വിദേശത്ത് സംരംഭക മികവ് തെളിയിക്കാം; എക്സിം ബാങ്ക് സാമ്പത്തിക പിന്തുണയേകും

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എക്സ്പോര്‍ട്ട് - ഇംപോര്‍ട്ട് (എക്സിം) ബാങ്കിന്റെ ലൈന്‍സ് ഓഫ് ക്രെഡിറ്റ് (എല്‍.ഒ.സി) പദ്ധതി വഴി വിദേശ രാജ്യങ്ങളില്‍ സംരംഭക മികവ് തെളിയിക്കാന്‍ കഴിഞ്ഞത് നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്ക്. ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രം അനുവദിക്കുന്ന ടെന്‍ഡര്‍ വഴി വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വായ്പയാണിത്.

ഇന്ത്യയിലെ ചെറുതും വലുതുമായ കമ്പനികള്‍ക്ക് വിദേശത്ത് മികച്ച അവസരങ്ങളാണ് ഇതിലൂടെ തുറന്നുകിട്ടിയതെന്ന് വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി എ. അജയകുമാറും എക്സിം ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ സുദത്ത മണ്ഡലും കൊച്ചിയില്‍ പറഞ്ഞു. കൃഷി, നിര്‍മ്മാണം, റോഡ്, റെയില്‍, തുറമുഖം, ജലസേചനം, ഊര്‍ജോത്പാദനം, സാങ്കേതികവിദ്യ, വൈദ്യുതിവത്കരണം, പെട്രോകെമിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് കേന്ദ്രത്തിന്റെ പൂര്‍ണ ഗ്യാരന്റിയോടെ എല്‍.ഒ.സി നല്‍കുന്നത്. യോഗ്യതയും മികവുമുള്ള കമ്പനികള്‍ക്ക് ടെന്‍ഡര്‍ നേടാം.

'എല്‍.ഒ.സിയുടെ നേട്ടം കൊയ്യാന്‍ കഴിവുള്ള ഒട്ടേറെ കമ്പനികള്‍ കേരളത്തിലുണ്ട്. എം.എസ്.എം.ഇകളുടെ നാടാണ് കേരളം. ഈയിടെ ഒരു കേരള കമ്പനി നേപ്പാളില്‍ ഹൈവേ നിര്‍മ്മാണത്തിന് യോഗ്യത നേടിയിരുന്നു. ബോധവത്കരണത്തിലൂടെ കൂടുതല്‍ കേരള കമ്പനികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ'- അജയകുമാര്‍ പറഞ്ഞു.ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും വൈദ്യുതി, ഉരുക്ക് നിലയങ്ങള്‍ തുടങ്ങിയ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഇതിലൂടെ ഇന്ത്യ വിജയകരമായി നടപ്പാക്കി. പ്രതിസന്ധി ഘട്ടത്തില്‍ സിറിയയില്‍ ഒരു സ്റ്റീല്‍ പ്ലാന്റ് വിജയകരമായി സ്ഥാപിച്ചു.

എല്‍.ഒ.സി പ്രകാരം നിര്‍ദ്ദിഷ്ട പദ്ധതിയിലേക്ക് മാനവവിഭവശേഷി, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങി മൊത്തം തുകയുടെ 75 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.സാമ്പത്തിക പ്രതിസന്ധിയില്ലാതെ, വിദേശത്ത് ബിസിനസുകള്‍ നേടാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപയോഗപ്രദമാണ് എല്‍.ഒ.സിയെന്ന് അജയകുമാറും സുദത്ത മണ്ഡലും ചൂണ്ടിക്കാട്ടി. കലാപം കത്തിപ്പടരവേ യെമനില്‍ നടപ്പാക്കിയതുള്‍പ്പെടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി ഒട്ടനവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതുവഴി കൈത്താങ്ങായി.

മംഗോളിയയില്‍ 130 കോടി ഡോളറിന്റെ പെട്രോകെമിക്കല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി എല്‍.ഒ.സി യുടെ തുണയോടെ. ബംഗ്‌ളാദേശില്‍ രണ്ടും മാലിദ്വീപില്‍ ഒന്നും തുറമുഖങ്ങള്‍ നിര്‍മ്മിച്ചു. ഖാനയില്‍ പോര്‍ട്ടബിള്‍ വാട്ടര്‍ പദ്ധതി, ശ്രീലങ്കയില്‍ റെയില്‍വേ നിര്‍മ്മാണം, മൗറീഷ്യസില്‍ മൃതശരീരം ദഹിപ്പിക്കാനുള്ള ഇന്‍സിനറേറ്റര്‍, ക്യൂബയില്‍ സോളാര്‍ പാര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് പദ്ധതികള്‍.

ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം ഇതിനകം 61 രാജ്യങ്ങള്‍ക്കായി 2,515 കോടി ഡോളറിന്റെ 257 വികസന പദ്ധതി വായ്പ എക്സിം ബാങ്ക് നല്‍കി. മൊത്തം 550 കോടി ഡോളര്‍ മൂല്യമുള്ള 41 എല്‍.ഒ.സികള്‍ കൂടി എക്സിം ബാങ്കിന്റെ പരിഗണനയിലാണ്. ഇതുചേരുമ്പോള്‍ മൊത്തം തുക 3,062 കോടി ഡോളറാകും. ആകെ എല്‍.ഒ.സി 298. നേട്ടമുണ്ടാക്കിയ രാജ്യങ്ങള്‍ 64. ഇതിനകമുള്ള എല്‍.ഒ.സിയുടെ മൊത്തം മൂല്യത്തില്‍ ഏഷ്യയാണ് മുന്നില്‍. എല്‍.ഒ.സി എണ്ണത്തില്‍ മുന്നില്‍ ആഫ്രിക്കയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it