തട്ടിപ്പു കേസുകളുടെ എണ്ണവും മൂല്യവും പെരുകുന്നു; ശ്വാസം മുട്ടി പൊതുമേഖലാ ബാങ്കുകള്‍

തിരിച്ചടവു മുടങ്ങിയ വായ്പകളുടെ ആധിക്യത്തില്‍ ശ്വാസം മുട്ടുന്ന പൊതുമേഖലാ ബാങ്കുകളെ തട്ടിപ്പുകളും പ്രതിസന്ധിയിലാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-20) ഏപ്രില്‍-സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ മാത്രം 95,760.49 കോടി രൂപ വരുന്ന 5,743 കേസുകളാണ് പൊതുമേഖലാ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയ റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പുകേസുകളാണ് റിസര്‍വ് ബാങ്കിന്റെ പക്കലുള്ളത്. അതില്‍ താഴെ തട്ടിപ്പ് മൂല്യമുള്ള കേസുകള്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യാറില്ല. അതുകൂടി കണക്കാക്കിയാല്‍, കേസുകളും തുകയും ഗണ്യമായി ഉയരും.

ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകളിന്മേല്‍ 963 കേസുകളില്‍ പ്രിവന്‍ഷന്‍ ഒഫ് മണി ലോന്‍ഡറിംഗ് ആക്ട് പ്രകാരവും 7,393 കേസുകളില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫേമ) പ്രകാരവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളുടെ എണ്ണവും മൂല്യവും
വര്‍ഷം തോറും കുതിച്ചുയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2008-09 ല്‍ പൊതുമേഖലാ ബാങ്കുകള്‍ നേരിട്ടത് 1,860 കോടി രൂപയുടെ തട്ടിപ്പുകേസുകളായിരുന്നു.

ബാങ്കിംഗ് തട്ടിപ്പുകള്‍ 13 വിഭാഗങ്ങളിലായാണ് കണക്കാക്കുന്നത്. ജെം ആന്‍ഡ് ജൂവലറി, മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രി, കാര്‍ഷികം, മീഡിയ, വ്യോമയാനം, സര്‍വീസ്, വ്യാപാരം, ചെക്ക് തട്ടിപ്പ്, ഐ.ടി., കയറ്റുമതി, സ്ഥിരനിക്ഷേപ തട്ടിപ്പ്, ഡിമാന്‍ഡ് ലോണ്‍, ലെറ്റര്‍ ഒഫ് കംഫര്‍ട്ട് എന്നിവയാണവ. സ്വകാര്യ ബാങ്കുകളുടെ സ്ഥിതി ഇക്കാര്യത്തില്‍ ഭേദമാണ്.

ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ 2,939 തട്ടിപ്പുകളാണ് എസ്.ബി.ഐ നേരിട്ടത്. തുക 25,416.75 കോടി. 225 തട്ടിപ്പുകള്‍ നേരിട്ട പി.എന്‍.ബി രണ്ടാം സ്ഥാനത്തുണ്ട്. 10,821.77 രൂപയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2018-19ലെ കണക്കുപ്രകാരം 9.34 ലക്ഷം കോടി രൂപയാണ്.

അതേസമയം, 2019 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രാജ്യത്തെ 27 ബാങ്കുകള്‍ രണ്ട് ലക്ഷം കോടിയിലേറെ രൂപ എഴുതിത്തള്ളി. 16 ബാങ്കുകള്‍ ചേര്‍ന്ന് എഴുതിത്തള്ളിയതാവട്ടെ ഇതില്‍ 1.77 ലക്ഷം കോടിയും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളാണ് കൂടുതലായി തട്ടിപ്പുകള്‍ ഇരയാവുന്നത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച ദേനാ ബാങ്കിന്റെയും വിജയ ബാങ്കിന്റെയും കിട്ടാക്കടങ്ങള്‍ കൂട്ടാതെയുള്ള കണക്കുകളാണിത്. ഇവ കൂടി ചേര്‍ത്താല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി അവശേഷിക്കുന്ന തുക വീണ്ടും കൂടും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയതില്‍ മുമ്പിലുള്ളത്. 61,663 കോടി രൂപയാണ് എസ്ബിഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയത്. 2018 സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 57.5 ശതമാനം അധികമാണിത്. 14,267 കോടിയുമായി കനറ ബാങ്കും 13,102 കോടിയുമായി ബാങ്ക് ഓഫ് ബറോഡയും പിറകിലുണ്ട്.

ബാങ്കുകള്‍ക്കുള്ള കിട്ടാക്കടങ്ങള്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ എഴുതിത്തള്ളാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കും. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണിത്. വായ്പാ തുകയ്ക്ക് അനുസൃതമായി ബാങ്കുകള്‍ നീക്കിവയ്ക്കുന്ന നിശ്ചിത സംഖ്യ ബാങ്കിന്റെ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഇതിലൂടെ സൗകര്യം ലഭിക്കുന്നുവെന്നതാണ് ഇങ്ങനെ എഴുതിത്തള്ളുന്നത് കൊണ്ടുള്ള മെച്ചം.

അതേസമയം, എഴുതിത്തള്ളുന്ന വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള നിയമപരമായ ശ്രമങ്ങള്‍ തുടരാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയും ചെയ്യും. ഇങ്ങനെ എവിടെ നിന്നെങ്കിലും വായ്പാ തിരിച്ചടവ് ലഭിക്കുകയാണെങ്കില്‍ അത് ആ സമയത്തെ ലാഭമായി അക്കൗണ്ടില്‍ വരവ് വയ്ക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയും ചെയ്യും.

അടുത്ത കാലത്താണ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന രീതി ബാങ്കുകളില്‍ സാര്‍വത്രികമായത്. 2018 സാമ്പത്തിക വര്‍ഷം 1.28 ലക്ഷം കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി പ്രഖ്യാപിച്ച് ഒഴിവാക്കി നല്‍കിയത്. ഇത്തവണ അത് 57 ശതമാനം വര്‍ധിച്ച് 2.06 ലക്ഷം കോടിയായി. 2017ല്‍ ഇത് 81,684 കോടിയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it