പേടിഎം പോസ്റ്റ് പെയ്‌ഡ്‌: 60,000 രൂപ വരെ ചെലവാക്കാം, പിന്നീട് തിരിച്ചടച്ചാൽ മതി

പ്രമുഖ മൊബീൽ വാലറ്റ് കമ്പനിയായ പേടിഎം ക്രെഡിറ്റ് കാർഡിന് സമാനമായ സേവനവുമായി രംഗത്ത്. പേടിഎം പോസ്റ്റ് പെയ്‌ഡ്‌ എന്ന് പേരിട്ടിരിക്കുന്ന സേവനം ഇപ്പോൾ ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തിലാണ്.

ഐസിഐസിഐ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. പേടിഎം പോസ്റ്റ് പെയ്‌ഡ്‌ ഉപയോഗിച്ച് 60,000 രൂപ വരെയുള്ള പർച്ചേയ്‌സുകളും ബിൽ പേയ്‌മെന്റും നടത്താം. പണം അടുത്ത മാസം തിരിച്ചടച്ചാൽ മതി.

എല്ലാമാസവും ഒന്നാം തീയതി ബിൽ അയക്കും. ഏഴ് ദിവസത്തിനുള്ളിൽ പണമടച്ചാൽ പലിശയോ അധികചാർജോ നൽകേണ്ടി വരില്ല. 10, 15 തീയതികളിൽ തിരിച്ചടവിനെക്കുറിച്ച് ഓർമ്മിപ്പിക്കാൻ സന്ദേശങ്ങൾ അയക്കുകയും ചെയ്യും. തിരിച്ചടവ് മുടങ്ങിയാൽ പോസ്റ്റ് പെയ്‌ഡ്‌ എക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്യപ്പെടും.

പരീക്ഷണ ഘട്ടത്തിലായതിനാൽ ഇപ്പോൾ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കേ സേവനം ലഭ്യമാകൂ. ഒടിപിയോ പിൻ നമ്പറോ ഇല്ലാതെതന്നെ പേയ്മെന്റ് നടത്താൻ കഴിയുമെന്നതാണ്
പോസ്റ്റ് പെയ്‌ഡ്‌ എക്കൗണ്ടിന്റെ പ്രത്യേകത.

ഓർഡർ റദ്ദ് ചെയ്യേണ്ടി വന്നാൽ ഉടൻ തന്നെ നമ്മുടെ പോസ്റ്റ്പെയ്‌ഡ്‌ എകൗണ്ടിലേക്ക് പണം തിരികെയെത്തും.

ആക്ടിവേറ്റ് ചെയ്യാൻ: നിങ്ങളുടെ പേടിഎം ആപ്പിൽ പേടിഎം പോസ്റ്റ് പെയ്‌ഡ്‌ ബാനർ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക. 'ആക്ടിവേറ്റ് മൈ പേടിഎം പോസ്റ്റ് പെയ്‌ഡ്‌' എന്ന ബട്ടണിൽ ടാപ്പ് ചെയ്താൽ മതി. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റും മറ്റ് വിശദാംശങ്ങളും അറിയിക്കുന്ന സന്ദേശം അപ്പോൾത്തന്നെ ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it