ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറപ്പിക്കാന്‍ ആര്‍ബിഐ

റിവേഴ്സ് റിപ്പോ നിരക്ക് താഴ്ന്നതോടെ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ നിര്‍ബന്ധിതമായ ബാങ്കിംഗ് മേഖലയെ സഹായിക്കാന്‍ പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) ഉള്‍പ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ ഈ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും സമ്മര്‍ദ്ദം ശക്തമാകുന്നതായും സൂചനയുണ്ട്.

നിലവില്‍, ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക്. ചെറുകിട സമ്പാദ്യങ്ങള്‍ക്ക് 7.6 ശതമാനം മുതല്‍ 8.7 ശതമാനം വരെയും. രാജ്യത്ത് സാമ്പത്തിക മാന്ദ്യവും അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയും കുറച്ച് ജനരോഷമുണ്ടാക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നാണ് പ്രാഥമിക സൂചന.റിസര്‍വ് ബാങ്ക് ഇതിനായുള്ള താല്‍പ്പര്യം മുമ്പും പ്രകടിപ്പിച്ചിരുന്നു. ഓരോ ത്രൈമാസത്തിലും കേന്ദ്രസര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ പുനഃപരിശോധിക്കാറുണ്ട്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പലിശ നിലനിറുത്താനായിരുന്നു തീരുമാനം. അടുത്ത യോഗം ജനുവരി ഒന്നിനാണ്.

ഈ വര്‍ഷം തുടര്‍ച്ചയായ അഞ്ചു തവണകളിലായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും റിവേഴ്സ് റിപ്പോയും കുറച്ചിരുന്നു. റിപ്പോ 1.35 ശതമാനം കുറഞ്ഞതിനാല്‍ ബാങ്കുകള്‍ വായ്പാ പലിശയുടെ അടിസ്ഥാന നിരക്കായ എം.സി.എല്‍.ആറും വെട്ടിക്കുറച്ചു. ഇതോടെ, വായ്പാ ഡിമാന്‍ഡ് ഉയര്‍ന്നു. അതേസമയം, റിവേഴ്സ് റിപ്പോ കുറഞ്ഞ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശയും കുറച്ചിരുന്നു. രണ്ട് - മൂന്ന് വര്‍ഷ സ്ഥിരനിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ 0.55 ശതമാനം കുറച്ച് 6.25 ശതമാനമാക്കി. പലിശ കുറഞ്ഞതിനാല്‍, ബാങ്ക് നിക്ഷേപങ്ങള്‍ അനാകര്‍ഷകമായി.എന്നാല്‍, താരതമ്യേന ഉയര്‍ന്ന നിരക്കുള്ളതിനാല്‍ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് നല്ല പ്രിയമുണ്ട്. മാത്രമല്ല, നികുതിയിളവുകളും അനുകൂല ഘടകമാണ്.

അഞ്ചു വര്‍ഷത്തെക്കുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമില്‍ 7.7 % നിരക്കില്‍ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്‌സ് സ്‌കീമില്‍ 8.7% വരും നിരക്ക്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് (എന്‍.എസ്.സി) 7.9% . പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) : 7.9%, കിസാന്‍ വികാസ് പത്ര : 7.6% (മെച്യൂരിറ്റി കാലാവധി 113 മാസം), സുകന്യ സമൃദ്ധി : 8.4% (നിക്ഷേപ കാലാവധി 5 വര്‍ഷം) എന്നിങ്ങനെയാണ് മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിരക്ക്.

ഈവര്‍ഷം ഇതുവരെ ബാങ്ക് നിക്ഷേപ പലിശ ശരാശരി 0.50 ശതമാനം കുറഞ്ഞു. ഇത് ബാങ്ക് നിക്ഷേപങ്ങളെ അനാകര്‍ഷകമാക്കി. ഇനിയും പലിശ കുറച്ചാല്‍, ഉപഭോക്താക്കള്‍ ബാങ്കുകളെ കൈവിട്ട് ഉയര്‍ന്ന പലിശ കിട്ടുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് നീങ്ങുമെന്ന ആശങ്കയുണ്ട് ബാങ്കുകള്‍ക്ക്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍, ഈ തിരിച്ചടി ഒഴിവാക്കാമെന്നാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.

ഏറെ ജനപ്രിയമായി പി.പി.എഫ് അക്കൗണ്ട്

സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞ ചെറുകിട സമ്പാദ്യ പദ്ധതിയാണിപ്പോള്‍ പി.പി.എഫ് അക്കൗണ്ട്. ഈ അക്കൗണ്ട് തുറക്കുന്നതിനു പ്രായ പരിധിയില്ല. വെറും 500 രൂപയില്‍ നിന്നു വരെ തുടങ്ങാം നിക്ഷേപം. ബാങ്കിലോ പോസ്റ്റാഫീസിലോ പോയി ഈ പദ്ധതിയില്‍ ചേരാന്‍ കഴിയും. ഒരു വര്‍ഷം മൊത്തം ഒന്നര ലക്ഷം വരെ പരമാവധി നിക്ഷേപിക്കാം. പതിനഞ്ച് വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപിച്ചതിന്റെ എഴാം വര്‍ഷം മുതല്‍ ഭാഗികമായി പി.പി.എഫില്‍ നിന്ന് തുക പിന്‍വലിക്കാം.

പതിനഞ്ച് വര്‍ഷത്തെ കാലാവധിയെ ലോക്ക് ഇന്‍ പിരിയഡ് എന്ന് വിളിക്കും. എന്നാല്‍, ഒരോ വര്‍ഷവും നിക്ഷേപത്തിന് മേലുള്ള പലിശയും അതിന്മേലുള്ള പലിശയും ലഭിക്കുന്നതിനാല്‍ തുക ഗണ്യമായി വര്‍ദ്ധിക്കും. ഉദാഹരണത്തിന് 1,50,000 രൂപ വെച്ച് എല്ലാ വര്‍ഷവും 15 വര്‍ഷത്തേക്ക് ശരാശരി 7.9 ശതമാനം പലിശയ്ക്ക് പി.പി.എഫില്‍ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 43,60,517 രൂപ തിരികെ ലഭിക്കും. ഒന്നര ലക്ഷം വെച്ച് 15 വാര്‍ഷിക തവണകളായി മൊത്തം ഇടുന്നത് 22,50,000 മാത്രമെങ്കില്‍ കിട്ടുന്നത് 43,60,517 രൂപ. പലിശയായി 21,10,517 ലഭിക്കുന്നു.

കോടതികള്‍ക്ക് പോലും പി.പി.എഫ് തുക കണ്ടുകെട്ടാനാകില്ല.ഈ തുകയ്ക്ക് നികുതി നല്‍കേണ്ട. എല്ലാ വര്‍ഷവും നിക്ഷേപിക്കുന്ന തുകയ്ക്ക് (പരമാവധി 1,50,000 ) പൂര്‍ണ്ണമായും ഇന്‍കം ടാക്‌സ് സെക്ഷന്‍ 80 സിയുടെ പരിധിയില്‍ നികുതിയിളവും ലഭിക്കും.

അക്കൗണ്ട് മുടങ്ങി പോകാതിരിക്കാന്‍ എല്ലാ വര്‍ഷവും കുറഞ്ഞത് 500 രൂപയുടെ നിക്ഷേപമെങ്കിലും നടത്തണം. ഒന്നുകില്‍ ഒരുമിച്ച് ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം അല്ലെങ്കില്‍ വര്‍ഷം 12 തവണകളായി ഒന്നര ലക്ഷം ആകുന്നത് വരയോ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ തുകയോ നിക്ഷേപിക്കാം.

ഇനി പതിനഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായാലും ഒരോ അഞ്ച് വര്‍ഷത്തെ ഘട്ടങ്ങളായി നിക്ഷേപ പദ്ധതിയില്‍ തുടരാം. പി പി എഫിന്റെ പലിശ നിര്‍ണ്ണയിക്കന്നതും ഇതിന്റെ മേല്‍നോട്ടവും ഭാരത സര്‍ക്കാരായതിനാല്‍ പി.പി.എഫ് തികച്ചും സുരക്ഷിത നിക്ഷേപമാണെന്ന് സംശയമില്ലാതെ പറയാം.

നിക്ഷേപകര്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ചികിത്സാ ചെലവിന് വേണ്ടി പണം വേണമെങ്കില്‍ അഞ്ചാം വര്‍ഷത്തില്‍ മൊത്തമായും പലിശയുടെ മേല്‍ പിഴ നല്‍കിയും നിക്ഷേപം പിന്‍വലിക്കാം. ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും തുക അഞ്ചാം വര്‍ഷത്തില്‍ പിന്‍വലിക്കാം. മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ നിക്ഷേപിച്ച തുകയുടെ മുകളില്‍ വായ്പയും ലഭിക്കും.നിക്ഷേപകന് അക്കൗണ്ടില്‍ നോമിനിയെ നിയമിക്കാനും കഴിയും. മരണപ്പെട്ടാല്‍ തുക മൊത്തമായും നോമിനിയുടെ കൈയില്‍ വന്ന് ചേരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it