നിങ്ങളുടെ ബാങ്ക് എത്രമാത്രം സുരക്ഷിതമാണ്?

യെസ് ബാങ്ക് സംഭവത്തെ തുടര്‍ന്ന് പല ബാങ്കുകളും സുരക്ഷിതമല്ലെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദേശീയ വാര്‍ത്താചാനലുകളില്‍ വന്ന ചില നിരീക്ഷണങ്ങളും എക്കൗണ്ട് ഉടമകളെ ആശങ്കയിലാഴ്ത്തുകയും ബാങ്കുകളില്‍ നിന്ന് എക്കൗണ്ട് പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബാങ്കുകളും റിസര്‍വ്ബാങ്കും എക്കൗണ്ട് ഉടമകളുടെ ആശങ്ക അകറ്റാന്‍ വിശദീകരണവുമായി രംഗത്തുവന്നു.

വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കാതെ ബാങ്ക് സുരക്ഷിതമാണോ എന്നറിയാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്ന ഇക്കാലത്ത് അത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചിലപ്പോഴൊക്കെ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് പ്രതിസന്ധിയുടെ ശരിയായ ചിത്രം നല്‍കണമെന്നുമില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബാങ്ക് എത്രമാത്രം സുരക്ഷിതമാണെന്ന് കണ്ടെത്താനാകും.

1. ബാങ്കിന്റെ കൈയില്‍ പണമുണ്ടോ, വായ്പ ആര്‍ക്കൊക്കെയാണ്?

ബാങ്കുകളുടെ പ്രധാന ജോലി വായ്പ നല്‍കുക എന്നതുതന്നെയാണ്. വായ്പകള്‍ നല്‍കാണ് ബാങ്കിന് മൂലധനം വേണം. ഇത് ബാങ്കിന്റെ സ്വന്തം ഫണ്ടാകാം. ബാങ്കിലെ നിക്ഷേപമാകാം. അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും കടമെടുത്തതാകാം. വായ്പ നല്‍കാന്‍ പ്രധാനമായും ബാങ്കുകള്‍ അവയുടെ നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. വായ്പയെടുത്തവര്‍ അത് തിരിച്ചടയ്ക്കുമ്പോള്‍ ബാങ്കുകള്‍ ആ തുക നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കും. വായ്പാ തിരിച്ചടവ് മുടങ്ങുകയും അതേ സമയം തന്നെ നിക്ഷേപകര്‍ക്കോ അല്ലെങ്കില്‍ ബാങ്കിന്റെ മൂലധനത്തിനായി വാങ്ങിയ മറ്റ് ഫണ്ടുകളോ തിരിച്ചുകൊടുക്കേണ്ടതായും വരുമ്പോള്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകും.

വന്‍ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നില്ലെങ്കില്‍, ബാങ്ക് നല്‍കിയ വായ്പകള്‍ ഭൂരിഭാഗവും കൃത്യമായി തിരിച്ചടയ്ക്കപ്പെടുന്നുണ്ടെങ്കില്‍ ബാങ്ക് സുരക്ഷിതമാണ്. കേരളത്തിലെ പല പ്രമുഖ ബാങ്കുകളും അതുകൊണ്ട് തന്നെ തിരിച്ചടവ്
പ്രശ്‌നമാകുന്ന രംഗത്ത് അധികമായി വായ്പ നല്‍കുന്നില്ല. പലരും അവരുടെ വായ്പാ പോര്‍ട്ട്‌ഫോളിയോ സന്തുലിതമായാണ് കൊണ്ടുപോകുന്നത്. ഇപ്പോള്‍ സാമ്പത്തിക രംഗത്ത് ഉടലെടുത്തിരിക്കുന്ന കടുത്ത പ്രതിസന്ധികള്‍ മൂലം വായ്പാ തിരിച്ചടവില്‍ പ്രശ്‌നങ്ങള്‍ വരാനിടയുണ്ട്. അതെല്ലാം മുന്‍കൂട്ടി കണ്ടാണ് വായ്പാ തിരിച്ചടവില്‍ മോറട്ടോറിയം കൊണ്ടുവരണമെന്ന ആവശ്യമെല്ലാം ഉയര്‍ന്നുവരുന്നത്.

2. നിഷ്‌ക്രിയ ആസ്തി എത്രത്തോളമാണ്?

ഏറെ കേള്‍ക്കുന്ന വാക്കുകളാണ് എന്‍പിഎ, സ്‌ട്രെസ്ഡ് അസറ്റ് എന്നിവ. ഇതെല്ലാം സങ്കീര്‍ണമായ ബാങ്കിംഗ് പദങ്ങള്‍ അതുകൊണ്ട് അവ ശ്രദ്ധിക്കേണ്ടതില്ലെന്ന് ഇപ്പോള്‍ കരുതാനാകില്ല. ഒരു വായ്പ 90 ദിവസമോ അതിലേറെയോ കാലമായി തിരിച്ചടയ്ക്കപ്പെടുന്നില്ലെങ്കില്‍ സാങ്കേതികമായി ആ വായ്പയെ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി ഗണിക്കും. വായ്പ എടുത്തവര്‍ക്ക് അത് തിരച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ നിക്ഷേപകര്‍ പണം തിരികെ ചോദിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് അത് നല്‍കാന്‍ പറ്റില്ല.
നിഷ്‌ക്രിയ ആസ്തികള്‍ പരിധി വിട്ട് ഉയര്‍ന്ന് ബാങ്കിന്റെ അടിത്തറ തകരാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ഓരോ ബാങ്കുകളും അവയുടെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം മാറ്റിവെച്ച് നിഷ്‌ക്രിയ ആസ്തി സംബന്ധമായ പ്രശ്‌നം മറികടക്കുന്നതും അതുകൊണ്ടാണ്. പ്രശ്‌നത്തിലുള്ള എക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ പല രൂപത്തില്‍ വെളിപ്പെടുത്താറുണ്ട്. വാച്ച് ലിസ്റ്റ് എക്കൗണ്ട്, സ്‌പെഷല്‍ മെന്‍ഷന്‍ എക്കൗണ്ട് എന്നൊക്കെ പേരുകളിലുള്ളവ
ശ്രദ്ധിക്കുക. എന്‍പിഎ അല്ലെങ്കില്‍ സ്‌ട്രെസ്ഡ് അസറ്റ് കൂടിയാല്‍ ബാങ്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ സൂചനയാണത്.

3. മതിയായ മൂലധന പര്യാപ്തയുണ്ടോ?

ഇനി നിങ്ങളുടെ ബാങ്കിന് ഉയര്‍ന്ന എന്‍പിഎ ആണെങ്കിലും ആശങ്കപ്പെടേണ്ട, ബാങ്കിന് മതിയായ മൂലധനമുണ്ടെങ്കില്‍. മോശം സാമ്പത്തിക കാലാവസ്ഥയെ തുടര്‍ന്ന് ചില മേഖലകള്‍ അപ്പാടെ തകരുകയും ആ രംഗത്തെ കമ്പനികള്‍ പാപ്പരാവുകയും ചെയ്താല്‍ അവയ്ക്ക് വായ്പ നല്‍കിയ ബാങ്കുകളുടെ സ്ഥിതിയും കഷ്ടത്തിലാകും. അതൊഴിവാക്കാന്‍ റിസര്‍വ് ബാങ്ക് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തതാ അനുപാതം നിശ്ചയിച്ചിട്ടുണ്ട്. ഉയര്‍ന്ന മൂലധന പര്യാപ്തത അനുപാതം ബാങ്കിന്റെ ആരോഗ്യത്തെയാണ് കാണിക്കുന്നത്.

4. പ്രശ്‌നങ്ങള്‍ വന്നാല്‍ പെട്ടെന്ന് പണം കൊടുക്കാനുണ്ടോ?

വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതിരിക്കുകയും നിക്ഷേപം നടത്തിയവര്‍ തിരിച്ചുവാങ്ങാന്‍ വരികയും ചെയ്യുമ്പോള്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ നിങ്ങളുടെ ബാങ്കിന് കരുത്തുണ്ടോയെന്നറിയുകയാണ് പ്രധാനം. സാധാരണ ഒരു നിക്ഷേപകന് ഇത് വ്യക്തമായി അറിയണമെന്നില്ല. റിസര്‍വ് ബാങ്ക്് ഇത്തരം സാഹചര്യങ്ങളെയും മുന്നില്‍ കണ്ട് അവ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികളും ചെയ്തിട്ടുണ്ട്്. ബേസല്‍ 3 പ്രകാരമുള്ള മിനിമം ലിക്വിഡിറ്റി കവറേജ് റേഷ്യോ അത്തരത്തിലുള്ളതാണ്. ബാങ്കുകള്‍ക്ക് ലിക്വിഡ് ക്യാഷ് കണ്ടെത്താന്‍ നിരവധി വഴികളുണ്ട്. ബാങ്കുകളുടെ നിക്ഷേപത്തിന്റെ നാല് ശതമാനം പണമായി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കണം. മാത്രമല്ല, മൊത്തം നിക്ഷേപത്തിന്റെ മറ്റൊരു വിഹിതം എളുപ്പം വിറ്റ് പണമാക്കാന്‍ പറ്റുന്ന ഗവണ്‍മെന്റ് സെക്യൂരിറ്റീസുകളാക്കണം. എല്ലാ നിക്ഷേപകരും കൂടി ഒറ്റയടിക്ക് പണം പിന്‍വലിക്കാന്‍ വന്നാല്‍ ബാങ്കിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. പക്ഷേ വാട്‌സാപ്പിലും മറ്റും വരുന്ന എല്ലാം വിശ്വസിച്ച് ബാങ്ക് തകരാന്‍ പോകുന്നു എന്ന് ആശങ്കപ്പെടുകയും വേണ്ട.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it