കൂടുതൽ ബാങ്കുകൾ ലയിപ്പിക്കുമെന്ന് സൂചന; പട്ടിക തയ്യാറാക്കാൻ  ആർബിഐയോട് കേന്ദ്രം

വരും വർഷങ്ങളിൽ കൂടുതൽ പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കുമെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളിൽ ഇത്തരത്തിൽ ലയിപ്പിക്കാൻ സാധിക്കുന്ന ബാങ്കുകളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

കിട്ടാക്കട ബാധ്യത നേരിടുന്ന ബാങ്ക് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ഒരു മാർഗമായാണ് സർക്കാർ ലയനത്തെ കാണുന്നത്.

ലയനത്തിന് സമയപരിധി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ധനമന്ത്രാലയം ആർബിഐയോട് നിർദേശിച്ചെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കിട്ടാക്കടം പെരുകിയ നിരവധി ബാങ്കുകളേക്കാൾ മികച്ച മൂലധന ശേഷിയുള്ള കുറച്ച് ബാങ്കുകളാണ് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതെന്ന നിഗമനത്തിൽ നിന്നാണ് ലയനം എന്ന ആശയം ഉടലെടുത്തത്.

ലോകത്തെ ആദ്യ പത്ത് സാമ്പത്തിക ശക്തികളിൽ ഇറ്റലി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ബാഡ് ലോൺ റേഷ്യോ ഉള്ള രാജ്യം ഇന്ത്യയാണ്. കിട്ടാക്കടത്തിന്റെ 90 ശതമാനവും വഹിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. 21 എണ്ണത്തിൽ 11 ബാങ്കുകളേയും പുതിയ വായ്പ നൽകുന്നതിൽ നിന്ന് ആർബിഐ വിലക്കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it