ശശിധര്‍ ജഗദീശന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഓ

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ സിഇഓ ആയി ശശിധര്‍ ജഗദീശന്‍ ചാര്‍ജ് എടുക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജിംഗ് ഡയറക്റ്ററും സിഇഓയുമായ ആദിത്യപുരിയുടെ പിന്മാറ്റത്തിനുശേഷം ശശിധറിന്റെ നിയമനം ആര്‍ബിഐയുടെ പരിഗണനയിലായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ബാങ്കിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.

സിഎന്‍ബിസിടിവി 18 ല്‍ഈ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ എച്ച്ഡിഎഫ്‌സി ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്നിട്ടുണ്ട്. കാല്‍നൂറ്റാണ്ടിലേറെ എച്ച്ഡിഎഫ്‌സിക്ക് വേണ്ടി പ്രയത്‌നിച്ച പുരി 70ാം വയസ്സിലാണ് എച്ച്ഡിഎഫ്‌സിയില്‍ നിന്നും പടിയിറങ്ങുന്നത്. സ്വകാര്യ ബാങ്ക് നേതൃത്വങ്ങള്‍ക്ക് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന റിട്ടയര്‍മെന്റ് പ്രായപരിധിയാണിത്.

കൊറോണ പ്രതിസന്ധിയുടെ പഞ്ചാത്തലത്തില്‍ അസറ്റ് ക്വാളിറ്റി, വായ്പാ വളര്‍ച്ച എന്നിവയില്‍ ശശിധര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതായി വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഫിനാന്‍സ് വിഭാഗം മാനേജര്‍ ആയി 1996 ല്‍ എച്ച്ഡിഎഫ്‌സിയില്‍ ചേര്‍ന്ന ശശിധര്‍ ഹ്യൂമന്‍ റിസോഴ്‌സ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്, കോര്‍പ്പറേറ്റ് റസ്‌പോണ്‍സിബിലിറ്റി എന്നീ വിഭാഗങ്ങളിലും മേധാവിയായിട്ടുണ്ട്. ഇപ്പോള്‍ ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണദ്ദേഹം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ബോര്‍ഡ് ആദിത്യ പുരിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ബോര്‍ഡ് അംഗങ്ങളായ എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ ശ്യാമള ഗോപിനാഥ്, സഞ്ജീവ് സച്ചാര്‍, എംഡി രംഗനാഥന്‍, സന്ദീപ് പരേഖ്, ശ്രീകാന്ത് നാദാമുനി, കെകി മിസ്ത്രി എന്നിവരടങ്ങുന്ന ആറ് അംഗ സമിതിയുടെ ഉപദേശകനായി പുരി പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ അദ്ദേഹം അറിയിച്ചിരുന്നു. ബാങ്ക് പുതിയ മേധാവിയെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it