മോറട്ടോറിയം കാലാവധി നീട്ടല്‍; വിവിധ തരം വായ്പയുള്ളവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും, അറിയേണ്ട കാര്യങ്ങള്‍

രാജ്യമെമ്പാടും ലോക്ഡൗണ്‍ ആയപ്പോളാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കായി റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക് മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇപ്പോളിതാ വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടിയതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിപ്പുണ്ടായി. പുതിയ തീരുമാനം പ്രകാരം ഓഗസ്റ്റ് 31 വരെ മൊറട്ടോറിയം തുടരും. റീപ്പോ, റീവേഴ്സ് റീപ്പോ നിരക്കുകള്‍ കുറച്ചതാണ് റിസര്‍വ് ബാങ്കിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. നിരക്ക് കുറച്ചതോടെ വിവിധ വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും. റീപ്പോ നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്കും (വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്ക്) റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്.

കാര്‍ ലോണ്‍, ഭവന വായ്പ, സ്വര്‍ണപ്പണയ വായ്പ തുടങ്ങിയവയൊക്കെയുള്ളവര്‍ക്ക് പ്രയോജനമാകുന്ന തീരുമാനമാണ് ആര്‍ബിഐ എടുത്തിരിക്കുന്നത്. കൂടാതെ എല്ലാ കാര്‍ഷിക വായ്പകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കും എംഎസ്എംഇ വായ്പകള്‍ക്കും ഈ നിരക്ക് ബാധകമായതിനാല്‍ നിരവധി പേര്‍ക്ക് നേട്ടം ലഭിക്കും. എന്നാല്‍ റിപ്പോ നിരക്ക് എപ്പോള്‍ വേണമെങ്കിലും കൂടിയേക്കാം. എങ്കിലും ശമ്പളം കുറഞ്ഞ, വരുമാനം നിലച്ചവര്‍ക്ക് മോറട്ടോറിയം പ്രയോജനമാകുമെന്നതാണ് വിലയിരുത്തല്‍. അതേ സമയം ശമ്പളം ഉള്ളവര്‍ക്ക് പലിശയിനത്തില്‍ ബാധ്യത വന്നേക്കാവുന്നതിനാല്‍ മുടക്കമില്ലാതെ വായ്പ തിരിച്ചടയ്ക്കുന്നത് തന്നെയാണ് നല്ലത്.

സാധാരണക്കാര്‍ക്ക് ഗുണകരമാകുന്നതെങ്ങനെ?

  • നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാന്‍ കയ്യില്‍ കാശില്ലെങ്കില്‍ ഈ ആനുകൂല്യത്തിനായി അപേക്ഷിക്കണം.
  • ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, ചെറുകിട ലോണുകള്‍ കൊടുക്കുന്ന ചെറിയ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിങ്ങളുടെ വായ്പാ കാലാവധി നീട്ടി തരുവാന്‍ മോറട്ടോറിയം വഴി കഴിയും.
  • മോറട്ടോറിയം വഴി അടയ്‌ക്കേണ്ട തവണയും പലിശയുമാണ് നീട്ടിക്കിട്ടുന്നത്.
  • നോട്ടീസ്, ബാങ്കിന്റെ അറിയിപ്പ്, ഇ- മെയ്‌ലുകള്‍ പോലെ ഈ കാലാവധി തീരുന്നതു വരെ നിങ്ങള്‍ക്ക് ബാങ്കിന്റെ ഭാഗത്തു നിന്ന് തലവേദനകള്‍ ഉണ്ടാകില്ല.
  • ഇത് സിബില്‍ സ്‌കോറിനെ ബാധിക്കില്ല.
  • എങ്ങനെയാണ് ലോണ്‍ കാലാവധി നീട്ടിക്കിട്ടുന്നതെന്നു പറയാം. നിങ്ങള്‍ എടുത്തിരിക്കുന്നത് കാര്‍ ലോണ്‍ ആണെങ്കില്‍ അത് അടച്ചു തീര്‍ക്കേണ്ടത് 2025 മാര്‍ച്ചിലാണെങ്കില്‍ 2025 സെപ്റ്റംബറില്‍ അടച്ചു തീര്‍ത്താല്‍ മതി. ഇതാണ് പ്രയോജനം.

മോറട്ടറിയം ഒഴിവാക്കുന്നത് കൊണ്ടുള്ള ഗുണം

ഇനി നിങ്ങളുടെ സ്ഥിരവേതനമോ മറ്റു വരുമാനങ്ങളോനിലച്ചിട്ടില്ല. ചെലവു കുറഞ്ഞതിലൂടെ അധിക പണം കയ്യിലുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് മോറട്ടോറിയം വേണ്ട. ബാങ്കിനോട് മോറട്ടോറിയം ആവശ്യപ്പെടാതെ തുടരാം. ഇതിനുമുണ്ട് പ്രയോജനങ്ങള്‍.

പലിശ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇഎംഐ തുടര്‍ന്നും അടച്ചാല്‍ വായ്പയുടെ കാലാവധി നേരത്തെ തീരാനും പലിശയില്‍ കാര്യമായ കുറവുണ്ടാകാനും ഇടയാക്കും. ഉദാഹരണത്തിന് നിങ്ങള്‍ 45 ലക്ഷം ഭവനവായ്പയെടുത്തയാളാണെന്ന് കരുതുക. 300മാസമാണ് തിരിച്ചടവ് കാലാവധി. മോറട്ടോറിയത്തിന്റെ ആനുകൂല്യത്തോടൊപ്പം പലിശനിരക്കിലെ കുറവുകൂടി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് 11.59 ലക്ഷത്തോളമാണ് മൊത്തമടയ്ക്കുന്ന പലിശയില്‍ ലാഭിക്കാനാകുക.

അതേസമയം മോറട്ടോറിയം അവഗണിച്ച് ഇഎംഐ അടയ്ക്കല്‍ തുടര്‍ന്നാല്‍ 15.39 ലക്ഷം രൂപയാകും പലിശയിനത്തില്‍ കുറവുണ്ടാകുക. തിരിച്ചടവ് തുടങ്ങുമ്പോള്‍ നിങ്ങള്‍ അടയ്ക്കുന്ന ഇംഎംഐയില്‍ ഭൂരിഭാഗംതുകയും പലിശയിലേയ്ക്കാണ് വരുവുവെയ്ക്കുന്നത്. നാമമാത്രമായ തുകയാണ് മുതലിലേയ്ക്ക് ചേര്‍ക്കപ്പെടുക.

പണത്തിന്റെ മൂല്യം

ഇന്ന് 20,000 രൂപ ലോണ്‍ അടയ്ക്കുന്ന ഒരു വ്യക്തി 35,000 രൂപയാണ് ശമ്പളം വാങ്ങുന്നതെങ്കില്‍ നാളെ അയാളുടെ ശമ്പളം വര്‍ധിച്ചേക്കാം, വരുമാനവും വര്‍ധിക്കാം. എന്നാല്‍ 20,000 രൂപ എന്ന നിശ്ചിത തുക തന്നെയാണ് ഇഎംഐ എന്നതിനാല്‍ ഇന്നത്തെ പണപ്പെരുപ്പത്തിന്റെ കണക്കു വച്ച് വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ അടയ്ക്കുന്ന ഈ ഇഎംഐ തുക നിങ്ങള്‍ക്ക് ബാധ്യതയേ അല്ലാതാകും. ബാങ്ക് ലഭ്യമാക്കിയിരിക്കുന്ന മോറട്ടോറിയം ഇത്തരത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് അധിക കാലം കൊണ്ട് ചെറിയ തവണകളില്‍ കടം വീടാം. കാഷ് ഫ്‌ളോയും വര്‍ധിപ്പിക്കാം.

Read More:

വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി; റിപ്പോ നിരക്ക് ഇനി 4 % മാത്രം

മോറട്ടോറിയം കാലാവധി നീട്ടി: സംരംഭകര്‍ ഇനി എന്താണ് ചെയ്യേണ്ടത്?

വിവരങ്ങള്‍ക്ക് കടപ്പാട് : ശ്രീകാന്ത് വാഴയില്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് & കോര്‍പ്പറേറ്റ് ട്രെയ്‌നര്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it