കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഏകോപനമാണ് കേരള ബാങ്കിന്റെ രൂപീകരണത്തിലൂടെ നടക്കുന്നത്. കേരള ബാങ്കിന്റെ രൂപീകരണം സാധ്യമാണെങ്കിലും അതത്ര എളുപ്പമുള്ള ഒന്നല്ല. കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ലാണ് ഇവിടത്തെ സഹകരണ ബാങ്കുകള്‍. അതിനാല്‍ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഇപ്പോഴത്തെ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹകരണ ബാങ്കുകളെ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുന്നൊരു സമീപനമായിരുന്നു ഏറ്റവും അനുയോജ്യം. കേരള എക്കോണമിയുടെ വികസനത്തിന് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ കൊടുത്തിരുന്ന അത്രത്തോളം ഫോക്കസ് കേരള ബാങ്കിന് കൊടുക്കാനാകുമോയെന്ന കാര്യം സംശയമാണ്. കാരണം ആര്‍.ബി.ഐയുടെ കീഴിലാകുന്നതോടെ മറ്റുള്ള കൊമേഴ്‌സ്യല്‍ ബാങ്കുകളെപ്പോലെ ആയിരിക്കും കേരള ബാങ്കിന്റെ സമീപനവും ശൈലിയും.
കിട്ടാക്കടം വെല്ലുവിളിയാകും
അതേസമയം ബാങ്കിംഗ് പ്രസ്ഥാനത്തില്‍ സ്ഥിരത കൊണ്ടുവരുന്നതിനും ഇപ്പോഴുള്ള അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനും കേരള ബാങ്ക് സഹായകരമാകും. കിട്ടാക്കടത്തിനുള്ള ആര്‍.ബി.ഐയുടെ ഐ.ആര്‍.എ.സി നിബന്ധനകള്‍ നടപ്പാക്കപ്പെടുന്നതോടെ പല കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും മറഞ്ഞിരിക്കുന്ന എന്‍.പി.എയുടെ വ്യാപ്തി പുറത്തുവരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ എന്‍.പി.എ മാനേജ്‌മെന്റായിരിക്കും കേരള ബാങ്കിന് മുന്നിലുള്ള ഏറ്റവും വലിയൊരു വെല്ലുവിളി. തുടക്കത്തില്‍ കേരള ഫോക്കസോടെ പ്രവര്‍ത്തിക്കുമെങ്കിലും കാലക്രമേണ ദേശീയ താല്‍പ്പര്യവും ദേശീയ സാന്നിദ്ധ്യവും അറിയിക്കുന്ന തരത്തിലേക്ക് മാറാന്‍ കേരള ബാങ്കും നിര്‍ബന്ധിതമായേക്കും. അതിനാല്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഇപ്പോള്‍ കേരള എക്കോണമിക്ക് നല്‍കുന്നതിന് ഉപരിയായുള്ള ഒരു പ്രാധാന്യം ഭാവിയില്‍ കേരള ബാങ്കിന് നല്‍കാന്‍ കഴിയണമെന്നില്ല.
സമ്പദ്ഘടനക്ക് ഗുണകരം
വി.കെ പ്രസാദ്
ബാങ്കിംഗ് നിരീക്ഷകന്‍
ജില്ലാ സഹകരണ ബാങ്കുകളുടെ (ഡി.സി.ബി) പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സംസ്ഥാന സഹകരണ ബാങ്കുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയെന്നതാണ് കേരള ബാങ്കിന്റെ രൂപീകരണത്തിന് വേണ്ട ആദ്യത്തെ നടപടി. ലയനത്തോടെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ ഡി.സി.ബികളിലുള്ള ഓഹരി പങ്കാളിത്തം സംസ്ഥാന സഹകരണ ബാങ്കിന്റേതായി മാറും. അതിനാല്‍ മൂലധനത്തിന്റെ വലിയൊരു പ്രശ്‌നം ഉണ്ടാകാനിടയില്ല. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ സഹകരണ മേഖലയില്‍ നടപ്പാക്കിയിട്ടുള്ളതിനാല്‍ കിട്ടാക്കടം കണക്കാക്കുന്നതിന് പുതിയൊരു പ്രക്രിയയുടെ ആവശ്യമില്ല. പകരം അതിനാവശ്യമായ മൂലധനം വകയിരുത്തിയാല്‍ മതി.
മിക്ക ഡി.സി.ബികളും ഇന്‍ഫോസിസിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനാല്‍ വളരെ വേഗം തന്നെ എല്ലാ ബാങ്കുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനാകും. കേരളത്തിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളെ പിന്തുണക്കാന്‍ കേരള ബാങ്കിന് സാധിക്കും. കാരണം ഏതുതരം വായ്പ
കളില്‍ ഊന്നല്‍ കൊടുക്കണമെന്നത് ബാങ്കിന്റെ നയപരമായ തീരുമാനമാണ്. കൂടാതെ സര്‍ക്കാരിന് താല്‍പ്പര്യമുള്ള അടിസ്ഥാനസൗകര്യ വികസനം പോലുള്ള പദ്ധതികള്‍ക്ക് ഫണ്ടിംഗ് നിര്‍വഹിക്കാനും കേരള ബാങ്കിന് കഴിയും.
കേരള ബാങ്കിന്റെ ഉടമസ്ഥത സഹകരണ മേഖലക്കാണ്. ഡി.സി.ബികള്‍ക്ക് ഒരു ഇന്റര്‍മീഡിയറി ഫംഗ്ഷന്‍ മാത്രമേയുള്ളൂ. അതിനാല്‍ അവ ഇല്ലാതാകുന്നത് സഹകരണ മേഖലയെ ഒരുതരത്തിലും ബാധിക്കുകയില്ല. അതേസമയം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഇനിമുതല്‍ ഒരു ഡ്യൂവല്‍ റോള്‍ നിര്‍വ്വഹിക്കാനാകും. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ കേരള ബാങ്കിന്റെ ഉല്‍പ്പന്നങ്ങളിലൂടെ പ്രാഥമിക ബാങ്കുകള്‍ക്ക് നല്‍കാനാകും. അതോടൊപ്പം നബാര്‍ഡിന്റെ റീഫിനാന്‍സ് ഉപയോഗിച്ചുള്ള അവയുടെ തനതായ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ തുടരുകയും ചെയ്യും.