മോറട്ടോറിയം കാലാവധി നീട്ടി: സംരംഭകര്‍ ഇനി എന്താണ് ചെയ്യേണ്ടത്?

കൊറോണ ഇവിടെ കുറച്ചധികം കാലം കൂടിയുണ്ടാകുമെന്നും നാം അതുമായി സമരസപ്പെട്ട് ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നുമുള്ള വസ്തുത സമൂഹം പതുക്കെ അംഗീകരിച്ച് തുടങ്ങുകയാണ്. നാം, നേരത്തെ കൊറോണയ്ക്ക് മുമ്പും ശേഷവും എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ആ രണ്ട് അവസ്ഥയ്ക്കും ഇടയിലെ 'കോറോണക്കാലത്ത്' എന്ന പ്രയോഗം കൂടി വരുന്നു.
വസ്തുതകള്‍ തിരിച്ചറിഞ്ഞ് സര്‍ക്കാരും മറ്റ് നയസൃഷ്ടാക്കളും, ഈ കാലത്ത് ജനങ്ങളുടെ ജീവനും ജീവനോപാദികളും സംരക്ഷിക്കാനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന നയ പ്രഖ്യാപനങ്ങളുമായി മുന്നോട്ട് വരികയാണ്. ബിസിനസുകളെ ഉത്തേജിപ്പിക്കാന്‍ വേണ്ടി, മുന്‍പ് ഹ്രസ്വകാലത്തേക്ക് പ്രഖ്യാപിച്ചിരുന്ന പല കാര്യങ്ങളുടെയും കാലാവധി ദീര്‍ഘിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ നയതീരുമാനങ്ങളും പ്രവര്‍ത്തന മാര്‍ഗരേഖകളും പുറപ്പെടുവിക്കുകയാണ്.
മാര്‍ച്ച് 24ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ മൂന്നാമത്തെ പത്രസമ്മേളനത്തിലെ ആശ്വാസ പ്രഖ്യാപനങ്ങള്‍ പ്രസക്തമാകുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
വായ്പ എടുത്തവര്‍ക്ക് കുറേക്കൂടി ആശ്വാസം
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മോറട്ടോറിയം കാലാവധി ഇന്ന് ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവിധ തരം വായ്പകളെടുത്തിട്ടുള്ള സംരംഭകര്‍ക്ക് എങ്ങനെയാണത് മെച്ചമാവുക എന്ന് നോക്കാം.
a. ടേം ലോണ്‍ എടുത്തവര്‍ക്ക്
മാര്‍ച്ച് 27ന് റിസര്‍വ് ബാങ്ക് പ്രഖ്യാപനമനുസരിച്ച് മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെയുള്ള മൂന്നുമാസമാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇപ്പോള്‍ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. വായ്പ എടുത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്. വായ്പാ തവണയുടെ തിരിച്ചടവിനായി മാറ്റി വെയ്‌ക്കേണ്ട തുക എടുത്ത് മറ്റ് അത്യാവശ്യങ്ങള്‍ക്കായി ചെലവിടാം. ജീവനക്കാരുടെ വേതനം, വാടക, സപ്ലെയര്‍മാര്‍ക്കുള്ള തുക, വൈദ്യുതി - വെള്ളം എന്നിവയുടെ ബില്‍ അടയ്ക്കല്‍ എന്നിവയ്‌ക്കൊക്കെ ആ തുക വിനിയോഗിക്കാം.
എന്നാല്‍, വായ്പകള്‍ക്ക് ആറുമാസം മോറട്ടോറിയം ലഭിക്കുമ്പോള്‍ ഈ കാലയളവിലെ പലിശ എങ്ങനെയാണ് ബാങ്കുകള്‍ ഈടാക്കുന്നതെന്ന് സംരംഭകര്‍ അറിഞ്ഞിരിക്കണം. ആറുമാസം മോറട്ടോറിയം കിട്ടുമ്പോള്‍, വായ്പ തവണ ആറുമാസം കൂടി കൂടും. മോറട്ടോറിയം കാലയളവില്‍ പലിശ നല്‍കണം. ഈ പലിശ തുടര്‍ന്നുവരുന്ന മാസത്തവണകള്‍ക്കൊപ്പം കൂടി ചേരുമ്പോള്‍, വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കും. അതായത്, നിങ്ങളുടെ ടേം ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക സെപ്തംബര്‍ മുതല്‍ കൂടും.
b. പ്രവര്‍ത്തന മൂലധന വായ്പ
വര്‍ക്കിംഗ് കാപ്പിറ്റലുമായി ബന്ധപ്പെട്ട വായ്പകളുടെ പലിശ ഈടാക്കുന്നത് മെയ് 31 വരെ ഒഴിവാക്കാന്‍ മാര്‍ച്ച് 27ല്‍ റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു. ഈ പരിധിയും ഇപ്പോള്‍ ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.
നേരത്തെ പ്രഖ്യാപനത്തില്‍ പലിശ ഈടാക്കാതിരുന്ന മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെയുള്ള കാലത്തെ പലിശ, മെയ് 31ന് ശേഷം ഉടന്‍ തിരിച്ചടയ്ക്കണമെന്നുണ്ടായിരുന്നു. ഇത്തരം വായ്പ എടുത്തവരെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ബാധ്യതയായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയതോടെ പലര്‍ക്കും കാര്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഇന്നത്തെ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഈ പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുള്ള പലിശ, ഒരു ടേം ലോണ്‍ പോലെ പരിഗണിക്കും. ഇത് 2021 മാര്‍ച്ച് 31നകം അടച്ചു തീര്‍ത്താല്‍ മതി. അതായത് മോറട്ടോറിയം നിലനിന്ന ആറുമാസക്കാലയളവിലെ പലിശ, അടുത്ത ഏഴുമാസം കൊണ്ട് തിരിച്ചടച്ച് തീര്‍ത്താല്‍ മതി.
അതുപോലെ തന്നെ മാര്‍ച്ച് 27ലെ പ്രഖ്യാപനത്തില്‍, റിസര്‍വ് ബാങ്ക്, വായ്പക്കായി സമീപിക്കുന്നവരുടെ ഡ്രോയിംഗ് പവര്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യാനുള്ള അധികാരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ജിന്‍ കുറച്ചുകൊണ്ടോ വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കില്‍ പുനര്‍ മൂല്യനിര്‍ണയത്തിന് വിധേയമാക്കിക്കൊണ്ടോ ഡ്രോയിംഗ് പവര്‍ തീരുമാനിക്കാനാണ് അന്ന് ആര്‍ബിഐ നിര്‍ദേശിച്ചത്.
ഇന്ന്, 2021 ്മാര്‍ച്ച് 31 വരെ, യഥാര്‍ത്ഥ മാര്‍ജിനോ വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിളോ ഡ്രോയിംഗ് പവര്‍ നിശ്ചയിക്കാന്‍ പരിഗണിക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ രണ്ട് പ്രഖ്യാപനങ്ങളും സംരംഭകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്നതാണ്.
സംരംഭകര്‍ എന്തുചെയ്യണം?
ധനകാര്യ സ്ഥാപനങ്ങള്‍ ഓരോ എക്കൗണ്ടും പ്രത്യേകമായി പരിഗണിച്ചാണ് മാര്‍ജിന്‍ കുറച്ചോ അല്ലെങ്കില്‍ വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിള്‍ പുനര്‍ മൂല്യനിര്‍ണയത്തിന് വിധേയമാക്കിയോ ഡ്രോയിംഗ് പവര്‍ പുനഃക്രമീകരിക്കുന്നത്. കോവിഡ് 19 മൂലമാണ് ആ എക്കൗണ്ടിന് അത്തരത്തിലുള്ള പ്രശ്‌നം സംഭവിച്ചതെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ ബോധ്യം വരണം.
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഈ ഇളവ് ഇപ്പോള്‍ ലഭിക്കാന്‍ തങ്ങളുടെ സ്‌റ്റോക്ക് / കട ബാധ്യതകളെ കോവിഡ് എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നതെന്ന് വായ്പ എടുത്തവര്‍ കൃത്യമായി ധനകാര്യ സ്ഥാപനങ്ങളെ ധരിപ്പിക്കണം.
ലോക്ക്ഡൗണ്‍ മൂലം സപ്ലെ ചെയ്‌നില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ കൊണ്ട് ഇന്‍വെന്ററികളില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ സംരംഭകര്‍ അക്കാര്യം കൃത്യമായി ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കണം. അല്ലെങ്കില്‍ പ്രതിമാസ സ്റ്റോക്ക് സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുമ്പോള്‍ ബാങ്കുകള്‍ ഡ്രോയിംഗ് പവര്‍ കുറയ്ക്കാന്‍ നിര്‍ബന്ധം പിടിച്ചെന്നിരിക്കും.
വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിള്‍ അഥവാ കാഷ് ടു കാഷ് കണ്‍വെര്‍ഷന്‍ സൈക്കിള്‍, വില്‍പ്പയിലെ കുറവ് കൊണ്ടോ ഉപഭോക്താക്കളുടെ മാറിയ താല്‍പ്പര്യങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ വിപണിയില്‍ നിന്ന് ലഭിക്കാനുള്ള പണം വൈകുന്നതു കൊണ്ടോ നീണ്ടുപോയിട്ടുണ്ടാകാം. സാധാരണയായി ബാങ്കുകള്‍ ഡ്രോയിംഗ് പവര്‍ കണക്കാക്കാന്‍ 90 ദിവസ പരിധിയാണ് എടുക്കുക. രണ്ടുമാസമായി നീളുന്ന ലോക്ക്ഡൗണ്‍ മൂലം വിപണിയില്‍ നിന്ന് പണം തിരിച്ചുവരാനുള്ള കാലയളവ് ഈ 90 ദിവസത്തിനേക്കാള്‍ കൂടുതലായേക്കും. വിപണിയിലെ പണം തിരിച്ചുകിട്ടാന്‍ കാലതാമസവും വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിള്‍ ദൈര്‍ഘ്യമേറിയതുമാകുന്നുണ്ടെങ്കില്‍ സംരംഭകര്‍ ബാങ്കുകളെ, യഥാര്‍ത്ഥ വസ്തുതകള്‍ പരിഗണിച്ച്, റിയലിസ്റ്റിക്കായ എസ്റ്റിമേഷനോടെ വര്‍ക്കിംഗ് കാപ്പിറ്റല്‍ സൈക്കിള്‍ പുനഃക്രമീകരിക്കാന്‍ വേണ്ടി സമീപിക്കുക.
നമുക്ക് ലിക്വിഡിറ്റി ക്രൈസിസ് ഉണ്ടെങ്കില്‍ ലാഭത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് കാഷ് ഫ്‌ളോയ്ക്കാണ്. കോവിഡ് 19 പ്രതിസന്ധികാലത്ത് കമ്പനികള്‍, ഹ്രസ്വ - ഇടത്തരം കാലത്തേക്ക് കാഷ് ഫ്‌ളോ എങ്ങനെയായിരിക്കുമെന്ന കാര്യത്തിന് സവിശേഷ ശ്രദ്ധ കൊടുക്കുക.
സംരംഭകര്‍ തങ്ങളുടെ കൈയിലേക്ക് വരാനിടയുള്ള പണത്തെയും തങ്ങള്‍ക്കു വരുന്ന ചെലവുകളെയും കുറിച്ച് കൃത്യമായ, യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ള കാര്യങ്ങള്‍ മനസിലാക്കി വെയ്ക്കുക. സംരംഭകര്‍ ഇപ്പോള്‍ മോറട്ടോറിയം സ്വീകരിച്ചാല്‍, സെപ്തംബര്‍ മുതല്‍ പ്രതിമാസ തിരിച്ചടവ് തുക കൂടും. അങ്ങനെ വരുമ്പോള്‍, ആ ഉയര്‍ന്ന തുക അടയ്ക്കാന്‍ പര്യാപതമായ വിധം വരവ് നിങ്ങള്‍ക്കുണ്ടാകുമോ?
അതുപോലെ തന്നെ വര്‍ക്കിംഗ് കാപ്പിറ്റല്‍ സംബന്ധമായ വായ്പകളുമായി ബന്ധപ്പെട്ട പലിശ തിരിച്ചടവിന് ഏഴുമാസം ലഭിക്കുമ്പോള്‍ അതെങ്ങനെയാകും തിരിച്ചടയ്ക്കുക എന്ന കാര്യവും ഇപ്പോള്‍ തന്നെ കണക്കുകൂട്ടി വെയ്ക്കുക.
ഇത്തരം സാഹചര്യങ്ങളില്‍ എല്ലാ സംരംഭകര്‍ക്കുമായി ഒരൊറ്റ പരിഹാരമാര്‍ഗം നിര്‍ദേശിക്കാനാവില്ല. ഓരോ സംരംഭത്തെയും പഠന വിധേയമാക്കി വേണം ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍. നിങ്ങളുടെ കൈയില്‍ തിരിച്ചടവിന് പണമില്ലെങ്കില്‍ അക്കാര്യം ബാങ്കുമായി തുറന്ന് സംസാരിക്കൂ. എന്നിട്ട് ഇരുകൂട്ടര്‍ക്കും സ്വീകാര്യമാകുന്ന വിധത്തിലുള്ള പരിഹാരമാര്‍ഗത്തില്‍ എത്തിച്ചേരുക.
( യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ലേഖകന്‍. ഫോണ്‍: 75588 91177, ഇ മെയ്ല്‍: jizpk@yescalator.com)