പൊതുമേഖലാ ബാങ്ക് ലയനം: പിന്നോട്ടില്ലെന്ന് ധനമന്ത്രി

കാര്‍ഷിക വായ്പയുടെ ഒഴുക്ക് സര്‍ക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍

-Ad-

പത്ത് പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുമ്പു പ്രഖ്യാപിച്ച തീയതിയായ ഏപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തിലാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ ലഭ്യമാക്കുന്ന നാല് വലിയ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിനു കാലതാമസമുണ്ടാകാന്‍ അനുവദിക്കില്ല – അവര്‍ പറഞ്ഞു.

-Ad-

പൊതുമേഖലാ ബാങ്കുകളുടെ ബോര്‍ഡുകള്‍ ഇതിനകം ലയനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സംയോജനത്തിന്റെ വിശദാംശങ്ങളുള്‍ക്കൊള്ളുന്ന അന്തിമ പദ്ധതി ഉടന്‍ തന്നെ മന്ത്രിസഭയുടെ മുമ്പാകെ വരും. കാര്‍ഷിക വായ്പയുടെ ഒഴുക്ക് സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 11 ശതമാനം വളര്‍ച്ചാ നിരക്കോടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം കോടി രൂപയെന്ന കാര്‍ഷിക വായ്പാ ലക്ഷ്യം കൈവരിക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) ലയിക്കുന്നതോടെ എസ്ബിഐക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ബാങ്കാകുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.സംയുക്ത ബാങ്കിന്റെ മൊത്തം ബിസിനസ്സ് 18 ലക്ഷം കോടി രൂപ ആയിരിക്കും.

സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായി സംയോജിപ്പിക്കുമ്പോള്‍ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ആകും. യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിച്ച് അഞ്ചാമത്തെ വലിയ ബാങ്കായും മാറും. ഇന്ത്യന്‍ ബാങ്കിന്റെയും അലഹബാദ് ബാങ്കിന്റെയും സംയോജനം ഏഴാമത്തെ വലിയ പിഎസ്ബിയെ സൃഷ്ടിക്കും. പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കുന്നതിനെതിരെ വലിയ എതിര്‍പ്പാണ് ജീവനക്കാരില്‍ നിന്നുയര്‍ന്നു വന്നിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here