2000 രൂപാ നോട്ട് അച്ചടി നിര്‍ത്തി: ആര്‍.ബി.ഐ

2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു. ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന്
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ ആര്‍.ബി.ഐ രേഖയില്‍ പറയുന്നു.

2016 നവംബര്‍ 8ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപാ നോട്ട് വിപണിയിലെത്തിച്ചത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന പ്രചാരണം ഈയിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.അതേസമയം, അതു വ്യാജ വാര്‍ത്തയാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

എടിഎമ്മുകളില്‍ നിന്ന് 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് പത്രം ഇതു സംബന്ധിച്ച അന്വേഷണത്തിനു മുതിര്‍ന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍ ബി ഐ രേഖകള്‍ വ്യക്തമാക്കുന്നു.

അനധികൃതമായി സൂക്ഷിക്കുന്ന കോടിക്കണക്കിനു രൂപ മൂല്യം വരുന്ന 2000 രൂപാ നോട്ട് കെട്ടുകള്‍ പലയിടത്തും പിടിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകള്‍ കുറയുമെന്ന് ഇതിന്റെ അനുബന്ധമായി ന്യായീകരണവും ഉയര്‍ന്നുവന്നിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്ലാതായാല്‍ നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമാകുമെന്ന വിലയിരുത്തലുമുണ്ട്.അച്ചടി പുനരാരംഭിക്കാത്തപക്ഷം, ഫലത്തില്‍ 2000 ന്റെ നോട്ട് പിന്‍വലിച്ച സ്ഥിതിയാകും കാലക്രമേണയുണ്ടാവുക

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it