കിട്ടാക്കടം: പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം മൂന്നര ഇരട്ടിയായി

പൊതുമേഖലാ ബാങ്കുകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമാകുന്നു. 21 പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നഷ്ടം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൂന്നര ഇരട്ടിയായി 14,7716 കോടി രൂപയായി വര്‍ധിച്ചു. കിട്ടാക്കടം പെരുകിയതാണ് ഇതിന് കാരണം.

21 പൊതുമേഖലാ ബാങ്കുകളില്‍ 12 എണ്ണവും നഷ്ടത്തിലാണ്. ഈ നഷ്ടം 17,046 കോടി രൂപയാണ്. ബാക്കിയുള്ള ഒമ്പത് ബാങ്കുകള്‍ ലാഭത്തിലാണെങ്കിലും അറ്റാദായം കുറവാണ്. ഒമ്പത് ബാങ്കുകളുടെ മൊത്തം അറ്റാദായം 2330.65 കോടി രൂപ മാത്രമാണ്. 21 ബാങ്കുകളുടെയും കൂടി അറ്റനഷ്ടം (ഒമ്പത് ബാങ്കുകളുടെ അറ്റാദായം കുറച്ചിട്ടുള്ള തുക) കണക്കാക്കുമ്പോള്‍ അത് 14,716.19 കോടി രൂപയാണ്.

2018 ഏപ്രില്‍-ജൂണ്‍ കാലയളവിലെ നഷ്ടം 16,614.9 കോടി രൂപയായിരുന്നു. അതില്‍ നിന്ന് സ്ഥിതി മെച്ചപ്പെടുത്തി നഷ്ടം 2000 കോടി രൂപയോളം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകളെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഏറ്റവും നഷ്ടം നേരിട്ടത് പഞ്ചാബ് നാഷണല്‍ ബാങ്കിനാണ്.

4532.35 കോടി രൂപയാണ് ബാങ്കിന്റെ മൂന്ന് മാസത്തെ നഷ്ടം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 560.58 കോടി രൂപയുടെ ലാഭം നേടാന്‍ ബാങ്കിന് കഴിഞ്ഞിരുന്നു. വജ്രവ്യാപാരി നീരവ് മോദിയുടെ 1400 കോടിയുടെ വായ്പാതട്ടിപ്പാണ് പിഎന്‍ബിയുടെ അടിത്തറ ഇളക്കിയത്.

നഷ്ടക്കണക്കില്‍ രണ്ടാം സ്ഥാനത്തുള്ളത് ഐഡിബിഐ ബാങ്കാണ്. 3602.50 കോടി രൂപയാണ് നഷ്ടം. പൊതുമേഖലാ ബാങ്കുകളെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തുടരുകയാണ്. പല ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അധികമൂലധനം അനുവദിച്ചിട്ടുണ്ട്.

ഈ സാമ്പത്തികവര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടത്തിലായ പൊതുമേഖലാ ബാങ്കുകള്‍

1. പഞ്ചാബ് നാഷണല്‍ ബാങ്ക്

2. ഐഡിബിഐ ബാങ്ക്

3. അലഹബാദ് ബാങ്ക്

4. സിന്‍ഡിക്കേറ്റ് ബാങ്ക്

5. ബാങ്ക് ഓഫ് ഇന്ത്യ

6. യൂക്കോ ബാങ്ക്

7. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

8. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

9. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

10. ആന്ധ്രാ ബാങ്ക്

11. ദേനാ ബാങ്ക്

12. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it