ഈ ആപ്പ് നിങ്ങളുടെ ബാങ്ക് എക്കൗണ്ട് കാലിയാക്കും, യുപിഐ വഴി പുതിയ തട്ടിപ്പ്

ഇതുസംബന്ധിച്ച് റി​സ​ർ​വ് ബാങ്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം നൽകിയിട്ടുണ്ട്. ഒടിപി ഒന്നും ചോദിക്കാതെ തന്നെ സ്മാർട്ട് ഫോണിൽ നിന്ന് ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് പുതിയ രീതി.

Smartphone

യുപിഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫൈഡ് പേമെന്റ് ഇന്റർഫേസിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ പണത്തട്ടിപ്പിനെതിരെ റിസർവ് ബാങ്ക് ഈയിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടിപി ഒന്നും ചോദിക്കാതെ തന്നെ സ്മാർട്ട് ഫോണിൽ നിന്ന് ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് പുതിയ രീതി.

ഈ രീതിയിൽ ഒരാളുടെ ബാങ്ക് എക്കൗണ്ട് അപ്പാടെ കാലിയാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുമെന്നതാണ് റിസർവ് ബാങ്കിനെയും ബാങ്കുകളേയും ആശയക്കുഴപ്പത്തിലാക്കുന്നത്. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ച മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമാണ് യുപിഐ.

പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ. ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും.

തട്ടിപ്പ് ഇങ്ങനെ

  • ഉപഭോക്താവിനെ ‘എനി ഡെസ്ക്’ (AnyDesk) എന്ന ഒരു മൊബീൽ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കും.
  • ഒരിക്കൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഹാക്കർ മാർക്ക് ഫോണിനെ നിയന്ത്രിക്കാൻ സാധിക്കും. ആപ്പ് ഡൗൺലോഡ് ആകുമ്പോൾ ജനറേറ്റ് ചെയ്യപ്പെടുന്ന ഒരു 9-ഡിജിറ്റ് കോഡുപയോഗിച്ചാണ് അവർ ഫോണിനെ നിയന്ത്രിക്കുക.
  • ഈ ആപ്പ്-കോഡ് ഹാക്കർ അവരുടെ ഫോണിലോ/ഡിവൈസിലോ ഇൻസർട്ട് ചെയ്തു കഴിഞ്ഞാൽ ഉപഭോക്താവിനോട് ചില ആപ്പ് പെർമിഷനുകൾ ചോദിക്കും. ഇത് മറ്റ് ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷനുകൾക്ക് സമാനമായിരിക്കും.
  • ഈ പെർമിഷനുകൾ നല്കിക്കഴിഞ്ഞാൽ പിന്നീട് തട്ടിപ്പുകാർക്ക് നിങ്ങളുടെ മൊബീൽ ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ച് എന്ത് ഇടപാടുകളും നടത്താൻ സാധിക്കും.

ആർബിഐ ഇതുസംബന്ധിച്ച് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരമൊരു തട്ടിപ്പ് ബാങ്ക് എക്കൗണ്ട് ഹോൾഡർമാരുടെ കോടിക്കണക്കിന് രൂപ അപകടത്തിലാക്കുമെന്ന് ബാങ്കുകൾക്ക് അയച്ച കത്തിൽ ആർബിഐ പറയുന്നു.

ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഇമെയിൽ, എസ്എംഎസ് വഴിയും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം റിമോട്ട് കണ്ട്രോൾ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ്സ്റ്റോറിൽ നിന്നോ ഡൗണ്ലോഡ് ചെയ്യരുതെന്നും യാതൊരു രീതിയിലുള്ള സെക്യൂരിറ്റി കോഡുകൾ ആരുമായും ഷെയർ ചെയ്യരുതെന്നും ബാങ്കുകൾ സന്ദേശത്തിൽ പറയുന്നു.

2019 ജനുവരിയിലെ കണക്കുകൾ അനുസരിച്ച് യുപിഐ വഴിയുള്ള ഇടപാടുകൾ കഴിഞ്ഞ വർഷത്തേക്കാൾ 8.47 ഉയർന്ന് 10,900 കോടി രൂപയിൽ എത്തിയിരുന്നു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

LEAVE A REPLY

Please enter your comment!
Please enter your name here