പിഎന്‍ബി വായ്പയിലൂടെ ഡിഎച്ച്എഫ്എല്‍ തട്ടിപ്പ് 3700 കോടിയുടേത്

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് (ഡിഎച്ച്എഫ്എല്‍) 3,688.58 കോടി രൂപ വായ്പ നല്‍കിയതിനു പിന്നില്‍ അടിമുടി തട്ടിപ്പു നടന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് സമ്മതിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ ആണ് രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാലാമത്തെ അഴിമതി ഏറ്റു പറഞ്ഞത്.

മുംബൈ കോര്‍പ്പറേറ്റ് ബ്രാഞ്ചിലെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടിലൂടെയാണ് ഡിഎച്ച്എഫ്എല്‍ കൃത്രിമ രേഖകള്‍ ഹാജരാക്കി വായ്പ വാങ്ങിയത്.നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനിയായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് നിലവില്‍ പാപ്പരത്ത നടപടികളിലാണ്.2018 ല്‍ ശതകോടീശ്വരന്‍ ജ്വല്ലറി ഉടമ നീരവ് മോദിയുമായി ബന്ധപ്പെട്ട 11,300 കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി നടന്ന ഏറ്റവും വലിയ അഴിമതി.

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഏകദേശം 73,500 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊത്തം വായ്പകളുടെ 14.21 ശതമാനമാണിപ്പോള്‍ എന്‍പിഎ. മുന്‍ പാദത്തില്‍ ഇത് 15.5 ശതമാനമായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് എന്നിവയുള്‍പ്പെടെ മറ്റ് ബാങ്കുകളും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സിന്റെ തട്ടിപ്പിനു വിധേയമായിരുന്നു.

യെസ് ബാങ്കില്‍ നിന്ന് കൃത്രിമ നടപടിക്രമങ്ങളിലൂടെ ഡിഎച്ച്എഫ്എല്‍ വായ്പ നേടി തട്ടിപ്പു നടത്തിയെന്ന കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍, ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായിരുന്ന കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവരുടെ 2,800 കോടി രൂപയിലേറെ മൂല്യം വരുന്ന ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിക്കഴിഞ്ഞു. പാപ്പരത്ത നടപടി നേരിട്ടുവരികയാണിപ്പോള്‍ ഡിഎച്ച്എഫ്എല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it