'രാഷ്ട്രീയ, നിയന്ത്രണ സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ വളര്‍ച്ചാ നിരക്ക് ഇനിയും താഴും'

വര്‍ദ്ധിച്ച 'രാഷ്ട്രീയ, നിയന്ത്രണ' സമ്മര്‍ദ്ദത്തിലാണ് കമ്പനികളുടെ ഭരണ സമിതികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ ഫലമായുണ്ടാകുന്ന റിസ്‌ക് ഒഴിവാക്കലാണ് വളര്‍ച്ചാ മാന്ദ്യത്തിന് പ്രധാന കാരണമെന്നും എച്ച്ഡിഎഫ്സി ചീഫ് എക്സിക്യൂട്ടീവ് കെകി മിസ്ത്രി.ബാങ്കര്‍മാര്‍ വായ്പാ തീരുമാനങ്ങള്‍ എടുക്കാത്തതിനു കാരണം ഈ 'റിസ്‌ക് അവെര്‍നെസ് സിന്‍ഡ്രോം ' ആണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലേക്കു കുറയുകയും സി ബി ഐ, ഇ ഡി, എസ് എഫ് ഐ ഒ തുടങ്ങിയ ഏജന്‍സികളുടെ കടുത്ത നടപടികളില്‍ പ്രതിഷേധമുയരുകയും ചെയ്യുന്ന സമയത്താണ് സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഒഴിവായില്ലെങ്കില്‍ വലിയ നഷ്ടങ്ങളുണ്ടാകുമെന്ന മിസ്ത്രിയുടെ അഭിപ്രായ പ്രകടനമുണ്ടായിരിക്കുന്നത്.

'കമ്പനികളുടെ ഭരണ നിലവാരം മെച്ചപ്പെടുത്തുന്നതിനെന്ന പേരില്‍ എക്കാലത്തേക്കാളും അധികമായി കഠിനമായ നിരീക്ഷണ സംവിധാനങ്ങളാണ് ബോര്‍ഡുകള്‍ക്കു മേലുള്ളത്. സ്വയം കണക്കുകൂട്ടിയുള്ള റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ ബോര്‍ഡുകള്‍ക്കാകുന്നില്ല. ഈ നില മാറാത്തപക്ഷം സമ്പദ് വ്യവസ്ഥ ഇനിയും തളരാനാണു സാധ്യത'- മിസ്ത്രി നരീക്ഷിച്ചു.

നിക്ഷേപവുമായി ബന്ധപ്പെട്ട് സുരക്ഷിത ഇടങ്ങള്‍ വിടാന്‍ മടി കാണിക്കുന്ന ഒട്ടേറെ പ്രമുഖരെ തനിക്കറിയാമെന്ന്, പേരു വെളിപ്പെടുത്താതെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മിസ്ത്രി വിവരിച്ചു.സ്വതന്ത്ര ഡയറക്ടര്‍മാര്‍ തന്ത്രപരമായ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നത് ദോഷകരമാകും. അതുല്യ നൈപുണ്യമുള്ള പലരും കമ്പനി ബോര്‍ഡുകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.

സ്വതന്ത്ര ഡയറക്ടര്‍മാര്‍ നേരിടുന്ന സമ്മര്‍ദങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സിഐഐ നടപടിയെടുക്കണമെന്ന് മിസ്ത്രി പറഞ്ഞു.രണ്ടു വര്‍ഷത്തോളമായി സമ്മര്‍ദ്ദത്തിന്റെ ഉച്ചസ്ഥായിയെയാണ് ബാങ്കര്‍മാര്‍ നേരിടുന്നത്. പണത്തിന്റെ ദൗര്‍ലഭ്യമല്ല ബാങ്കുകള്‍ക്കു മുന്നിലെ യഥാര്‍ത്ഥ പ്രശ്നം. അമിത നിയന്ത്രണങ്ങളിലൂടെ വളരുന്ന ഭയം വിനാശകാരിയായി മറും.നിഷേധ ഭാവം ഈ മേഖലയില്‍ തീവ്രമാകുന്നത് സ്വാഭാവികം: അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it