മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 2,103 കോടി രൂപയിലെത്തി

രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡും ഉപകമ്പനികളും ചേർന്ന് 2018-19-ല്‍ 2,103 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1,844 കോടി രൂപയേക്കാള്‍ 14 ശതമാനം കൂടുതലാണിത്.

റിപ്പോർട്ടിങ് വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വായ്പ മുന്‍വര്‍ഷത്തെ 31,921 കോടി രൂപയില്‍ നിന്ന് 20 ശതമാനം വളര്‍ച്ചയോടെ 38,304 കോടി രൂപയിലെത്തി. 2019 മാര്‍ച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി നല്‍കിയ മൊത്തം വായ്പ 7 ശതമാനം വര്‍ധനയോടെ 2,361 കോടി രൂപയിലെത്തി.

അതേസമയം, മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 2018-19ല്‍ മുന്‍വര്‍ഷത്തെ 1,778 കോടി രൂപയേക്കാള്‍ 11 ശതമാനം വര്‍ധനയോടെ 1,972 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഈ കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രം നൽകിയിട്ടുള്ള മൊത്തം വായ്പ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയോടെ 34,246 കോടി രൂപയിലെത്തി. 2017-18ലിത് 29,142 കോടി രൂപയായിരുന്നു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനിയായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് വായ്പ മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം വര്‍ധയോടെ 1,908 കോടി രൂപയിലെത്തിയിട്ടുണ്ട്. നാലാം പാദത്തിൽ വായ്പയില്‍ 72 കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. കമ്പനി 2018-19ല്‍ 226 കോടി രൂപ വരുമാനവും 36 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലിത് യഥാക്രമം 117 കോടി രൂപയും 22 കോടി രൂപയും വീതമായിരുന്നു.

റിസര്‍വ് ബാങ്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൈക്രോ ഫിനാന്‍സ് കമ്പനിയായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വായ്പശേഖരത്തിന്റെ വലുപ്പം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1,842 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 1,138 കോടി രൂപയായിരുന്നു. വര്‍ധന 62 ശതമാനമാണ്. നാലാം പാദത്തിൽ ബെല്‍സ്റ്റാറിന്റെ വായ്പ 279 കോടി കണ്ടു വര്‍ധിച്ചു. കമ്പനി 2018-19ല്‍ 73 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലെ അറ്റാദായം 27 കോടി രൂപയായിരുന്നു.

മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ ഉപകമ്പനിയായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് റിപ്പോർട്ടിങ് വര്‍ഷത്തില്‍ 268 കോടി രൂപ പ്രീമിയം നേടി. മുന്‍വര്‍ഷമിത് 169 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 11 കോടി രൂപയില്‍നി് 15 കോടി രൂപയായി വര്‍ധിച്ചു.

മുത്തൂറ്റ് ഫിനാന്‍സിന് 69.17 ശതമാനം ഓഹരി പങ്കാളിത്തമുള്ള ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് 2018-19ല്‍ 1257 കോടി ശ്രീലങ്കന്‍ രൂപ വായ്പയായി നല്‍കി. മുന്‍വര്‍ഷമിത് 995 കോടി രൂപയായിരുന്നു (വര്‍ധന 26 ശതമാനം). 2019 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തിൽ 94 കോടി രൂപയുടെ വായ്പ കമ്പനി നല്‍കി. കമ്പനി 2018-19ല്‍ 287 കോടി ശ്രീലങ്കന്‍ രൂപ വരുമാനവും 10 കോടി ശ്രീലങ്കന്‍ രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 257 കോടി ശ്രീലങ്കന്‍ രൂപ, 18 കോടി ശ്രീലങ്കന്‍ രൂപ വീതമായിരുന്നു.

2018-ല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ ഉപകമ്പനിയായി മാറിയ ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ വായ്പ 311 കോടി രൂപയിലേക്ക് ഉയർന്നു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി അടുത്തകാലത്ത് വാണിജ്യ വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വായ്പ നല്കിത്തുടങ്ങിയിട്ടുണ്ട്.

“മൂത്തൂറ്റ് ഗ്രൂപ്പിന്റെ സഞ്ചിത വായ്പ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വര്‍ധനയോടെ 38,304 കോടി രൂപയിലും സഞ്ചിത ലാഭം 14 ശതമാനം വര്‍ധനയോടെ 2103 കോടി രൂപയിലും എത്തിയിരിക്കുകയാണ്. കമ്പനി ഇക്കഴിഞ്ഞ വര്‍ഷത്തില്‍ 120 ശതമാനം (12 രൂപ) ഇടക്കാല ലാഭവീതവും നല്‍കി. കമ്പനി ഈ കാലയളവില്‍ ഡിബഞ്ചര്‍ നല്‍കി 709 കോടി രൂപ സ്വരൂപിക്കുകയും ചെയ്തു,” 2018-19ലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചുകൊണ്ട് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

“2018-19ല്‍ മുത്തൂറ്റ് ഫിനാന്‍സ് 18 ശതമാനം വായ്പാ വളര്‍ച്ച നേടി. വായ്പ മുന്‍വര്‍ഷത്തെ 29,142 കോടി രൂപയില്‍ നിന്ന് 34,246 കോടി രൂപയിലെത്തിയിട്ടുണ്ട്. വായ്പ നൽകുന്നതിൽ ഉപകമ്പനികളും മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. അവയുടെ വായ്പ 51 ശതമാനം വളര്‍ച്ചയോടെ 3,012 കോടി രൂപയില്‍നിന്ന് 4,558 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ മൊത്തം വായ്പയില്‍ സബ്‌സിഡിയറികളുടെ സംഭാവന 12 ശതമാനമാണ്,” മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പ്രവര്‍ത്തനഫലം വിശദീകരിച്ചുകൊണ്ടു അറിയിച്ചു.

പുതിയ ശാഖകൾ

ഗോൾഡ് ലോൺ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്താകമാനം 250ൽ പരം ശാഖകൾ തുറക്കാൻ പദ്ധതിയിടുന്നു. "രാജ്യത്തെ സാമ്പത്തിക മേഖലയെ ആശ്രയിച്ചിരിക്കും ഞങ്ങളുടെ പ്രവർത്തന മികവ്. ഉദാഹരണത്തിന്, ഐ എൽ ആൻഡ് എഫ് എസ്സിന്റെ തകർച്ച ഞങ്ങളെയും തളർത്തി. മൂന്നാം പാദത്തിൽ ഞങ്ങളുടെ വളർച്ച കുറഞ്ഞതിന്റെ പ്രധാന കാരണം അതാണ്. അല്ലെങ്കിൽ ഒരു പക്ഷെ ഞങ്ങൾ 20-21 ശതമാനം വാർഷിക വളർച്ച നേടിയേനെ. നിലവിൽ 15 ശതമാനം ഈ വർഷവും വളർച്ചയും, ലാഭവും നേടാൻ ആണ് ശ്രമം," അലക്‌സാണ്ടര്‍ പറഞ്ഞു.

നേപ്പാൾ എൻട്രി

നേപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിനാൻസ് ലിമിറ്റഡുമായി കൈകോർത്തു കൊണ്ട് അവരുടെ നിലവിലുള്ള ഗോൾഡ് ലോൺ ബിസിനസിൽ പങ്കാളിയാവാൻ മുത്തൂറ്റ് ഫിനാന്‍സ് ഒരുങ്ങുന്നു. ഇതിനായി നാൽപ്പതു കോടി മുതല്മുടക്കി യുണൈറ്റഡ് ഫിനാൻസിന്റെ ശതമാനം ഷെയർ മുത്തൂറ്റ് സ്വന്തമാക്കിയിട്ടുണ്ട്. "യുണൈറ്റഡ് ഫിനാൻസ് നമ്മുടെ അയൽ രാജ്യമായ നേപ്പാളിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനമാണ്. ഞങ്ങൾ അവരുമായി മണി ട്രാൻസ്ഫർ ബിസിനെസ്സ് ചെയ്യുന്നുണ്ട്. അവരുടെ നിലവിലുള്ള ഗോൾഡ് ലോൺ ബിസിനസ് കുറെക്കൂടി ശക്തമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടി നാമമാത്രമായ നിക്ഷേപമേ നിലവിൽ നടത്തിയിട്ടുള്ളു എങ്കിലും, അവിടുത്തെ അവസരങ്ങൾ മനസ്സിലാക്കി കൂടുതൽ നിക്ഷേപങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vishnu Rageev R
Vishnu Rageev R  

Related Articles

Next Story

Videos

Share it