എംഎസ്എംഇ വായ്പാ പുനക്രമീകരണം ഉടനില്ലെന്ന് സൂചന നൽകി ആർബിഐ

സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വായ്പകൾ പുനക്രമീകരിക്കുന്നതു സംബന്ധിച്ച തീരുമാനം അതിന്റെ സാധ്യതകളും ഫലങ്ങളും പഠിച്ചതിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ്.

ബാങ്കുകൾ അവരുടെ ബോർഡ് മീറ്റിംഗിൽ ഇക്കാര്യം ചർച്ചയ്ക്ക് വെക്കും. എംഎസ്എംഇ വായ്പാ പുനക്രമീകരണം സാധ്യമാണോ അല്ലയോ എന്ന് ബോർഡ് യോഗമാണ് തീരുമാനിക്കേണ്ടത്. അവരുടെ അഭിപ്രായം പിന്നീട് ആർബിഐയെ അറിയിക്കുമെന്ന് ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എംഎസ്എംഇകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, എംഎസ്എംഇ അസോസിയേഷനുകളുമായി ദാസ് ഇന്ന് കൂടിക്കാഴ്ചയും നടത്തിയിരുന്നു.

വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ മറ്റ് ചില കാര്യങ്ങൾ:

കാർഷിക കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച്

കാർഷിക കടം എഴുതിത്തള്ളുന്നതിനുള്ള സാമ്പത്തിക സ്ഥിതിയാണോ തങ്ങൾക്കുള്ളതെന്ന് സംസ്ഥാനങ്ങളാണ് പരിശോധിക്കേണ്ടത്. ഇടയ്ക്കിടെ കടം എഴുതിത്തള്ളുന്നത് കടം വാങ്ങുന്നവരുടെ പെരുമാറ്റരീതിയെ ഭാവിയിൽ ബാധിച്ചേക്കാം.

ഇടക്കാല ഡിവിഡന്റ്

ആർബിഐയുടെ ഇടക്കാല ഡിവിഡന്റ് സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. നിരവധി കാര്യങ്ങളെക്കുറിച്ച് സർക്കാരും ആർബിഐയും ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഇതേവരെ സംസാരിച്ചിട്ടില്ല. (ആർബിഐ ഇടക്കാല ഡിവിഡന്റായി 30,000-40,000 കോടി രൂപ വരെ സർക്കാരിന് മാർച്ചിൽ കൈമാറുമെന്ന് റോയിട്ടേഴ്സ് ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.)

കിട്ടാക്കടം പ്രശ്നം തന്നെ

ബാങ്കുകളുടെ കിട്ടാക്കടം (എൻപിഐ) കുറയ്ക്കുക എന്നത് തന്നെയാണ് ഇപ്പോഴും ആർബിഐയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ദിവസേന എന്ന രീതിയിൽ കിട്ടാക്കടം നിരീക്ഷണത്തിലാണ്. ഇക്കാര്യത്തിൽ അൽപം പോസിറ്റീവ് ആയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്.

പണലഭ്യത: നാളെ ചർച്ച

ബാങ്കിംഗ്, ഫിനാൻസ് മേഖലകളെ ബാധിച്ചിരിക്കുന്ന ലിക്വിഡിറ്റി പ്രതിസന്ധി തരണം ചെയ്യുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ ബാങ്കിതര സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തും. ലിക്വിഡിറ്റി നിലവാരം ആർബിഐ നിരന്തരം വിശകലനം ചെയ്യുന്നുണ്ട്. ഐഎൽ & എഫ്എസിന്റേതു പോലുള്ള സംഭവങ്ങൾ അവർത്തിക്കാതിരിക്കണം. ഇപ്പോൾത്തന്നെ 60,000 കോടി രൂപയുടെ ഓപ്പൺ മാർക്കറ്റ് ഒപെരറേൻസ് ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ലിക്വിഡിറ്റി കൂട്ടുമ്പോൾ അത് ആവശ്യത്തിലും അധികമായി പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it