മുദ്ര വായ്പ 10 ലക്ഷം കോടി കവിഞ്ഞതായി സര്‍ക്കാര്‍

ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ ഈ വര്‍ഷം നവംബര്‍ ഒന്നു വരെ 10.24 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പറഞ്ഞു. 20.84 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

അതേസമയം, മുദ്ര വായ്പയില്‍ കിട്ടാക്കടം വര്‍ദ്ധിക്കുകയാണെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. 2018-19ല്‍ 2.86 ശതമാനമായാണ് മുദ്ര വായ്പകളിലെ കിട്ടാക്കടം ഉയര്‍ന്നത്. 2017-18ല്‍ ഇത് 2.52 ശതമാനമായിരുന്നു. തിരിച്ചടവില്‍ തുടര്‍ച്ചയായി മൂന്നു മാസക്കാലം വീഴ്ച വരുമ്പോഴാണ് ഒരു വായ്പ കിട്ടാക്കടമായി മാറുന്നത്.

സംരംഭകര്‍ക്ക് 50,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് മുദ്ര വായ്പയായി ലഭിക്കുക.മൊത്തം 46 ബാങ്കുകള്‍ ചേര്‍ന്നാണ് 10.24 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകള്‍ വിതരണം ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് മുദ്ര വായ്പയിലെ കിട്ടാക്കട നിരക്ക് കൂടുതല്‍; 8.11 ശതമാനം. എസ്.ബി.ഐയില്‍ കിട്ടാക്കടം 2.65 ശതമാനമാണ്.

സ്വകാര്യ ബാങ്കുകളില്‍ കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയാണ് മുദ്ര വായ്പയിലെ കിട്ടാക്കടത്തില്‍ മുമ്പില്‍. 10 ശതമാനത്തിന് മേലാണ് ഇവയില്‍ കിട്ടാക്കടം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it