പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ സാധ്യത: ആര്‍ ബി ഐ ഗവര്‍ണര്‍

'പണ നയ സമിതിയുടെ തീരുമാനങ്ങള്‍ ശരിയെന്നു തെളിയും'

പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ സാധ്യതയുള്ളതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പ നിരക്കിലെ ചലനങ്ങളും വിലയിരുത്തി ആവശ്യമുള്ളപ്പോള്‍ ആര്‍ ബി ഐ ഇതിനുള്ള നീക്കം നടത്തുമെന്ന് മുംബൈയില്‍ ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവില്‍ ഉദ്ഘാടന പ്രസംഗം നടത്തവേ അദ്ദേഹം പറഞ്ഞു.

ഘട്ടം ഘട്ടമായി പ്രധാന പലിശ നിരക്കില്‍ ആര്‍ ബി ഐ 135 ബേസിസ് പോയിന്റിന്റെ കുറവു വരുത്തിയിരുന്നു. എന്നാല്‍, പണ നയ സമിതി (എംപിസി) കഴിഞ്ഞ യോഗത്തില്‍ നിരക്ക് സ്ഥിരമായി നിലനിര്‍ത്താനാണു തീരുമാനിച്ചത്. ഫെബ്രുവരിയില്‍ എം പി സി നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വിപണികള്‍ ആശ്ചര്യപ്പെട്ടെങ്കിലും അത് ശരിയായ നടപടിയായിരുന്നുവെന്നു പിന്നീടു തെളിഞ്ഞതായി ദാസ് പറഞ്ഞു.

‘ഇത്തവണ, ഞങ്ങള്‍ നിരക്ക് കുറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. എം പി സിയുടെ ആ തീരുമാനവും ശരിയാണെന്ന് തെളിയിക്കുന്ന രീതിയില്‍ സംഭവങ്ങള്‍ ഉരുത്തിരിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ദാസ് കൂട്ടിച്ചേര്‍ത്തു. സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കുന്ന  നടപടികള്‍ സര്‍ക്കാരും ആര്‍ ബി ഐയും സ്വീകരിച്ചിട്ടുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളും വളര്‍ച്ചാ മുരടിപ്പിന് കാരണമാകുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here