സിഎസ്ബി ഷെയര്‍ ലിസ്റ്റിംഗ് സമയക്രമം പാലിക്കാത്തതില്‍ നടപടിയുമായി ആര്‍.ബി.ഐ

നവംബര്‍ 22 ന് ഐ.പി.ഒ തുടങ്ങാനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയ സിഎസ്ബി ബാങ്ക് ഓഹരി ലിസ്റ്റിംഗ് സംബന്ധിച്ച നിശ്ചിത സമയക്രമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം. ഇക്കാരണത്താല്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ സി.വി.ആര്‍. രാജേന്ദ്രന്റെ പ്രതിഫലം മരവിപ്പിച്ച് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഉത്തരവായി. പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള അനുമതി പിന്‍വലിക്കുകയും ചെയ്തതായി ഓണ്‍ലൈന്‍ സാമ്പത്തിക മാധ്യമമായ 'ബിസിനസ് ബെഞ്ച്മാര്‍ക്ക്.ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ (മുന്‍പ് കാത്തലിക് സിറിയന്‍ ബാങ്ക്) പോസ്റ്റ് ഇഷ്യു ഷെയര്‍ ക്യാപിറ്റലില്‍ 51 ശതമാനം വരെ ഓഹരികള്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമാക്കാന്‍ ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സിന് (എഫ്‌ഐഎച്ച്എം) ഒരു വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് അനുമതി അനുമതിയിരുന്നു. അതനുസരിച്ച് 2019 സെപ്റ്റംബര്‍ 30 നകം ബിഎസ്ഇയിലും എന്‍എസ്ഇയിലുമുള്ള ഷെയര്‍ ലിസ്റ്റിംഗ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 19 ന് 11 ദിവസം സമയം മാത്രം ബാക്കി നില്‍ക്കെ ലിസ്റ്റിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള തീയതി 2020 ജനുവരി 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് സിഎസ്ബി കത്തെഴുതി. അക്കാര്യത്തില്‍ പക്ഷേ, റിസര്‍വ് ബാങ്ക് വിസമ്മതമാണ് രേഖപ്പെടുത്തിയത്.

സിഎസ്ബിയുടെ മൂലധന പരിമിതികളും ഓഹരി ലിസ്റ്റിംഗിലെ അനിശ്ചിതത്വവും മൂലം 2015 ജനുവരിയില്‍ തന്നെ റിസര്‍വ് ബാങ്ക് പുതിയ ശാഖകള്‍ തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും 10 ശാഖകള്‍ തുറക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് സോപാധിക അനുമതി നേടാന്‍ ബാങ്കിന് പിന്നീടു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുതിയ സംഭവ വികാസത്തോടെ അതിനും വിലക്കു വന്നിരിക്കുകയാണ്.

ഇതിനിടെ ബാങ്കിന്റെ പ്രൊമോട്ടറായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സയ്ക്ക് വന്‍ ഓഹരി പങ്കാളിത്തമുള്ള ഐഐഎഫ്എല്‍, തോമസ് കുക്ക് ഇന്ത്യ എന്നിവയുമായി സിഎസ്ബി ബാങ്കിന് ബിസിനസ്സ് നടത്താന്‍ കഴിയുമോ എന്നതിനെക്കുറിച്ച് സിഎസ്ബി ബാങ്ക് റിസര്‍വ് ബാങ്കില്‍ നിന്ന് വ്യക്തത തേടിയിട്ടുള്ളതായി മാനേജിംഗ് ഡയറക്ടര്‍ സിവിആര്‍ രാജേന്ദ്രന്‍ അറിയിച്ചു.

ബ്രോക്കിംഗ്, എന്‍ബിഎഫ്സി, ഹൗസിംഗ് ഫിനാന്‍സ്, വെല്‍ത്ത് മാനേജ്മെന്റ്, ഇക്വിറ്റികള്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ഇന്‍ഷുറന്‍സ് വിതരണം തുടങ്ങി നിരവധി ധനകാര്യ സേവനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ഐഐഎഫ്എല്ലിന്റെ 35 ശതമാനം ഓഹരികള്‍ വാട്‌സയുടെ ഉടമസ്ഥതയിലാണ്. തോമസ് കുക്ക് ഇന്ത്യയില്‍ 77 ശതമാനം ഓഹരികളുമുണ്ട്, ഇന്ത്യന്‍ വംശജനായ പ്രേം വാട്‌സയ്ക്ക്. ഈ കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ബിക്ക് ധാരാളം ബിസിനസ് സാധ്യതകള്‍ ഉള്ളതായി സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.

22 മുതല്‍ 26 വരെയാണ് സിഎസ്ബിയുടെ ആദ്യ ഓഹരി വില്‍പന (ഐപിഒ). 193 - 195 രൂപ നിലവാരത്തില്‍ ഓഹരി വിറ്റ് 410 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകര്‍, 75 ഓഹരികള്‍ക്കോ അതിന്റെ ഗുണിതങ്ങള്‍ക്കോ ആയി അപേക്ഷിക്കണം. നിലവിലെ ഓഹരിയുടമകള്‍ 1.97 കോടി ഓഹരികള്‍ വില്‍ക്കും. ഇതുവഴി 385 കോടി രൂപയാണു ലക്ഷ്യം. മുഖവില 10 രൂപ വരുന്ന പുതിയ ഓഹരികള്‍ പുറത്തിറക്കി 24 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമുണ്ട്.

നിലവിലെ ഓഹരിയുടമകളായ എച്ച്ഡിഎഫ്‌സി ലൈഫ്, റിലയന്‍സ് നിപ്പോണ്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മൊത്തത്തില്‍ 6 ശതമാനത്തോളവും ഫെഡറല്‍ ബാങ്ക് 1.68 ശതമാനവും ഓഹരി വിറ്റഴിച്ച് ഓഹരി പങ്കാളിത്തത്തില്‍നിന്നു മാറുകയാണെന്ന് സിഎസ്ബി അറിയിച്ചിരുന്നു. ഐപിഒ നടക്കുന്നതോടെ പ്രമോട്ടര്‍ ഗ്രൂപ്പായ ഫെയര്‍ഫാക്‌സിന്റെ ഓഹരി പങ്കാളിത്തം 50.09 ശതമാനത്തില്‍നിന്ന് 49.73% ആയി താഴും. റിസര്‍വ് ബാങ്ക് നിബന്ധനപ്രകാരം 5 വര്‍ഷത്തിനകം അവരുടെ പങ്കാളിത്തം 40% ആയും 15 വര്‍ഷത്തിനകം 15 % ആയും കുറയ്‌ക്കേണ്ടതുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it