ഇനി നെഫ്റ്റ് ഇടപാടുകൾക്ക് സമയം നോക്കേണ്ട, വലിയ മാറ്റം പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്തെ പ്രധാന ഓൺലൈൻ പേയ്മെന്റ് സംവിധാനമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) മുഴുവൻ സമയവും ലഭ്യമാക്കാൻ ആർബിഐ തീരുമാനം. ഓൺലൈൻ ഫണ്ട് കൈമാറ്റത്തിന് ലക്ഷക്കണക്കിന് ഉപയോക്‌താക്കൾ ആശ്രയിക്കുന്ന നെഫ്റ്റ്, 2019 ഡിസംബർ മുതൽ 24 മണിക്കൂറും പ്രവർത്തിക്കും.

നിലവിൽ നെഫ്റ്റ് വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ, ബാങ്ക് പ്രവർത്തന സമയത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകീട്ട് 7 മണി വരെ മാത്രമാണ് ഇപ്പോൾ നെഫ്റ്റ് വഴി ഇടപാട് നടത്താൻ കഴിയുക.

ബുധനാഴ്ച പുറത്തിറക്കിയ RBI’s Payment System Vision 2021 ലാണ് ഈ നിർദേശങ്ങൾ ഉള്ളത്. ആർടിജിഎസ്, നെഫ്റ്റ് പേയ്മെന്റുകൾക്ക് ബാങ്കുകളുടെ പക്കൽ നിന്ന് ഈടാക്കിയിരുന്ന അധിക ചാർജ് ഈയിടെ ആർബിഐ എടുത്തുകളഞ്ഞിരുന്നു.

പകരം ഉപഭോക്താക്കളിൽ നിന്ന് ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന തുക ബാങ്കുകളും വേണ്ടെന്ന് വെക്കണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. അടുത്തിടെ ആർടിജിഎസ് ഇടപാടുകൾക്ക് ഒന്നര മണിക്കൂർ അധികം സമയം ആർബിഐ അനുവദിക്കുകയും ചെയ്തിരുന്നു.

ഇതുകൂടാതെ ബാങ്ക് തട്ടിപ്പുകൾ നിരീക്ഷിക്കാൻ ഒരു 'Central Payment Fraud Registry' രൂപീകരിക്കും. പേയ്മെന്റ് സിസ്റ്റം കമ്പനികൾക്ക് ഈ രെജിസ്ട്രിയിൽ ആക്സസ് ഉണ്ടായിരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it