'പി.എം.സി ബാങ്കിനെ വളര്‍ത്തിയതും വീഴ്ത്തിയതും വാധവാന്‍ കുടംബം': ഏറ്റുപറഞ്ഞ് എം.ഡി ജോയ് തോമസ്

രാജ്യത്ത് സഹകരണ ബാങ്കിംഗ് മേഖലയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ സമ്പത്തിക ക്രമക്കേടാണ് മുബൈ ആസ്ഥാനമായുള്ള പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ- ഓപ്പറേറ്റീവ് ബാങ്കില്‍ (പി.എം.സി) അരങ്ങേറിയതെന്ന് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കോടതിയില്‍ സമര്‍പ്പിച്ച പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച് വായ്പ അനുവദിച്ചതിലൂടെ 4,335 കോടി രൂപ നഷ്ടം നേരിട്ട് കുരുക്കിലായിക്കഴിഞ്ഞ ബാങ്കിന് ആര്‍.ബി.ഐ ആറു മാസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ചേരി വികസന പദ്ധതികളുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടിയ ഹൗസിങ് ഡവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്ഡിഐഎല്‍)മായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി 21,049 വ്യാജ അക്കൗണ്ടുകള്‍ പി.എം.സി ഉണ്ടാക്കിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു.സസ്പെന്‍ഡ് ചെയ്യപ്പെട്ട മലയാളിയായ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

പിഎംസി ബാങ്കിന്റെ നടത്തിപ്പിനായി റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ മുന്‍ മാനേജ്മെന്റിന്റെ സാമ്പത്തികക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. ധനകാര്യ സ്ഥാപനമായ എച്ച്.ഡി.ഐ.എല്ലിന് മാനദണ്ഡങ്ങള്‍ മറികടന്ന് പി.എം.സി. ബാങ്ക് 4,300 കോടി രൂപ വായ്പ നല്‍കിയെന്നും ഇക്കാര്യം മറച്ചുവെക്കാന്‍ വ്യാജരേഖകള്‍ ചമച്ചെന്നുമാണ് പരാതി. കിട്ടാക്കടങ്ങള്‍ മറച്ചുവെച്ച് ഒരു പതിറ്റാണ്ടായി പിഎംസി. ബാങ്ക് റിസര്‍വ് ബാങ്കിനെ കബളിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 17 ന് ബാങ്കിനുള്ളില്‍നിന്നുതന്നെ റിസര്‍വ് ബാങ്കിന് ഒരു കത്ത് ലഭിച്ചിരുന്നു.

ബാങ്ക് ചെയര്‍മാന്‍ വാര്യം സിങ്ങിനും എം.ഡി ജോയ് തോമസിനും എതിരേ ചുമത്തിയിരിക്കുന്നത് വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്. എച്ച്.ഡി.ഐ.എല്‍ പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധവാന്‍, സാരംഗ് വാധവാന്‍ എന്നിവരാണ് മുഖ്യ പ്രതികള്‍. മുന്‍കരുതലെന്ന നിലയില്‍ 17 പേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും മുന്നറിയിപ്പു നല്‍കി.

എച്ച്.ഡി.ഐ.എല്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരായ വാധാവന്‍ കുടുംബത്തിന്റെ സ്വന്തം ബാങ്കായാണ് പി.എം.സി മിക്കവാറും പ്രവര്‍ത്തിച്ചുപോന്നിരുന്നതെന്ന് ജോയ് തോമസ് അധികൃതര്‍ക്കു നല്‍കിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.ബാങ്കിനെ നല്ല നിലയിലെത്തിക്കാനായത് ഈ കുടുംബത്തിന്റെ പിന്തുണയാലാണ്. ആപല്‍ഘട്ടങ്ങളില്‍ അവര്‍ ബാങ്കിനെ വലിയ നിക്ഷേപങ്ങളിലൂടെ സഹായിച്ചു.2004 ല്‍ ബാങ്ക് വലിയൊരു വിപത്തു നേരിട്ടപ്പോള്‍, രാകേഷ് കുമാര്‍ വാധവാന്‍ 100 കോടി രൂപ നിക്ഷേപിച്ചു. താമസിയാതെ, ബാങ്കിന്റെ 60 % ഇടപാടുകളും എച്ച്ഡിഎല്‍ ഗ്രൂപ്പുമായി മാത്രമായി.

തോമസ് തന്റെ കത്തില്‍ ഇങ്ങനെ പറയുന്നു: രാകേഷ് കുമാര്‍ വാധവാന്‍ ബാങ്കുമായി ബാങ്കിംഗ് ആരംഭിച്ച കാലം മുതല്‍, അദ്ദേഹത്തിന്റെ എല്ലാ അക്കൗണ്ടുകളുടെയും പ്രകടനം മികച്ചതായിരുന്നു.കാലാകാലങ്ങളില്‍ ഈ അക്കൗണ്ടുകള്‍ ഓവര്‍ ഡ്രോ ചെയ്യപ്പെടുമെങ്കിലും യഥാസമയം റെഗുലറൈസ് ചെയ്യപ്പെട്ടുപോന്നു. അവര്‍ എടുത്ത വായ്പകള്‍ക്ക് 18-24 ശതമാനം പലിശ ഈടാക്കിയിരുന്നതിലൂടെ ബാങ്ക് വളര്‍ന്നു. അതേസമയം, ഓഡിറ്റര്‍മാരുടെ അശ്രദ്ധയും റിസര്‍വ് ബാങ്കിന്റെ കര്‍ക്കശ നിലപാടുകളുമാണ് ബാങ്കിനെ കുരുക്കിലാക്കിയതെന്നും പി.എം.സിക്ക് ബോധ്യതകളേക്കാള്‍ പല മടങ്ങ് ആസ്തിയുള്ളതിനാല്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കത്തില്‍ പറയുന്നു.

എച്ച്.ഡി.ഐ.എല്ലിനും ഉപകമ്പനികള്‍ക്കുമായി പി.എം.സി. 44 വായ്പകളാണ് നല്‍കിയിട്ടുള്ളത്. ബാങ്ക് മൊത്തം നല്‍കിയ 8,800 കോടി വായ്പയുടെ 73 ശതമാനം വരുമിത്. ആര്‍.ബി.ഐ. മാനദണ്ഡം അനുസരിച്ച് ഒരു ഉപയോക്താവിന് നല്‍കാവുന്ന പരിധിയിലും പതിന്‍മടങ്ങ് കൂടുതലാണിത്. 1989 മുതല്‍ കമ്പനിക്ക് ബാങ്ക് വായ്പ നല്‍കുന്നുണ്ടെന്നും ജോയ് വ്യക്തമാക്കി. മുംബൈ വിമാനത്താവളത്തിനടുത്തുള്ള ചേരി പുനരധിവാസ പദ്ധതി റദ്ദായതോടെയാണ്് 2012-2013 ല്‍ കമ്പനി പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങിയത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള ഈ വായ്പകള്‍ 21,049 ചെറു അക്കൗണ്ടുകളിലാക്കി. ഈ അക്കൗണ്ടുകളുടെ വിവരമാണ് ആര്‍.ബി.ഐ.യില്‍ ഉള്‍പ്പെടെ ഓഡിറ്റിങ്ങിനായി നല്‍കിയത്. അതേസമയം, ഈ വിവരങ്ങള്‍ കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

എമറാള്‍ഡ് റിയാല്‍റ്റേഴ്സ്, സഫയര്‍ ലാന്‍ഡ്, സോമര്‍സെറ്റ് കണ്‍സ്ട്രക്ഷന്‍, ആവാസ് ഡെവലപ്പേഴ്സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, സത്യം റിയാല്‍റ്റേഴ്സ്, പൃഥ്വി റിയാല്‍റ്റേഴ്സ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കിയതായി രേഖകളിലുണ്ട്. ഇതില്‍ മിക്കതിനും ബാന്ദ്രയില്‍ എച്ച്.ഡി.ഐ.എല്‍. ഗ്രൂപ്പ് ഒരുക്കിയ ചേരി പുനരധിവാസ അഥോറിറ്റിയുടെ കെട്ടിടത്തിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. ഡയറക്ടര്‍മാരും ഒരേ പാനലില്‍നിന്നുള്ളവര്‍തന്നെ. അതേസമയം, എച്ച്.ഡി.ഐ.എല്‍ തന്നെയാണ് ഈ ഓഫീസുകള്‍ ഉപയോഗിച്ചിരുന്നത്. എച്ച്.ഡി.ഐ.എല്‍ ബോര്‍ഡ് അംഗമായ വാര്യം സിങ്ങിനെ 2015ല്‍ ബാങ്കിന്റെ ചെയര്‍മാനായി നിയമിച്ചു. പെട്ടെന്നു വളരുകയായിരുന്നു ബാങ്കിന്റെ ലക്ഷ്യം. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ പാപ്പരത്ത നടപടികള്‍ നേരിടുമ്പോഴും എച്ച്.ഡി.ഐ.എല്ലിനു കഴിഞ്ഞ മാസം 96 കോടി രൂപ അനുവദിച്ചു.

പി.എം.സിക്ക് റിസര്‍വ് ബാങ്ക് ആറു മാസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇക്കാലയളവില്‍ നിക്ഷേപകര്‍ക്കു ബാങ്കില്‍നിന്ന് 1000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാകില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ ബുദ്ധിമുട്ടു മുന്നില്‍ക്കണ്ട് പരിധി 10,000 ആക്കി ഉയര്‍ത്തിയിരുന്നു.ആര്‍.ബി.ഐയുടെ സമ്മതം കൂടാതെ പുതിയ വായ്പകള്‍ നല്‍കുക, അനുവദിക്കുക, പുതുക്കുക, നിക്ഷേപങ്ങള്‍ നടത്തുക, ഏറ്റെടുപ്പ്, ജപ്തി, കടംവാങ്ങല്‍, നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നിവയും സാധിക്കില്ല. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണു ബാങ്കിന് ശാഖകളുള്ളത്. 1984ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിനു നിലവില്‍ 137 ശാഖകളുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് എച്ച്.ഡി.ഐ.എല്‍ ആസ്ഥാനത്തും പിഎംസിയുടെ ഭാണ്ഡൂപ് ശാഖയിലും പരിശോധന നടത്തി. വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. വിവിധ യോഗങ്ങളിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളും അഞ്ചു വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടുമെല്ലാം പിടിച്ചെടുത്തവയില്‍പ്പെടുന്നു. നിലവില്‍ രാജ്യത്തെ ഇരുപത്തഞ്ചോളം സഹകരണ ബാങ്കുകള്‍ ആര്‍.ബി.ഐ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്‍ കീഴിലായുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ബാങ്കാണ് പി.എം.സി. പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് നിക്ഷേപകര്‍ പലയിടത്തും സംഘടിക്കുന്നുണ്ട്.

നിക്ഷേപകരുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കിക്കൊണ്ട് സഹകരണ ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനശൈലി പരിഷ്‌കരിക്കണമെന്ന് കുറേക്കാലമായി ഉയരുന്ന ആവശ്യം പി.എം.സി യുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ശക്തമായിത്തുടങ്ങി. ഏഴു വര്‍ഷമായി പി.എം.സി യിലെ തമസ്‌കരിക്കപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തുന്നതില്‍ റിസര്‍വ് ബാങ്കും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം പരാജയപ്പെട്ടെന്നത് രാജ്യത്തുടനീളം സഹകരണ ബാങ്കിംഗ് മേഖല നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ ആദിത്യ പുരിയുടെ അഭിപ്രായത്തില്‍, ജനകോടികളുമായി ഇടപെടുന്ന സഹകരണ ബാങ്കുകളുടെ ക്ഷമത ഉറപ്പാക്കാന്‍ കാലാനുസൃത പരിഷ്‌കാരവും നടപടികളും അനിവാര്യമാണ.്

സാമ്പത്തിക കാര്യങ്ങളില്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്കിന് ആത്യന്തിക നിയന്ത്രണമുണ്ടെങ്കിലും ഭരണ മേല്‍നോട്ടം നടത്തുന്നത് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളാണ്. ഇതു മൂലം പല പരിമിതികളുമുണ്ടെന്ന് ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയുമെങ്കിലും അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ബാങ്ക് മാനേജ്‌മെന്റില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ കഴിയില്ല. സംസ്ഥാന സഹകരണ സംഘം ആക്റ്റ് അല്ലെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ്, 2002 ലെ വ്യവസ്ഥകള്‍ പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍.

Babu Kadalikad
Babu Kadalikad  

Related Articles

Next Story
Share it