കുടുംബശ്രീ മുഖേന 7000 ഭവന വായ്പ: ഐസിഐസിഐ ബാങ്കുമായി കരാര്‍

കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന
പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2021 മാര്‍ച്ചിനുള്ളില്‍ 7000 കുടുംബങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ഐസിഐസിഐ ബാങ്കിന്റെ ഭവന വായ്പാ വിഭാഗമായ ഐസിഐസിഐ എച്ച്എഫ്‌സിയും തമ്മില്‍
ധാരണയിലെത്തി.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും
ഐസിഐസിഐ-എച്ച്എഫ്‌സി ബിസിനസ് വിഭാഗം ദേശീയമേധാവി (ഡിസ്ട്രിബ്യൂഷന്‍) കയോമര്‍സ് ധോത്തീവാലയും ഇതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യയുമായും ആക്സിസ് ബാങ്കുമായും സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,343 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം വായ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈയുടെ (നഗരം) - ലൈഫ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

പിഎംഎവൈയുടെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതിയാണ്
സിഎല്‍എസ്എസ്.

കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം. ഭാവന, മുനിസിപ്പല്‍ ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ് കെ. കുമാര്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌പെഷ്യലിസ്റ്റ് കെ. പ്രതിഭ എന്നിവരും ഐസിഐസിഐ എച്ച്എഫ്‌സി സോണല്‍ ബിസിനസ് മാനേജര്‍ സൂസന്‍ മാത്യു,
റീജിയണല്‍ മാനേജര്‍ ദീപു ജോസ്, ഐസിഐസിഐ റീജിയണല്‍ മേധാവി എ.എസ്. അജീഷ്, ചീഫ് മാനേജര്‍ അരവിന്ദ് ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it