റിപ്പോ നിരക്കില്‍ മാറ്റമില്ല; നവംബര്‍ വരെ നിലവിലെ പലിശ നിരക്ക് തുടരും

നിലവിലെ 4 ശതമാനം റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനവുമായി ആര്‍ബിഐ. ഇതു മൂലം അടുത്ത മൂന്നു മാസത്തേക്ക് പലിശ നിരക്ക് കുറയില്ല.കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുളള സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നല്കി വരുന്നത് 90 ശതമാനമായി ഉയര്‍ത്തി. 2021 മാര്‍ച്ച് 31 വരെ ഇതു തുടരും. കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു.
മെയില്‍ നടന്ന ധന നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 4 ശതമാനം ആയി നിരക്ക് മാറിയത്.മാര്‍ച്ചില്‍ കൊറോണ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചതുമുതല്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്ക് 1.15ശതമാനം(115 ബേസിസ് പോയന്റ്) താഴ്ന്നു.ഇത് റിപ്പോ അധിഷ്ഠിത ലോണുകളുടെ പലിശ നിരക്ക് കുറയാന്‍ സഹായകരമായി.വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചു. ഇക്കാരണങ്ങളാലാണ് നിരക്കുകളില്‍ തല്ക്കാലം മാറ്റംവരുത്തേണ്ടെന്ന് കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ധന നയ അവലോകന യോഗം തീരുമാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. മേയ് മാസത്തില്‍ റിവേഴ്സ് റിപ്പോ നിരക്ക് 155 ബിപിഎസ് കുറച്ച് 3.35 ശതമാനവുമാക്കിയിരുന്നു. ആര്‍ബിഐ വാണിജ്യ ബാങ്കുകളില്‍ നിന്ന് തിരികെ എടുക്കുന്ന വായ്പയാണ് റിവേഴ്സ് റിപ്പോ. 1 ബിപിഎസ് എന്നാല്‍ ഒരു ശതമാനം പോയിന്റിന്റെ നൂറിലൊന്ന്്.പ്രത്യേക വായ്പാ പദ്ധതിയുടെ ഭാഗമായി റെപ്പോ നിരക്കില്‍ 10000 കോടി രൂപ നബാര്‍ഡിന് നല്‍കും. ഭവന വായ്പാ മേഖലയുടെ ഉത്തേജനം ലക്ഷ്യമാക്കി നാഷണല്‍ ഹൗസിംഗ് ബാങ്കിന് 5000 കോടിയും നല്കാന് തീരുമാനമായിട്ടുണ്ട്.
ജിഡിപി വളര്‍ച്ച കുറയുന്ന പ്രവണത തല്ക്കാലം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. എന്നിരുന്നാലും, കോവിഡ് -19 പ്രതിസന്ധികള്‍ക്ക് ബദലായുള്ള വാര്‍ത്തകള്‍ ഈ സാഹചര്യത്തെ മാറ്റും. വേണ്ടത്ര ദ്രവ്യതയില്ലാതെ വായ്പാ നിരക്ക് കുറയ്ക്കല്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണലഭ്യത മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മറ്റ് മേഖലകളെയും പിന്തുണച്ചിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ആഭ്യന്തര ഭക്ഷ്യ വിലക്കയറ്റം സമ്പദ്വ്യവസ്ഥയിലുടനീളം ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്.രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയില്‍നിന്ന് നല്‍കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്ന നിരീക്ഷണമാണദ്ദേഹത്തിന്റേത്.എങ്കിലും പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നത് യഥാര്‍ത്ഥ വെല്ലുവിളി തന്നെയാണ്.ബാങ്ക് വായ്പകളുടെ നിഷ്ക്രിയ ആസ്തി അനുപാതം ഉയരുന്നതും ഭീഷണി തന്നെ. മൊത്തം എന്‍പിഎ 12.5 ശതമാനം വരെ ഉയര്‍ന്നേക്കാം.
നല്ല മഴക്കാലവും വിളകളുടെ വിതയ്ക്കലും കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നു ദാസ് ചൂണ്ടിക്കാട്ടി. ചുരുങ്ങലിന്റെ വേഗത കുറയുന്നുണ്ടെങ്കിലും തുടര്‍ച്ചയായ നാലാം മാസവും ചരക്ക് കയറ്റുമതി താഴ്ന്നതായി ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം ഉയരുമെന്ന് വായ്പാനയ സമിതി വിലയിരുത്തുമ്പോഴും അനുകൂലമായ അടിസ്ഥാന ഫലങ്ങളുടെ സഹായത്തോടെ ഇത് നിയന്ത്രിതമായേക്കുമെന്ന അഭിപ്രായവുമുണ്ട്. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1 ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് ധന നയ സമിതിയുടെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ ആര്‍ബിഐ പ്രത്യേക വായ്പാ നയം പ്രഖ്യാപിക്കും.മ്യച്വല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇതോടകം പണ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
സാമ്പത്തിക സുസ്ഥിരത വീണ്ടുടുക്കാന്‍ സഹായകമായ തീരുമാനങ്ങളാണ് ആര്‍ബിഐയുടേതെന്ന് കോട്ടക് മഹീന്ദ്ര ബാങ്കിലെ സീനിയര്‍ ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് അഭിപ്രായപ്പെട്ടു. റിപ്പോ നിരക്കു മാറ്റം വേണ്ടെന്ന തീരുമാനം നീതിപൂര്‍വകമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇക്കണോമിസ്റ്റ് ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണവിലയുടെ 90 % വരെ വായ്പ കിട്ടുമെന്നത് പൊതുവേ ഗുണകരമാകും, പ്രത്യേകിച്ചും വില ഉയരുമ്പോള്‍- ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline