വായ്പാ മോറട്ടോറിയം; സുപ്രീംകോടതി തീരുമാനം ഇന്ന്

നിലവിലെ കൊവിഡ് -19 പകര്‍ച്ചവ്യാധിയും സമ്പദ്വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത് വായ്പാ മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. വ്യക്തിഗത വായ്പകള്‍ക്ക് ഉള്‍പ്പെടെ മൊറട്ടോറിയം നീട്ടുന്നതു സംബന്ധിച്ച കേന്ദ്രത്തിന്റെ സത്യവാങ്മൂലം വൈകിയതിനാല്‍ കേസ് വിശദമായി പരിഗണിക്കാന്‍ സാധിച്ചില്ല. ഇതാണ് ഇന്ന് സുപ്രീം കോടതി തീരുമാനം അറിയിക്കുന്നത്. പലിശയും കൂട്ടുപലിശയും ഈടാക്കാതിരിക്കുന്നത് ധനകാര്യസംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാകുമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

വായ്പകള്‍ നല്‍കുമ്പോള്‍, നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്കൂടി കണക്കിലെടുക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗജേന്ദര്‍ ശര്‍മ, അഭിഭാഷകനായ വിശാല്‍ തിവാരി എന്നിവര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.

മൊറട്ടോറിയം വിഷയത്തില്‍ യൂണിയന്‍ ഓഫ് ഇന്ത്യ സോളിസിറ്റര്‍ ജനറല്‍ മുഖേന മറുപടി സമര്‍പ്പിച്ച ശേഷം നാളെ ഇക്കാര്യം കേള്‍ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച ഓണ്‍ലൈനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായി മേത്ത പറഞ്ഞു. എന്നാല്‍ ഇതുവരെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ഹരീഷ് സാല്‍വെ ബാങ്കേഴ്‌സ് അസോസിയേഷനുമായി സംസാരിച്ചു. മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ പലിശ സംബന്ധിച്ച കാര്യങ്ങളും വ്യക്തമാക്കണമെന്ന് മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് എം.ആര്‍ ഷാ പറഞ്ഞു. ഇത് ഒരു പൊതുതാല്‍പര്യ വിഷയമാണെന്നും ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകുമെന്നും മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വാദിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it