ഇനിമുതൽ ഡിഡി എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ആർബിഐ  

ഡിമാൻഡ് ഡ്രാഫ്റ്റ് നൽകുമ്പോൾ അത് എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തിയിരിക്കണമെന്ന് ആർബിഐ. കള്ളപ്പണത്തിനെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സെപ്റ്റംബർ 15 മുതൽ ഡിമാൻഡ് ഡ്രാഫ്റ്റ്, പേ ഓർഡർ, ബാങ്കേഴ്സ് ചെക്ക് എന്നിവയിൽ അവ എടുക്കുന്ന വ്യക്തിയുടെ പേര് നിർബന്ധമായും രേഖപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.

നിലവിൽ ബാങ്കുകളിൽ നിന്ന് ഡിഡി എടുക്കുമ്പോൾ ആർക്കാണോ അയയ്ക്കുന്നത് ആ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരു മാത്രമേ രേഖപ്പെടുത്താറുള്ളൂ. എന്നാൽ സെപ്റ്റംബർ 15 മുതൽ 'പർച്ചേസറു'ടെ പേരു കൂടി ഉൾപ്പെടുത്തണം. ഡിഡി, പേ ഓർഡർ, ബാങ്കേഴ്സ് ചെക്ക് എന്നിവയുടെ മുൻ ഭാഗത്തുതന്നെ പേര് കാണിച്ചിരിക്കണം.

'പർച്ചേസറു' ടെ പേരോ മറ്റ് വിവരങ്ങളോ ഇല്ലാതെ നടക്കുന്ന ഇടപാടുകൾ കള്ളപ്പണ ഇടപാടുകളെ സഹായിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരമൊരു ചട്ടം കൊണ്ടുവരുന്നതെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ ഇടപാടുകളിലേയ്ക്ക് ആളുകളും സ്ഥാപനങ്ങളും മാറിയതോടെ ഡിഡിയുടെ പ്രസക്തി കുറഞ്ഞെങ്കിലും, തൊഴിലപേക്ഷകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇപ്പോഴും ഡിമാൻഡ് ഡ്രാഫ്റ്റുകൾ ഉപയോഗിക്കാറുണ്ട്.

ഏകദേശം 5000 ന് മുകളിൽ പണ തട്ടിപ്പ് കേസുകളാണ് 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ബാങ്കിംഗ് സേവനങ്ങളിലെ പഴുതുകൾ ഉപയോഗിച്ചുള്ളതാണ് എന്നതാണ് ആർബിഐയ്ക്ക് ആശങ്കയുണ്ടാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it