വായ്പകളുടെ പലിശ നിരക്കു കുറയുമെന്ന പ്രതീക്ഷ തെറ്റി

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് താഴ്ത്തുമെന്ന പ്രവചനത്തിന്റെ ബലത്തില്‍ വായ്പാ പലിശ നിരക്കുകള്‍ കുറയുമെന്നു പ്രതീക്ഷിച്ചവര്‍ക്കു നിരാശ. കേന്ദ്ര ബജറ്റിന്റെ നിഴലില്‍ ചേരുന്ന ഫെബ്രുവരിയിലെ റിസര്‍വ് ബാങ്ക് വായ്പാനയ കമ്മിറ്റി യോഗം വരെ ഇപ്പോഴത്തെ അവസ്ഥ തുടരുമെന്നതാണു നില.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിനു ബാധകമായുള്ളതാണ് റിപ്പോ നിരക്ക്. നിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍, റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടം വാങ്ങുന്നതിന് ബാങ്കുകള്‍ കൂടുതല്‍ പണം നല്‍കണം. നിരക്ക് കുറയുകയാണെങ്കില്‍, പണം കടം വാങ്ങുന്നതു മൂലമുള്ള ബാങ്കുകളുടെ ഭാരം താഴും. വിപണിയിലെ പണലഭ്യതയെ അടിസ്ഥാനമാക്കിയാണ് റിപ്പോ നിരക്ക് കൂട്ടാനോ കുറയ്ക്കാനോ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുന്നത്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമ്പോള്‍, ഭവനവായ്പകളും കാര്‍ വായ്പകളും ഉള്‍പ്പെടെ എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് താഴ്ത്തിക്കൊണ്ട് ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ഇത് മൂലം ഇഎംഐ തുക കുറയുന്നത് ഉപയോക്താക്കള്‍ക്ക് പ്രയോജനകരമാകും.

എന്തുകൊണ്ടാണ് റിപ്പോ കുറഞ്ഞാലും വായ്പാ
നിരക്കുകളില്‍ ഇളവുണ്ടാകാത്തത്?

റിപ്പോ നിരക്കില്‍ വെട്ടിക്കുറവ് വന്നാലും ഉപയോക്താക്കള്‍ക്ക് അതിന്റെ ഗുണം കൈമാറുന്നതില്‍ നിന്ന് ബാങ്കുകള്‍ ഒഴിഞ്ഞുമാറുന്ന പ്രവണതയുള്ളതിനാല്‍, വായ്പാ ഭാരം കുറയണമെന്നില്ല. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റിപ്പോ നിരക്ക് എട്ട് ശതമാനമായിരുന്നു, അത് 5.15 ശതമാനം വരെ കുറഞ്ഞപ്പോഴും പലിശനിരക്കില്‍ ആനുപാതിക ഇളവ് ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇതിനകം റിപ്പോയില്‍ 2.85 ശതമാനം കുറവുണ്ടായെങ്കിലും അതിനനുസൃതമായി ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയില്ല.

ചില ബാങ്കുകള്‍ പലിശനിരക്ക് കുറച്ചെങ്കിലും ഇത് നിസ്സാരമാണ്. ഉദാഹരണത്തിന്, എസ്ബിഐ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ ഇടപാടുകളിലെയും വായ്പാ നിരക്ക് 5 ബേസിസ് പോയിന്റ് മാത്രമാണ് താഴ്ത്തിയത്. ഇതനുസരിച്ച് മൂന്ന് വര്‍ഷത്തെ എംസിഎല്‍ആര്‍
(മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് - ഒരു ബാങ്കിന് വായ്പ അനുവദിക്കാവുന്ന ഏറ്റവും കുറഞ്ഞ വായ്പാ നിരക്ക ്) 8.25 ശതമാനത്തില്‍ നിന്ന് 8.2 ശതമാനമായേ കുറഞ്ഞുള്ളൂ. ഒരു വര്‍ഷ എംസിഎല്‍ആര്‍ 8.05 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായും. അതുപോലെ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും എംസിഎല്‍ആറില്‍ വരുത്തിയത്് 5 ബിപിഎസ് മാത്രം ഇളവ്.

നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐക്ക് ബാങ്കുകളെ
നിര്‍ബന്ധിക്കാന്‍ കഴിയാത്തതെന്ത്?

ആനുകൂല്യങ്ങള്‍ കൈമാറാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ബാങ്കുകളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍, ഒക്ടോബര്‍ 1 മുതല്‍ ഫ്‌ളോട്ടിംഗ് നിരക്കുള്ള വ്യക്തിഗത അല്ലെങ്കില്‍ റീട്ടെയില്‍ വായ്പകളെ ബാഹ്യ ബെഞ്ച് മാര്‍ക്കുകള്‍ എന്നു വിളിക്കുന്ന വായ്പാ നിരക്കുകളുമായി ബന്ധിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എന്നിട്ടും, ബാങ്കുകള്‍ മാര്‍ജിന്‍ ഉയര്‍ത്തുകയും നിരക്ക് കുറവിന്റെ പൂര്‍ണ്ണ ആനുകൂല്യങ്ങള്‍ അന്തിമമായി ഉപഭോക്താവിന് കൈമാറുന്നത് തടയുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ എടുത്തുപോന്ന മാര്‍ജിന്‍ പുതുക്കി 2.25 ശതമാനത്തില്‍ നിന്ന് 2.65 ശതമാനമാക്കി.

ബാഹ്യ ബെഞ്ച്മാര്‍ക്ക് സമ്പ്രദായത്തില്‍ ഫ്‌ളോട്ടിംഗ് റേറ്റ് വായ്പയെടുത്തവരുടെ നിരക്ക് പരിഷ്‌കരിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാണ്. എന്നിരുന്നാലും, ബാഹ്യ ബെഞ്ച്മാര്‍ക്കിലെ മാറ്റങ്ങള്‍ അനുസരിച്ച് ഈ പുനര്‍നിര്‍ണയം മുന്നുമാസത്തില്‍ ഒരിക്കലാണുണ്ടാകുക.

എല്ലാ ബാങ്കുകളും ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ അവസാനമായി നിരക്ക് നിശ്ചയിച്ചിരുന്നതിനാല്‍, ബാഹ്യ ബെഞ്ച്മാര്‍ക്കിന് ആനുപാതികമായി അടുത്ത പുനര്‍നിര്‍ണയം ജനുവരിയില്‍ നടക്കും. മിക്ക ബാങ്കുകളും റിപ്പോ നിരക്കാണ് മാനദണ്ഡമായി തിരഞ്ഞെടുത്തിട്ടുള്ളതെന്നതിനാല്‍ നിരക്ക് തല്‍ക്കാലം കുറയില്ലെന്നു സാരം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it