മുത്തൂറ്റ് ഫിനാന്‍സ്: അറ്റാദായത്തില്‍ 23 ശതമാനം വര്‍ധനവ്

ബ്രോക്കിങ് സബ്‌സിഡിയറി കഴിഞ്ഞ ത്രൈമാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 205 ശതമാനം വര്‍ധനവു കൈവരിച്ചു.

സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവോടെ 975 കോടി രൂപ അറ്റാദായമുണ്ടാക്കി.

മുന്‍ വര്‍ഷം ഇത് 791 കോടി രൂപയായിരുന്നു. ആകെ വായ്പാ ആസ്തികള്‍ 21 ശതമാനം വര്‍ധനവോടെ 35,956 കോടി രൂപയിലും എത്തിയിട്ടുണ്ട്. പൂര്‍ണ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫോംഫിന്‍ ലിമിറ്റഡ് വായ്പാ ആസ്തികള്‍ 114 ശതമാനം വര്‍ധനവോടെ 1775 കോടി രൂപയിലും എത്തിച്ചിട്ടുണ്ട്.

സംയോജിത വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധിച്ച് 35,956 കോടി രൂപയിലെത്തിയതോടെ വളരെ ശക്തമായ വളര്‍ച്ചയ്ക്കാണു തങ്ങള്‍ സാക്ഷ്യം വഹിച്ചതെന്ന് പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ചു പ്രതികരിച്ച ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ പണയ മേഖലയില്‍ 1322 കോടി രൂപയുടെ ശക്തമായ വളര്‍ച്ചയാണ് സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ സബ്‌സിഡിയറികളുടെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 79 ശതമാനം വളര്‍ച്ചയോടെ 3637 കോടി രൂപയിലെത്തിയതായി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മൂത്തൂറ്റ് ചൂണ്ടിക്കാട്ടി.

സ്വാശ്രയ സഹായ സംഘങ്ങളുടെ ശക്തമായ മാതൃക കാഴ്ച വെക്കുന്ന മൈക്രോ ഫിനാന്‍സ് സബ്‌സിഡിയറി അതിന്റെ വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ 797 കോടി രൂപയില്‍ നിന്ന് 1381 കോടി രൂപയായി ഉയര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രോക്കിങ് സബ്‌സിഡിയറി കഴിഞ്ഞ ത്രൈമാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 205 ശതമാനം വര്‍ധനവു കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here