പേടിഎം വായ്പാ വിഭാഗം സിഇഒ ആയി ഭവേഷ് ഗുപ്ത ചുമതലയേല്‍ക്കും

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പേയ്‌മെന്റ് ആപ്പുകളില്‍ ഒന്നായ പേടിഎമ്മിന്റെ ലെന്‍ഡിംഗ് വിഭാഗം സിഇഓ സ്ഥാനത്തേക്ക് ഭവേഷ് ഗുപ്ത ചുമതലയേല്‍ക്കുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള പേടിഎം മണിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയി വരുണ്‍ ശ്രീധറിനെയും ചുമതലപ്പെടുത്തി. കമ്പനിയുടെ ഭാവി ലക്ഷ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പേടിഎമ്മിന്റെ വായ്പാ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഭവേഷ് ഗുപ്തയുടെ നിയമനം ഉപകാരപ്പെടുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. പേടിഎമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ഭവേഷ് വഹിക്കും.
മറ്റ് ബാങ്കുകളുടേയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുമായി നവീന പദ്ധതികള്‍ കൊണ്ടുവരാനാണ് പേടിഎം ലക്ഷ്യമിടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയില്‍ പുത്തന്‍ ചുവടുവയ്പുകള്‍ ഉപഭോക്താക്കള്‍ക്കായി കാഴ്ചവയ്ക്കുവാന്‍ വിവിധ പദ്ധതികളാണ് പുതിയ നേതൃത്വത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരം സംരഭങ്ങളുടെ ലളിതവല്‍ക്കരണം നവീകരണം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
ഭവേഷ് ഗുപ്ത, ജിഇ ക്യാപിറ്റല്‍ ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ക്ലിക്‌സ് ക്യാപിറ്റലിന്റെ സ്ഥാപക അംഗമായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ സ്ഥാപകരിലൊരാളും എസ് എം ഇ, ബിസിനസ് ബാങ്കിംഗ് മേധാവിയുമായിരുന്നു അദ്ദേഹം. ഒരു ദശകത്തിലേറെ ഐസിഐസിഐ റീട്ടെയ്ല്‍ ബാങ്കിംഗ് വിഭാഗത്തിലും ഭവേഷ് ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്. പേടിഎമ്മിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായതോടെ ഗുപ്ത ഇനി പേടിഎം പ്രസിഡന്റ് അമിത് നയ്യാര്‍ക്ക് ഔദ്യോഗിക ചുമതലകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്തരവാദിത്തങ്ങള്‍ വഹിക്കും.
മ്യൂച്വല്‍ ഫണ്ടുകള്‍, എന്‍പിഎസ്, പേടിഎം ഗോള്‍ഡ് ലോണ്‍ എന്നിവയ്ക്കു പുറമെ ഇക്വിറ്റി ബ്രോക്കറേജിന്റെ സമാരംഭത്തിനും വികസനത്തിനുമായിരിക്കും പുതുതായി ചുമതലയേറ്റ വരുണ്‍ ശ്രീധര്‍ ഊന്നല്‍ നല്‍കുമെന്നും കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും മുന്‍നിര റീട്ടെയ്ല്‍ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് പല പദ്ധതികള്‍ക്കും വരുണ്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മുമ്പ് ഫിന്‍ഷെല്‍ ഇന്ത്യയുടെ സിഇഒ ആയും വരുണ്‍ ചുമതല വഹിച്ചിട്ടുണ്ട്. ബിഎന്‍പി പാരിബാസിലും വരുണ്‍ ശ്രീധര്‍ നേതുസ്ഥാനം അലങ്കരിച്ചിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline