'ഏത് വെല്ലുവിളിയും നേരിടാന്‍ എല്‍ഐസി സജ്ജം'

31.11 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യ്ക്ക്. 29 കോടി സജീവമായ ഇന്‍ഷുറന്‍സ് പോളിസികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന ഒരാളെയെങ്കിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും കണ്ടുമുട്ടാം. ഇന്ത്യയില്‍ ഇന്‍
ഷുറന്‍സ് എന്നാല്‍ എല്‍ഐസി എന്ന് പറയും പോലെ സമൂഹവുമായി ഇഴുകി ചേര്‍ന്നിരിക്കുന്ന ഈ മഹാപ്രസ്ഥാനത്തിന്റെ മാനേജിംഗ് ഡയറക്റ്ററാണ് മലയാളിയായ ടി.സി സുശീല്‍ കുമാര്‍. ഈയിടെ കൊച്ചിയിലെത്തിയ സുശീല്‍ കുമാര്‍ ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എല്‍ഐസിയെയും ഭാവി പദ്ധതികളെയും കുറിച്ച് സംസാരിക്കുന്നു

ഇന്ത്യയിലെ ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെന്നിരിക്കുന്ന പ്രസ്ഥാനമാണല്ലോ എല്‍ഐസി. പുതിയ കാലത്തില്‍ എല്‍ഐസിയ്ക്കു മുന്നില്‍ സാധ്യതകളെന്താണ്, വെല്ലുവിളികളും?

മിലേനിയല്‍സ്, അഥവാ നമ്മുടെ ഇപ്പോഴത്തെ 'നെറ്റ് ജനറേഷനി'ല്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നത് ഒരേ സമയം അവസരവുമാണ് വെല്ലുവിളിയുമാണ്. ഇപ്പോഴത്തെ യുവസമൂഹത്തിന് ഭാവിയെ കരുതി പണം സമ്പാദിച്ചുവെയ്ക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യ
മല്ല. മാത്രമല്ല പണം ചെലവിടാന്‍ ഒട്ടനവധി മാര്‍ഗങ്ങളുമുണ്ട്. ഭാവിയിലേക്ക് കരുതല്‍ വേണമെന്ന് ഈ തലമുറയെ പഠിപ്പിക്കാന്‍ കഠിനാധ്വാനം തന്നെ നടത്തേണ്ടി വരും.

അതുപോലെ തന്നെ ടെക്‌നോളജി രംഗത്തും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. ഇന്നത്തെ ഇടപാടുകാര്‍ എന്നും അക്കാര്യത്തില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കുന്ന സേവനങ്ങളാണ് പ്രതീക്ഷിക്കുന്നത്.

എല്‍ഐസിയുടെ സബ്‌സിഡിയറിയായി ഇപ്പോള്‍ ഐഡിബിഐ ബാങ്കുണ്ട്. ബാങ്ക്-ഇന്‍ഷുറന്‍സ് കൂട്ടുപ്രവര്‍ത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം
പോസിറ്റീവായൊരു കാര്യമാണ്. വിപണി വിഹിതത്തിന്റെ 70 ശതമാനത്തോളം നേടി വിപണി നായകരാക്കി എല്‍ഐസിയെ നിലനിര്‍ത്തുന്നത് ആത്മാര്‍ത്ഥമായ, കെട്ടുറപ്പുള്ള ടീമാണ്. ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണ് ഈ ടീം.

വരും വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് രംഗത്ത് വരാനിടയുള്ള സുപ്രധാന മാറ്റങ്ങളെന്തൊക്കെയാണ്? എങ്ങനെയാണ് എല്‍ഐസിയെ അത്തരം മാറ്റങ്ങളെ നേരിടാനായി സ്വയം ഒരുക്കിയിരിക്കുന്നത്?

ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതില്‍ ഒട്ടനവധി ഇന്നൊവേഷനുകളും ഡിജിറ്റല്‍ ഡിസ്‌റപ്ഷനും സുപ്രധാന പങ്കുവഹിക്കും. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഇന്‍ഷുറന്‍സ് സര്‍വീസ് മേഖലയെ തന്നെ മാറ്റിമറിച്ചേക്കും. ഡാറ്റ അനലിറ്റിക്‌സ് ക്ലെയിം മാനേജ്‌മെന്റ് രംഗത്ത് കൃത്യമായ ഉള്‍ക്കാഴ്ച നല്‍കാനായി ഉപയോഗിക്കപ്പെടും. അതുപോലെ മറ്റ് സേവന, മാര്‍ക്കറ്റിംഗ് രംഗത്തും ഡാറ്റ അനലിറ്റിക്‌സ് സുപ്രധാന റോള്‍ വഹിക്കും. എന്നിരുന്നാലും ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് മാനുഷിക സ്പര്‍ശം തന്നെയാണ് മുഖ്യപങ്ക് വഹിക്കുക. വിപണി നായകത്വം വഹിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ഭാവി മാറ്റങ്ങളെ മുന്നില്‍ കണ്ട് സ്വയം സജ്ജമാകാന്‍ വേണ്ട കാര്യങ്ങള്‍ അനുയോജ്യമായ വേളയില്‍ എല്‍ഐസി ചെയ്തിരിക്കും.

വിപണിയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ എങ്ങനെയാണ് ഇന്‍ഷുറന്‍സ് അഡൈ്വസര്‍മാരെയും ഏജന്റുമാരെയും സജ്ജരാക്കുന്നത്? അവരോടുള്ള താങ്കളുടെ ഉപദേശമെന്താണ്?

ഏത് സാഹചര്യത്തിലും ചില പരമ്പരാഗതമായ അടിസ്ഥാനമൂല്യങ്ങള്‍ അനിവാര്യമാണ്. ഉപഭോക്താക്കളുമായി അടുത്ത ബന്ധം നിത്യം പുലര്‍ത്ത
ണം. അവര്‍ക്ക് സഹായം വേണ്ടിടത്ത് അത് കൃത്യമായി നല്‍കിയിരിക്കണം. ഇവയൊക്കെ ബിസിനസ് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് അത്യാവശ്യമാണ്. മറ്റുള്ള ടെക്‌നോളജി സംവിധാനങ്ങളെല്ലാം അധികമായി പിന്തുണ നല്‍കാനുള്ളവ മാത്രമാണ്. ഉപഭോക്താവാണ് എല്ലാം എന്ന ഏക ആശയത്തിലുറച്ചുനിന്നാണ് ഞങ്ങള്‍ ഞങ്ങളുടെ ഏജന്റുമാരുടെ വിശ്വാസം ബലപ്പെടുത്തിയത്.

പുതിയ ഉല്‍പ്പന്നങ്ങളെയും മറ്റു കാര്യങ്ങളെയും കുറിച്ച് കൃത്യമായ ധാരണ നല്‍കാന്‍ റീജണല്‍ ട്രെയ്‌നിംഗ്‌സെന്ററില്‍ കൃത്യമായ ഇടവേളയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഉന്നത തലത്തിലുള്ള ഏജന്റുമാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഐഐഎമ്മുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. മികച്ച പ്രകടനങ്ങള്‍ അംഗീകരിക്കപ്പെടുന്നതാണ് എപ്പോഴും ഏറ്റവും നല്ല പ്രചോദനാത്മകമായ ഘടകം. ഞങ്ങള്‍ ഇത് നിരന്തരം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതിനോടൊപ്പം ആകര്‍ഷകമായ പ്രതിഫല ഘടനയുമുണ്ട്.

സാമ്പത്തിക രംഗത്ത് അത്ര ശുഭകരമല്ല സ്ഥിതിഗതികള്‍. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് വിപണിയുടെ വളര്‍ച്ചയെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

പഠനങ്ങള്‍ തെളിയിക്കുന്നത് ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് രംഗത്തിന്റെ ഭാവി ശോഭനമാണെന്നാണ്. അതുപോലെ തന്നെ മികച്ച വളര്‍ച്ചയ്ക്കും ഈ രംഗം സാക്ഷ്യം വഹിക്കും. ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷപാദത്തില്‍ പോലും എല്‍ഐസിയും മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വര്‍ധിക്കുകയാണ്. ജനങ്ങള്‍ അധികമായി ഇന്‍ഷുറന്‍സിനെ നല്ല സമ്പാദ്യമായും സുരക്ഷയായും കാണുന്നുണ്ട്. ഭാവിയിലും അത് തുടരും.

ഞങ്ങള്‍ ഇനിയും കഠിനാധ്വാനം നടത്തിയാലെ വിപണി വളരൂവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇനിയും എത്തിച്ചേരാത്ത വലിയൊരു വിഭാഗം ജനത ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.

ഒരു ഇന്‍ഷുറന്‍സ് പ്രൊഫഷണല്‍ എന്ന നിലയില്‍ താങ്കളുടെ കരിയറില്‍ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്താണ്?

ഞാന്‍ കോഴിക്കോട് സീനിയര്‍ ഡിവിഷണല്‍ മാനേജറായി സേവനമനുഷ്ഠിക്കുന്ന കാലത്ത് കോഴിക്കോട് ഡിവിഷന്‍ രാജ്യത്തെ നമ്പര്‍ വണ്‍ ഡിവിഷനായത് സന്തോഷം നല്‍കിയ കാര്യമാണ്. തെലങ്കാനയിലെ കര്‍ഷകര്‍ക്കായി ഒരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചിരുന്നു. ഇത് ആ രംഗത്തെ ഒരു ഗെയിം ചേഞ്ചര്‍ തന്നെയായി. ഇന്ന് പല സംസ്ഥാനങ്ങളിലും ഇത് ചര്‍ച്ചാവിഷയമാണ്. അതൊരു സംതൃപ്തി നല്‍കുന്ന ഘടകമാണ്.

പിന്നെ, എല്‍ഐസിയെ പോലെ വിശ്വാസ്യതയും സമൂഹത്തില്‍ ഇത്രമാത്രം വേരോട്ടവുമുള്ള പ്രസ്ഥാനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ആകുക എന്നത് തീര്‍ച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്.


പഠിച്ച പാഠങ്ങള്‍

* എത്രയേറെ ഉയരങ്ങളിലേക്ക് പോയാലും നമ്മുടെ കാലുകള്‍ എന്നും ഭൂമിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തണം.

* സദാ നമ്മുടെ കണ്ണും കാതും തുറന്നു വെയ്ക്കുക.

* നമ്മുടെ ടീം മനുഷ്യവിഭവശേഷിയാണ് എന്നും പ്രധാനം. അവരെ എന്നും അങ്ങേയറ്റത്തെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുക.

* ജോലികള്‍ വിഭജിച്ച് നല്‍കിയിരിക്കണം. അതിന് ചുറ്റിലുമുള്ളവരെ, അവരുടെ കഴിവിനെ വിശ്വസിക്കണം.

* നിരന്തര പഠനം അനിവാര്യമാണ്. എപ്പോഴും നാം അപ്‌ഡേറ്റ് ചെയ്തിരിക്കണം. നമ്മള്‍ ഏത് മേഖലയിലാണോ നില്‍ക്കുന്നത് ആ രംഗത്തെയും അനുബന്ധമേഖലകളിലെയും ഏറ്റവും പുതിയ കാര്യങ്ങളെ കുറിച്ച് ബോധ്യം വേണം.

* എളിമ, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും നന്മ ചെയ്യുന്ന ഘടകമാണ്.

സുശീല്‍കുമാറിന്റെ മാനേജ്‌മെന്റ് ശൈലി

* ടീമംഗങ്ങളെ ശാക്തീകരിച്ച് അവര്‍ക്ക് ജോലികള്‍ ഡെലിഗേറ്റ് ചെയ്യുകയാണ് രീതി

* മറ്റുള്ളവര്‍ എങ്ങനെ നമ്മളോട് പെരുമാറണമെന്നാണോ ആഗ്രഹിക്കുന്നത്, അതുപോലെ മറ്റുള്ളവരോട് പെരുമാറുന്നു, അവരെ പരിഗണിക്കുന്നു.

* കൃത്യസമയത്ത് തീരുമാനമെടുക്കുക എന്നതിനു തന്നെയാണ് എന്നും മുന്‍തൂക്കം. ഒരു തീരുമാനം കൈകൊള്ളുമ്പോള്‍ അതെങ്ങനെയാകും ഒരു ഇടപാടുകാരനെ സ്വാധീനിക്കുക എന്നാകും എപ്പോഴും പരിശോധിക്കുന്നത്.

* നല്ല സമയത്തും മോശം സാഹചര്യങ്ങളിലും ടീമുമായി നിരന്തരം ആശയവിനിമയം നടത്തും.

* എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ആരെയും ക്ഷമയോടെ കേള്‍ക്കും.


ടി.സി സുശീല്‍ കുമാര്‍

പാലക്കാട് സ്വദേശി. വിക്ടോറിയ കോളെജില്‍ നിന്ന് ഇക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഉടന്‍ 1984ല്‍ എല്‍ഐസിയില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. 23ാം വയസില്‍ കരിയര്‍ ആരംഭിച്ച സുശീല്‍കുമാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. സോണല്‍ മാനേജര്‍ (ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക), എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (ബാങ്കഷ്വറന്‍സ്), കര്‍ണാടക റീജിയണല്‍ മാനേജര്‍, ചീഫ് ഓഫ് എല്‍ഐസി മൗറീഷ്യസ് ഓപ്പറേഷന്‍സ്, കോഴിക്കോട് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചു. മായയാണ് ഭാര്യ. മകന്‍ ഗൗതം. കോര്‍പ്പറേറ്റ് ലോയറാണ്. മകള്‍ ഗായത്രി ഹൈദരാബാദ് EFLU വില്‍ പഠിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it