എസ് ബി അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന പരിഷ്‌കരിക്കും: ആര്‍ ബി ഐ

സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് നിബന്ധനകള്‍ പുന:പരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കി വരുന്ന പിഴയുടെ കാര്യത്തിലും പരിഷ്‌കരണം വരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

2015 ജൂലൈ ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാല്‍, നിലവില്‍ മിനിമം ബാലന്‍സ് വിവിധ ബാങ്കുകളില്‍ വിവിധ തരത്തിലാണ്. മിനിമം ബാലന്‍സ് ഇല്ലാതെവരുമ്പോള്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖ ബാങ്കുകള്‍ ഈയിനത്തില്‍ 10,000 കോടിയോളം രൂപ കിഴിച്ചു. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും പിഴയീടാക്കി. മൊത്തം 9721.94 കോടി രൂപ.

റിസര്‍വ്ബാങ്ക് മാര്‍ഗരേഖപ്രകാരം ജന്‍ധന്‍ അക്കൗണ്ടുകളുള്‍പ്പെടെയുള്ള ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലന്‍സ് വേണ്ട. മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ 35.27 കോടി . ബാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകളിലാണ് വിവിധ സേവനങ്ങള്‍ക്കു പണം ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുള്ളത്.

എസ്.ബി.ഐ. 2017 ജൂണില്‍ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക അയ്യായിരമായിരിക്കണമെന്ന നിബന്ധന നടപ്പാക്കി. ആ വര്‍ഷം ഏപ്രില്‍-നവംബറില്‍ പിഴ ചുമത്തിയത് 1771 കോടി രൂപ. ഇതിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നതോടെ മിനിമം തുക മെട്രോനഗരങ്ങളില്‍ 3000 ആയും സെമി അര്‍ബന്‍ കേന്ദ്രങ്ങളില്‍ 2000 ആയും ഗ്രാമീണ മേഖലകളില്‍ 1000 ആയും കുറച്ചു.നികുതിയുള്‍പ്പെടാതെയുള്ള പിഴ 10 രൂപ മുതല്‍ 100 രൂപവരെയാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it