ബാങ്കിതര കമ്പനികള്‍ക്കെതിരായ നീക്കം കേരളത്തിനു ഹാനികരമാകുമെന്ന് തോമസ് ജോര്‍ജ് മുത്തൂറ്റ്

തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും പുരോഗതിയുടെ പാതയിലെത്തിയ കേരളത്തിലെ സ്വര്‍ണ്ണ വായ്പാ കമ്പനികളെ തളയ്ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ സംസ്ഥാനത്തിനു മൊത്തം ഹാനികരമാകുമെന്ന് കേരള നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് വെല്‍ഫെയര്‍ അസോസിയേഷന്‍. ആര്‍.ബി.ഐ, സെബി, ഐ.ആര്‍.ഡി.ഐ തുടങ്ങിയവയുടെ കര്‍ശന നിയന്ത്രണങ്ങളോടെ തന്നെയാണ് കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ എന്‍ബിഎഫ്‌സികള്‍ മികവാര്‍ന്ന സേവനം നല്‍കിവരുന്നതെന്നതു മറക്കരുതെന്ന് കെഎന്‍ബിഎഫ്‌സി ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

വാഹന, ഭവന വായ്പകളിലൂടെയും ചെറുകിട വ്യാപാര വായ്പകളിലൂടെയുമൊക്കെ ബാങ്കിംഗ് മേഖലയ്ക്കു പിന്നാലെയുള്ള അതിശക്തമായ പ്രവര്‍ത്തനമാണ് രാജ്യത്തെ എന്‍ബിഎഫ്‌സികളുടേത്. സാമ്പത്തികരംഗത്തുടനീളമുള്ള മാന്ദ്യം ഈ മേഖലയെ ഗ്രസിച്ചിട്ടില്ലെന്നതു പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ടെന്നും തോമസ് ജോര്‍ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനവും ഗ്രാമീണ മേഖലയിലാണു ജീവിക്കുന്നത്. എന്‍ബിഎഫ്‌സികളില്‍ നിന്നുള്ള തൃപ്തികരമായ ഉപഭോക്തൃസേവനത്തിന് ഇവര്‍ നല്‍കിവരുന്ന സാക്ഷ്യത്തിനു വലിയ വിലയുണ്ട്. ബാങ്കിതര കമ്പനികള്‍ നല്‍കുന്ന വായ്പകള്‍ വഴി 18 ലക്ഷം കുടുംബങ്ങളാണ് വരുമാന വര്‍ധനവും വ്യാപാര ശേഷി ഉന്നമനവും നേടിയെടുത്തിട്ടുള്ളത്.

കേരളത്തില്‍ എളിയ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ മൂന്നു സ്ഥാപനങ്ങള്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ കമ്പനികളായി വളര്‍ന്നതില്‍ സംസ്ഥാനം അഭിമാനിക്കുകയാണു വേണ്ടത്. ഈ കമ്പനികള്‍ ഇപ്പോഴും ജന്മനാടിനോടുള്ള പ്രതിബദ്ധതയും കടപ്പാടും പരിപോഷിപ്പിക്കാന്‍ സദാ ശ്രമിച്ചുവരുന്നു.

അസോസിയേഷനില്‍ അംഗങ്ങളായ കമ്പനികള്‍ കേരളത്തില്‍ മാത്രം പ്രതിദിനം 75000 പേര്‍ക്കാണ് സേവനം നല്‍കിവരുന്നത്.14000 പേര്‍ക്ക് സംസ്ഥാനത്തു ജോലി നല്‍കുന്ന ഈ കമ്പനികള്‍ സ്ത്രീ ജീവനക്കാര്‍ക്ക് വീടിനടുത്തു തന്നെ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിച്ച് സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കുര്യന്‍ സി ജോര്‍ജും ആവശ്യപ്പെട്ടു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it