ഇലക്ട്രോണിക്‌സ് പണമടവ് മാര്‍ഗങ്ങളില്ലേ? ഫെബ്രുവരി ഒന്നുമുതല്‍ പിഴ വരും

നിങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് നേടിയ വ്യാപാരിയാണോ? പണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഏതെങ്കിലും ഇലക്ട്രോണിക്‌സ് പണമടവ് മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രതിദിനം 5000 രൂപ പിഴ വരും. ഇന്ത്യയെ ഡിജിറ്റല്‍ ഇക്കോണമിയാക്കി മാറ്റാനായി സ്വീകരിച്ചിരിക്കുന്ന കാര്യങ്ങളുടെ ഭാഗമായി പല മാറ്റങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ ആദായ നികുതി നിയമത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ 269 എസ് യു എന്ന വകുപ്പ് ഇത്തരത്തിലുള്ളതാണ്.

ഇത് പ്രകാരം തൊട്ട് മുന്‍ വര്‍ഷം 50 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള ഏല്ലാ വ്യാപാരികളും പണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഏതെങ്കിലും ഇലക്ട്രോണിക്‌സ് പണമടവ് മാര്‍ഗ്ഗങ്ങള്‍ ഒരുക്കിയിരിക്കണം. 2019 നവംബര്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നതെങ്കിലും നിയമത്തില്‍ പറഞ്ഞിട്ടുള്ള ''ഇലക്ട്രോണിക്‌സ് പണമടവ് മാര്‍ഗ്ഗങ്ങള്‍' ഏതൊക്കെയെന്ന് വ്യക്തമാക്കിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയത് 2019 ഡിസംബര്‍ 30ന് മാത്രമാണ്. Debit card powered by RuPay, Unified Payments Interface (UPI) (BHIM - UPI) , Unified Payments Interface Quick Response Code (UPI QR Code) (BHIM - UPI QR Code) എന്നിവയാണ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്ന ഇലക്ട്രോണിക്‌സ് പണമടവ് മാര്‍ഗ്ഗങ്ങള്‍.

2020 ജനുവരി ഒന്നുമുതല്‍ ഈ വകുപ്പ് ബാധകമായ എല്ലാ വ്യാപാരികളും ഇത്തരം പണമടവ് മാര്‍ഗ്ഗങ്ങള്‍ ഒരുക്കേണ്ടതാണ്. തടസ്സങ്ങളില്ലാതെ ഈ നിയമം നടപ്പാക്കാന്‍ ആദായനികുതി വകുപ്പില്‍ പുതുതായി 271 ഡിബി എന്ന പുതിയ വകുപ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് പ്രകാരം വകുപ്പ് 269 എസ് യു വില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇലക്ട്രോണിക്‌സ് പണമടവ് മാര്‍ഗ്ഗങ്ങള്‍ ഒരുക്കാന്‍ ബാധ്യസ്ഥനായ വ്യക്തി അതില്‍ വീഴ്ച വരുത്തിയാല്‍, അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഓരോ ദിവസവും 5000 രൂപ പിഴ നല്‍കേണ്ടി വരും.

വീഴ്ച വരുത്തിയതിന് മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയാണെങ്കില്‍ പിഴയില്‍ നിന്ന് ഒഴിവാകാവുന്നതാണ്. 2020 ജനുവരി 31 നുള്ളില്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ പിഴ ശിക്ഷയില്‍ നിന്നും ഒഴിവാകും. അല്ലെങ്കില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രതിദിനം 5000 രൂപ പിഴ ചുമത്താന്‍ സാധ്യതയുണ്ട്.ഈ നിയമപ്രകാരം ഇലക്ട്രോണിക്ക് മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകളെയും സിസ്റ്റം ലഭ്യമാക്കുന്നവരെയും, പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2017ല്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള വകുപ്പ് 10എ പ്രകാരം വിലക്കിയിട്ടുണ്ട്.

(വിവരങ്ങള്‍ക്ക് കടപ്പാട്: CA സുനില്‍ കുമാര്‍ സി. എസ്, എഫ് സി എ)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it